ചൈനീസ് ആപ്പുകളെ എടുത്തുകളയുന്ന ഇന്ത്യന്‍ ആപ്പിനെ പിന്‍വലിച്ച് ഗൂഗിള്‍

വിദ്യാഭ്യാസ ആവശ്യത്തിന് എന്ന വിഭാഗത്തിലാണ് പെടുത്തിയിരുന്നതെങ്കിലും ചൈനയില്‍ നിന്നുള്ള ആപ്പുകളെ കണ്ടെത്തി പട്ടിക തയ്യാറാക്കുകയാണ് ഈ ആപ്ലിക്കേഷന്‍ ചെയ്തിരുന്നത്...

Update: 2020-06-03 12:12 GMT
Advertising

റിമൂവ് ചൈന ആപ്‌സ് എന്ന ആപ്ലിക്കേഷനെതിരെ നടപടിയെടുത്ത് ഗൂഗിള്‍. ചൈനീസ് മൊബൈല്‍ ആപ്ലിക്കേഷനുകളെ തിരിച്ചറിയാനും അണ്‍ പബ്ലിഷ് ചെയ്യാനും സഹായിക്കുന്നത് എന്ന രീതിയില്‍ പ്രചരിച്ച ആപ്ലിക്കേഷനാണ് റിമൂവ് ചൈന ആപ്. ജയ്പൂര്‍ ആസ്ഥാനമായുള്ള ഡെവലപ്പര്‍മാരാണ് ഈ ആപ്ലിക്കേഷന് പിന്നില്‍.

തങ്ങളുടെ നയങ്ങള്‍ക്ക് വിരുദ്ധമായി പ്രവര്‍ത്തിക്കുന്നുവെന്ന കാരണം ചൂണ്ടിക്കാണിച്ചാണ് പ്ലേ സ്റ്റോറില്‍ നിന്നും ആപ്പിനെ ചൈന എടുത്തു മാറ്റിയിരിക്കുന്നത്. ഇന്ത്യയും ചൈനയും തമ്മില്‍ ലഡാക്ക് ഭാഗത്ത് അതിര്‍ത്തി തര്‍ക്കം രൂക്ഷമായിരിക്കുന്ന സാഹചര്യത്തിലാണ് റിമൂവ് ചൈന ആപ്പ് പ്ലേസ്റ്റോറിലെത്തിയത്. ടിക് ടോക് യുട്യൂബ് ആരാധകര്‍ തമ്മില്‍ സോഷ്യല്‍മീഡിയയില്‍ നടന്നുകൊണ്ടിരിക്കുന്ന 'സോഷ്യല്‍മീഡിയ യുദ്ധ'വും ഈ ആപ്ലിക്കേഷന്റെ പ്രചാരം കൂട്ടി. അമ്പത് ലക്ഷത്തിലേറെ പേര് ഈ ആപ്ലിക്കേഷന്‍ ഡൗണ്‍ലോഡ് ചെയ്യുകയും ചെയ്തിരുന്നു.

തങ്ങളുടെ നയങ്ങള്‍ക്ക് വിരുദ്ധമായി പ്രവര്‍ത്തിച്ചുവെന്ന് ബോധ്യപ്പെട്ടതുകൊണ്ടാണ് ആപ്ലിക്കേഷന്‍ പ്ലേ സ്റ്റോറില്‍ നിന്നും നീക്കിയതെന്ന് ഗൂഗിള്‍ വക്താവിനെ ഉദ്ധരിച്ച് വാര്‍ത്താ ഏജന്‍സി റോയിട്ടേഴ്‌സ് റിപ്പോര്‍ട്ടു ചെയ്തു. ആപ്ലിക്കേഷന്റെ ഡെവലപ്പര്‍മാരും വാര്‍ത്ത സ്ഥിരീകരിച്ചിട്ടുണ്ട്. പ്ലേ സ്റ്റോറില്‍ ചുരുങ്ങിയ ദിവസം കൊണ്ട് ജനപ്രീതി നേടിയ റിമൂവ് ചൈന ആപ് സൗജന്യ ആപ്ലിക്കേഷനുകളില്‍ മുന്നിലെത്തിയിരുന്നു.

വിദ്യാഭ്യാസ ആവശ്യത്തിന് എന്ന വിഭാഗത്തിലാണ് പെടുത്തിയിരുന്നതെങ്കിലും ചൈനയില്‍ നിന്നുള്ള ആപ്പുകളെ കണ്ടെത്തി പട്ടിക തയ്യാറാക്കുകയാണ് ഈ ആപ്ലിക്കേഷന്‍ ചെയ്യുന്നത്. ഫോണില്‍ ഇന്‍സ്റ്റാള്‍ ചെയ്താല്‍ ആ ഫോണിലുള്ള ചൈനീസ് ആപ്ലിക്കേഷനുകള്‍ ഏതെല്ലാമെന്ന് തിരിച്ചറിഞ്ഞ് വിവരം നല്‍കും.

ബൈറ്റ് ഡാന്‍സിന്റെ ടിക് ടോക് ആലിബാബയുടെ യുസി ബ്രൗസര്‍ തുടങ്ങി നിങ്ങളുടെ സ്മാര്‍ട്ട് ഫോണിലെ എല്ലാ ചൈനീസ് ആപ്പുകളെക്കുറിച്ചും റിമൂവ് ചൈന ആപ്‌സ് വിവരം നല്‍കും. ഇത് മാത്രമല്ല, ചൈനീസ് ആപ്ലിക്കേഷനുകള്‍ നീക്കം ചെയ്തുകഴിഞ്ഞാല്‍, 'നിങ്ങള്‍ വിസ്മയിപ്പിച്ചു, ഒരു ചൈനീസ് ആപ് പോലും കാണാനില്ല' എന്ന സന്ദേശം കാണിക്കുകയും ചെയ്യും.

പുതിയതായി ആര്‍ക്കും പ്ലേ സ്റ്റോറില്‍ നിന്നും റിമൂവ് ചൈന ആപ്‌സ് ഡൗണ്‍ ലോഡ് ചെയ്യാനാകില്ല. അതേസമയം നിലവില്‍ ഡൗണ്‍ലോഡ് ചെയ്തവരുടെ ഫോണുകളില്‍ ഇത് ലഭ്യമാവുകയും ചെയ്യും. അപ്പോഴും ഗൂഗിള്‍ എടുത്തുകളഞ്ഞ ആപ്ലിക്കേഷന് വൈറസ് ആക്രമണം പോലുള്ള ഭീഷണികള്‍ക്ക് സാധ്യത കൂടുതലായിരിക്കുമെന്ന അപകടവുമുണ്ട്.

ടിക് ടോക്കിന്റെ ഇന്ത്യന്‍ വെര്‍ഷന്‍ എന്ന രീതിയില്‍ അവതരിപ്പിക്കപ്പെട്ട മിത്രോം ആപ്ലിക്കേഷനും ഗൂഗിള്‍ നീക്കം ചെയ്തിരുന്നു. അമ്പത് ലക്ഷത്തോളം പേര്‍ ഡൗണ്‍ ലോഡ് ചെയ്തിരുന്ന ഈ ആപ്ലിക്കേഷന്‍ നീക്കിയതിന്റെ കാരണം ഗൂഗിള്‍ വ്യക്തമാക്കിയിട്ടില്ല. ടിക് ടോകിന്റെ തനി പകര്‍പ്പായതുകൊണ്ടാണ് ഈ ആപ്ലിക്കേഷന്‍ റിപ്പോര്‍ട്ട് ചെയ്തതെന്ന റിപ്പോര്‍ട്ടുകളുമുണ്ടായിരുന്നു.

Tags:    

Similar News