സഞ്ചാരികള്‍ക്കൊപ്പം ബഹിരാകാശത്തെത്തിയ ദിനോസര്‍
ഇത്തരം കളിപ്പാട്ടങ്ങള്‍ നേരത്തെയും ബഹിരാകാശ യാത്രകളുടെ ഭാഗമാകാറുണ്ട്. അവക്ക് ഒറ്റനോട്ടത്തിലെ കൗതുകത്തിനപ്പുറം മറ്റു ചില ദൗത്യങ്ങള്‍ കൂടിയുണ്ട്...
മനുഷ്യനെ ബഹിരാകാശത്തെത്തിക്കുന്ന ആദ്യ സ്വകാര്യ കമ്പനിയെന്ന നേട്ടം കഴിഞ്ഞ ദിവസമാണ് എലോണ്‍ മസ്‌കിന്റെ സ്‌പേസ് എക്‌സ് സ്വന്തമാക്കിയത്. നാസയുടെ ബോബ് ബെന്‍കനും ഡഗ് ഹര്‍ലിയുമായിരുന്നു യാത്രികര്‍. ഇവര്‍ക്കൊപ്പം ഒരു കുഞ്ഞു ദിനോസറും ബഹിരാകാശത്തെത്തിയിട്ടുണ്ട്. ഇത്തരം കുഞ്ഞുകളിപ്പാട്ടങ്ങള്‍ക്ക് ബഹിരാകാശ യാത്രകളില്‍ അവയുടേതായ ദൗത്യവുമുണ്ട്.
ബെന്‍കനും ഹര്‍ലിക്കും ഓരോ ആണ്‍കുഞ്ഞുങ്ങളാണുള്ളത്. ഇരുവരുടേയും മക്കള്‍ ദിനോസര്‍ പ്രേമികളുമാണ്. പലതരത്തിലുള്ള ദിനോസര്‍ കളിപ്പാട്ടങ്ങളുടെ ശേഖരം തന്നെ ഇരുവര്‍ക്കുമുണ്ട്. തങ്ങളുടെ ദിനോസര്‍ ശേഖരത്തിലെ അപാറ്റോസോറസ് വിഭാഗത്തില്‍ പെട്ട ദിനോസറിനെയാണ് ബെന്‍കനും ഹര്‍ലിക്കുമൊപ്പം ബഹിരാകാശ യാത്രക്ക് കൂട്ടുപോകാന്‍ ഇവര്‍ തെരഞ്ഞെടുത്തത്.
ബഹിരാകാശത്ത് എത്തുമ്പോള്‍ ഞങ്ങള്‍ക്ക് ചുറ്റും അവരുടെ കളിപ്പാട്ടം പറന്നു നടക്കുന്നത് കാണുന്നത് മക്കള്‍ക്ക് എത്ര സന്തോഷമായിരിക്കും എന്നാണ് ബെന്‍കന്‍ ഇതേക്കുറിച്ച് പറഞ്ഞത്. ബഹിരാകാശ യാത്രക്കുള്ള ഒരുക്കങ്ങള്‍ക്കിടെ തന്നെ ഈ കുഞ്ഞു ദിനോസര്‍ ഏവരുടേയും ശ്രദ്ധയില്‍ പെട്ടിരുന്നു. വൈകാതെ 25 ഡോളര്‍ വിലയിട്ടെ ഈ കളിപ്പാട്ടം സ്‌പേസ് എക്‌സിന്റെ സ്‌റ്റോറില്‍ പ്രത്യക്ഷപ്പെടുകയും ചെയ്തു.
മനുഷ്യന്റെ ബഹിരാകാശ യാത്രകളില്‍ ഇത്തരം കളിപ്പാട്ടങ്ങള്‍ കൂട്ടുപോവുക പതിവാണ്. ഈ കളിപ്പാട്ടങ്ങള്‍ അന്തരീക്ഷത്തില്‍ പറന്നു നടക്കുന്നത് കാണുമ്പോള്‍ യാത്രികര്‍ക്ക് തങ്ങള്‍ ഭൂമിയുടെ ഗുരുത്വാകര്‍ഷണ വലയത്തിന് പുറത്തെത്തിയെന്ന് തിരിച്ചറിയാനാകും. മനുഷ്യരില്ലാത്ത ബഹിരാകാശ യാത്രകളിലും ഇത്തരം കളിപ്പാട്ടങ്ങള്‍ ഉപയോഗിക്കാറുണ്ട്.
2019 മാര്‍ച്ചില്‍ അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലേക്കുള്ള യാത്രക്ക് മുമ്പ് 'എര്‍ത്തി' അഥവാ കുഞ്ഞു ഭൂമി എന്ന് പേരിട്ട ചെറിയൊരു ഭൂമിയുടെ പതിപ്പ് എലോണ്‍ മസ്‌ക് ട്വീറ്റു ചെയ്തിരുന്നു. എര്‍ത്തി വൈകാതെ വന്‍ ഹിറ്റായി മാറുകയും ചെയ്തു. അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലേക്ക് ചരക്കെത്തിച്ച ക്രു ഡ്രാഗണ്‍ ഭൂമിയിലേക്ക് തിരിച്ചെത്തിയെങ്കിലും എര്‍ത്തിയെ ബഹിരാകാശ നിലയത്തില്‍ സൂക്ഷിച്ചു.