പുതിയ പേരിൽ തിരിച്ചുവരവിനൊരുങ്ങി പബ്ജി

ട്രിപ്പിൾ എ മൾട്ടിപ്ലയർ ഗെയിമിങ് അനുഭവമാണ് പുതിയ ഗെയിമില്‍ ഒരുക്കിയിരിക്കുന്നത്.

Update: 2021-05-06 09:12 GMT
Advertising

പബ്ജി മെബൈൽ ഗെയിമിന്‍റെ പരിഷ്‌കരിച്ച രൂപം ഇന്ത്യയിൽ അവതരിപ്പിക്കാനൊരുങ്ങി ദക്ഷിണകൊറിയൻ കമ്പനിയായ ക്രാഫ്‌റ്റോൺ. ബാറ്റിൽഗ്രൗണ്ട്‌സ് മൊബൈൽ ഇന്ത്യ എന്ന പേരിലാകും ഗെയിം അവതരിപ്പിക്കുക. ക്രാഫ്‌റ്റോൺ കമ്പനിയുടെ ഉപകമ്പനിയാണ് പബ്ജി കോർപ്പറേഷൻ.

ലോകോത്തര നിലവാരത്തിലുള്ള ഗെയിമിനാണ് കമ്പനി രൂപം നൽകിയിരിക്കുന്നത്. ട്രിപ്പിൾ എ മൾട്ടിപ്ലയർ ഗെയിമിങ് അനുഭവമാണ് ബാറ്റിൽഗ്രൗണ്ട്‌സ് മൊബൈൽ ഇന്ത്യയിൽ ഒരുക്കിയിരിക്കുന്നതെന്ന് കമ്പനി പ്രസ്താവനയിൽ അറിയിച്ചു.

പബ്ജി മൊബൈൽ ഗെയിമിന്‍റെ ഇന്ത്യയിലെ വിതരണ ചുമതല നിർവഹിച്ചിരുന്ന ടെൻസെന്‍റ് ഗെയിംസിന് പുതിയ ഗെയിമിൽ ഒരു പങ്കാളിത്തവുമുണ്ടായിരിക്കില്ലെന്നും ക്രാഫ്‌റ്റോൺ അറിയിച്ചു. ഓൺലൈൻ ഗെയിമിന് അനുകൂല സാഹചര്യം ഇന്ത്യയിലൊരുക്കുന്നതിന് മറ്റു പങ്കാളികളെ കമ്പനി തേടുന്നുണ്ട്. ഗെയിം ആരംഭിക്കുന്നതിനു മുമ്പ് പ്രീ രജിസ്‌ട്രേഷൻ തുടങ്ങും.

കഴിഞ്ഞ വർഷം സെപ്തംബറിലാണ് 118 ചൈനീസ് ആപ്പുകൾ ഇന്ത്യ നിരോധിച്ചത്. ഇന്ത്യയുടെ പരമാധികാരത്തിനും ഐക്യത്തിനും എതിരാണെന്നു ചൂണ്ടിക്കാട്ടിയായിരുന്നു പബ്ജി ഉൾപ്പെടെയുള്ള ആപ്പുകൾ നിരോധിച്ചത്. പബ്ജി കോർപ്പറേഷൻ നവംബറിൽ പുതിയ ഗെയിം അവതരിപ്പിക്കാനുള്ള തയ്യാറെടുപ്പിലാണെന്ന് നേരത്തെ അറിയിച്ചിരുന്നു.


 


Tags:    

Editor - ഹരിഷ്മ വടക്കിനകത്ത്

contributor

By - Web Desk

contributor

Similar News