ഫോണില്‍ ഇന്‍റര്‍നെറ്റില്ലാതെയും വാട്ട്സ് ആപ്പ് ഉപയോഗിക്കാം; കാത്തിരുന്ന ഫീച്ചറുമായി വെബ് വേര്‍ഷന്‍
പരീക്ഷണ ഘട്ടമെന്ന നിലയില്‍ ബീറ്റ ടെസ്റ്റിങ് പ്രോഗ്രാം വഴിയാകും പുതിയ ഫീച്ചര്‍ ഉപയോക്താക്കള്‍ക്ക് നല്‍കിത്തുടങ്ങുക.
ഫോണില്‍ ഇന്‍റര്‍നെറ്റ് കണക്ഷനില്ലാതെ ഇനി മുതല്‍ കംപ്യൂട്ടറിൽ വാട്ട്സ് ആപ്പിന്‍റെ വെബ് വേർഷൻ ഉപയോഗിക്കാം. ഉപയോക്താക്കളുടെ ദീര്‍ഘ നാളത്തെ ആവശ്യം നിറവേറ്റുന്ന പുത്തന്‍ ഫീച്ചര്‍ അവതരിപ്പിച്ചിരിക്കുകയാണ് കമ്പനി.
ഫോണിൽ ഇന്‍റർനെറ്റ് കണക്ഷനുള്ളപ്പോൾ മാത്രമേ ഇതുവരെ വാട്ട്സ് ആപ്പ് വെബ് പ്രവർത്തിപ്പിക്കാൻ സാധിച്ചിരുന്നുള്ളൂ. മൾട്ടി- ഡിവൈസ് സപ്പോർട്ടിലൂടെയാണ് ഈ പ്രതിസന്ധി പരിഹരിക്കപ്പെടുന്നത്.
പരീക്ഷണ ഘട്ടമെന്ന നിലയില്‍ ബീറ്റ ടെസ്റ്റിങ് പ്രോഗ്രാം വഴിയാകും പുതിയ ഫീച്ചര്‍ ഉപയോക്താക്കള്‍ക്ക് നല്‍കിത്തുടങ്ങുക. ആൻഡ്രോയ്ഡ്, ഐ.ഒ.എസ് പ്ലാറ്റ്ഫോമുകളിൽ വാട്ട്സ് ആപ്പ് ബീറ്റ വേർഷൻ ഉപയോഗിക്കുന്നവർക്ക് വൈകാതെ അപ്ഡേറ്റിലൂടെ ഈ സൗകര്യം ലഭ്യമാകും. വാട്ട്സ് ആപ്പുമായി ബന്ധപ്പെട്ട ഏറ്റവും പുതിയ വിവരങ്ങളും അപ്ഡേറ്റുകളും നൽകുന്ന WABetaInfo യുടെ ബ്ലോഗ്പോസ്റ്റിലാണ് ഇക്കാര്യം പുറത്തുവിട്ടത്.
ബീറ്റ പ്രോഗ്രാമിൽ ചേരുന്നവർക്ക് നാല് ഡെസ്ക്ടോപ്പ് ഡിവൈസുകളിൽ ഒരേസമയം അവരുടെ വാട്ട്സ് ആപ്പ് പ്രവർത്തിപ്പിക്കാം. എന്നാല്‍, മറ്റൊരാളുമായി ചാറ്റ് ചെയ്യാനോ കോൾ ചെയ്യാനോ സാധിക്കണമെങ്കിൽ അവരും വാട്ട്സ് ആപ്പ് അപ്ഡേറ്റ് ചെയ്യേണ്ടതായി വരും.
നിലവിൽ ലക്ഷക്കണക്കിന് വരുന്ന ബീറ്റ ടെസ്റ്റർമാരുണ്ടെങ്കിലും അവരിൽ ചുരുക്കം ചിലർക്ക് മാത്രമേ ബീറ്റ പ്രോഗ്രാം ലഭ്യമാക്കുന്നുള്ളൂ. വരും ദിവസങ്ങളിൽ കൂടുതൽ പേരിലേക്ക് പുതിയ വെബ് സവിശേഷതകൾ അടക്കമുള്ള അപ്ഡേറ്റ് എത്തുമെന്നാണ് റിപ്പോര്‍ട്ട്. വാട്സ്ആപ്പ് ബിസിനസ് ആപ്പിനും സമാന ഫീച്ചർ നൽകിയിട്ടുണ്ട്.