ലുഡോയില്‍ വിജയിക്കാന്‍ വേണ്ടത് ഭാഗ്യമോ കഴിവോ? കേസ് ബോംബെ ഹൈക്കോടതിയില്‍
കേസിൽ ഹൈക്കോടതി മഹാരാഷ്ട്ര സർക്കാറിന്‍റെ പ്രതികരണം തേടിയിട്ടുണ്ട്
ലോക്ഡൗൺ കാലത്ത് വളരെയധികം ജനപ്രീതി ലഭിച്ച ഗെയിമാണ് ലുഡോ. വളരെ സ്വീകാര്യത ലഭിച്ച ലൂഡോ മൊബൈല്‍ ഗെയിമില്‍ വിജയിക്കുന്നത് കഴിവ് കൊണ്ടാണോ ഭാഗ്യം കൊണ്ടാണോ എന്നത് പൊതുവെ ഉയര്‍ന്നുവരുന്ന ചോദ്യമാണ്. എന്നാല്‍ ഈ ചോദ്യം ഇപ്പോള്‍ കോടതിയില്‍ കേസായിരിക്കുകയാണ്.
ബോംബെ ഹൈക്കോടതിക്കാണ് ഇത്തരമൊരു കേസില്‍ വിധി പറയേണ്ട ആവശ്യകത വന്നിരിക്കുന്നത്. ഓൺലൈനിലെ കളി ചൂതാട്ടത്തെ കൂടുതല്‍ പ്രോത്സാഹിപ്പിക്കുന്നതാണെന്നും ശരിക്കുമുള്ള ബോർഡ് ഗെയിമിൽ നിന്ന് വ്യതിചലിക്കുകയും ചെയ്യുന്നുവെന്ന് ആരോപിച്ച് 'ലുഡോ സുപ്രീം' നിർമാതാക്കൾക്കെതിരെ ബോംബെ ഹൈക്കോടതിയിൽ ഒരു ഹരജി സമർപ്പിക്കപ്പെട്ടിരുന്നു.
ലുഡോയെ കഴിവ് ഉപയോഗപ്പെടുത്തി വിജയിക്കുന്ന ഒരു മത്സരം എന്ന് വിശേഷിപ്പിക്കുന്നത് നിർത്തണമെന്നും ഭാഗ്യം മാത്രം അടിസ്ഥാനപ്പെടുത്തി വിജയിയെ തീരുമാനിക്കുന്ന മത്സരം ആയി പ്രഖ്യാപിക്കണമെന്നും ആവശ്യപ്പെട്ട് മഹാരാഷ്ട്ര നവനിർമാൺ സേന അംഗമായ കേശവ് മൂലെയാണ് കോടതിയെ സമീപിച്ചത്.
കേസിൽ ഹൈക്കോടതി മഹാരാഷ്ട്ര സർക്കാറിന്‍റെ പ്രതികരണം തേടിയിട്ടുണ്ട്. ഗെയിം നിർമാതാക്കളായ കാഷ്ഗ്രെയിൽ പ്രൈവറ്റ് ലിമിറ്റഡിനെതിരെ നടപടിയെടുക്കണമെന്നാവശ്യപ്പെട്ട് കഴിഞ്ഞ നവംബറിൽ മുലെ ലോക്കൽ പൊലീസിനെ സമീപിച്ചിരുന്നു. എന്നാൽ അവർ കേസെടുക്കാൻ തയാറായില്ല.