സ്വകാര്യത നയത്തില്‍ മാറ്റമില്ല; അംഗീകരിച്ചില്ലെങ്കില്‍ അക്കൗണ്ട് നീക്കം ചെയ്യുമെന്ന് വാട്സ്ആപ്പ്
ഡല്‍ഹി ഹൈക്കോടതിയിലാണ് കമ്പനി നിലപാട് വ്യക്തമാക്കിയത്.
പുതിയ സ്വകാര്യതാ നയം അംഗീകരിക്കുന്നതിനായി ഉപയോക്താക്കൾക്ക് മെയ് 15 വരെ അനുവദിച്ചിട്ടുള്ള സമയപരിധി നീട്ടിയിട്ടില്ലെന്ന് മെസ്സേജിങ് ആപ്പായ വാട്സ്ആപ്പ്. നയത്തിൽ യാതൊരുവിധ മാറ്റവുമില്ല. ഉപയോക്താക്കള്‍ നയം അംഗീകരിച്ചില്ലെങ്കില്‍ പതിയെ അവരുടെ അക്കൗണ്ടുകൾ നീക്കം ചെയ്യപ്പെടുമെന്നും വാട്സ്ആപ്പ് ഡൽഹി ഹൈക്കോടതിയെ അറിയിച്ചു.
വാട്ട്സ്ആപ്പിന്റെ പുതിയ സ്വകാര്യതാ നയത്തെ ചോദ്യം ചെയ്ത് സീമ സിങ്, അഭിഭാഷകൻ മേഗൻ, നിയമ വിദ്യാർത്ഥി ചൈതന്യ റോഹില്ല എന്നിവർ സമർപ്പിച്ച ഹരജിയിലാണ് കോടതി വാദം കേട്ടത്. സ്വകാര്യതാ നയം പിൻവലിക്കാനോ അല്ലെങ്കിൽ ഉപയോക്താക്കള്‍ക്ക് കമ്പനി കൊണ്ടുവന്ന പരിഷ്കാരങ്ങൾ അംഗീകരിക്കാതിരിക്കാനോ ഉള്ള സൗകര്യം ഒരുക്കണമെന്നാണ് ഹരജിക്കാരുടെ ആവശ്യം. സ്വകാര്യതാ നയം അംഗീകരിച്ച ഉപയോക്താക്കൾക്ക് അതിൽ തീരുമാനം അറിയിക്കാൻ ഒരു അവസരം കൂടി നൽകണമെന്നും ഹരജിയില്‍ പറയുന്നു.
അതേസമയം, തങ്ങളുടെ തീരുമാനത്തിൽ മാറ്റമില്ലെന്ന് വാട്സ്ആപ്പ് നേരത്തെ തന്നെ അറിയിച്ചിരുന്നു. കമ്പനിയുടെ പദ്ധതികൾ ഉപേക്ഷിക്കാൻ ആവശ്യപ്പെട്ട് സർക്കാർ കത്തെഴുതിയിട്ടും അതിൽ നിന്ന് അവർ പിന്മാറിയിരുന്നില്ല.
മാതൃകമ്പനിയായ ഫേസ്ബുക്കുമായി ഉപയോക്താക്കളുടെ സ്വകാര്യ വിവരങ്ങൾ കൈമാറുന്നത് അംഗീകരിക്കാനാണ് വാട്സ്ആപ്പ് പറയുന്നത്. 2014ൽ വാട്സ്ആപ്പ് ഫേസ്ബുക്കിന്റെ ഭാഗമായ ശേഷം സമാനമായി വിവരങ്ങൾ ഫേസ്ബുക്കുമായി കൈമാറുമെന്ന് അറിയിച്ചിരുന്നു. ചില വിവരങ്ങൾ അന്നുമുതൽ കമ്പനി കൈമാറുന്നുമുണ്ട്.