'ബോണസ്' നൽകാൻ ഇൻസ്റ്റഗ്രാം; റീൽസിലൂടെ ഇനി വരുമാനം
ഹ്രസ്വ വീഡിയോകള്‍ പങ്കുവെക്കാനുള്ള റീല്‍സിലൂടെയാണ് വരുമാന സാധ്യത ഇൻസ്റ്റഗ്രാം തുറക്കുന്നത്
വീഡിയോ മൊണറ്റൈസേഷൻ നടപ്പിൽ വരുത്താൻ ഒരുങ്ങി ഇൻസ്റ്റഗ്രാമും. നിലവിൽ ഡിജിറ്റൽ പ്ലാറ്റ്ഫോമുകളായ ഫേസ്ബുക്കിലും യൂട്യൂബിലും മൊണറ്റൈസേഷൻ വഴി കണ്ടന്റ് ക്രിയേറ്റേഴ്സിന് പണം സമ്പാദിക്കാനുള്ള അവസരം ഉണ്ടെങ്കിലും ഇപ്പോഴുള്ളതിൽ വെച്ച് ഏറ്റവും പോപ്പുലർ പ്ലാറ്റ്ഫോമായ ഇൻസ്റ്റഗ്രാം ഉപയോഗ്താക്കൾക്ക് മൊണറ്റൈസേഷനും പരസ്യം വഴിയുള്ള വരുമാനത്തിനുമുള്ള സാധ്യത നൽകിയിട്ടില്ലായിരുന്നു. എന്നാൽ സോഷ്യൽമീഡിയ ലോകത്തുനിന്ന് വരുന്ന ഏറ്റവും പുതിയ വാർത്ത ഇൻസ്റ്റഗ്രാം കണ്ടന്റ് ക്രിയേറ്റർമാർക്ക് സന്തോഷം നൽകുന്നതാണ്.
ഹ്രസ്വ വീഡിയോകള്‍ പങ്കുവെക്കാനുള്ള റീല്‍സിലൂടെയാണ് വരുമാന സാധ്യത ഇൻസ്റ്റഗ്രാം തുറക്കുന്നത്. ഫേസ്ബുക്കിന്റെ തന്നെ ഉടമസ്ഥതയിലുള്ള ഇൻസ്റ്റഗ്രാമിൽ ഉടൻ തന്നെ പരസ്യം വഴിയുള്ള മൊണറ്റൈസേഷൻ ഉണ്ടാകുമെന്ന് ഫേസ്ബുക് നേരത്തെ അറിയിച്ചിരുന്നു. എന്നാൽ ഇതുസംബന്ധിച്ച് കൂടുതൽ വ്യക്തത വരുത്തിയിരിക്കുകയാണ് ഇൻസ്റ്റഗ്രാം ഡെവലപ്പർ ആയ അലസ്സാൻഡ്രോ പലൂസി.
റീല്‍സില്‍ അപ് ചെയ്യുന്ന വീഡിയോകള്‍ക്ക് പണം നല്‍കുന്നതിന് ബോണസ് എന്ന സംവിധാനമാണ് ഇന്‍സ്റ്റഗ്രാം പരീക്ഷിക്കുന്നത്. എന്നാൽ ബോണസ് ഓപ്ഷൻ ലഭിക്കുക കണ്ടന്റ് ക്രിയേറ്റേഴ്സിന് മാത്രമായിരിക്കുമെന്നും സാധാരണ ഉപയോഗ്താക്കൾക്ക് ആയിരിക്കില്ലെന്നും ഇൻസ്റ്റഗ്രാം വ്യക്തമാക്കുന്നു. ഇതുവഴി പുതിയ റീല്‍സ് പങ്കുവെക്കുമ്പോഴാണ് ക്രിയേറ്റേഴ്സിന് പണം സമ്പാദിക്കാന്‍ സാധിക്കുക. കൂടാതെ പരസ്യം വഴി റെവന്യു കൂട്ടാനുള്ള പുതിയ അവസരങ്ങളും ഇന്‍സ്റ്റഗ്രാം ഒരുക്കും.
വിവിധ രാജ്യങ്ങളില്‍ ചൈനീസ് ആപ്പായ ടിക്ടോക്കിന് വിലക്ക് വന്നതോടെയാണ് ഹ്രസ്വവീഡിയോ രംഗത്തേക്ക് ഇന്‍സ്റ്റഗ്രാം കൂടുതലായി ശ്രദ്ധ ചെലുത്താൻ തുടങ്ങിയത്. ആദ്യഘട്ടത്തില്‍ പ്രൊഫഷണല്‍ അക്കൗണ്ടുകള്‍ക്ക് മാത്രമാകും ബോണസ് ലഭിക്കുക. പേഴ്‌സണല്‍ അക്കൗണ്ടുകള്‍ക്ക് ലഭിക്കില്ല. നിലവില്‍ പരീക്ഷണ ഘട്ടത്തിലായതിനാല്‍ ഔദ്യോഗിക പ്രഖ്യാപനം വരാന്‍ ഇനിയും സമയമെടുക്കും.