വെരിഫിക്കേഷൻ സംവിധാനം പുനരാരംഭിച്ച് ട്വിറ്റർ; നിങ്ങള്‍ക്കും അപേക്ഷിക്കാം
സ്ഥിരീകരണ പരിപാടി ഏകപക്ഷീയവും ആശയക്കുഴപ്പമുണ്ടാക്കുന്നതുമാണെന്ന വിമര്‍ശനത്തെത്തുടര്‍ന്നായിരുന്നു 2017 ല്‍ ട്വിറ്റര്‍ വേരിഫിക്കേഷന്‍ നിര്‍ത്തിവെച്ചത്
ബ്ലൂ ടിക് വേരിഫിക്കേഷന്‍ പുനരാരംഭിച്ച് ട്വിറ്റര്‍. ഫെയ്‌സ്ബുക്ക്, ഇന്‍സ്റ്റാഗ്രാം എന്നിവയെ പോലെ ട്വിറ്ററിനും ബ്ലൂ ടിക് വേരിഫിക്കേഷനുണ്ടായിരുന്നു. സ്ഥിരീകരണ പരിപാടി ഏകപക്ഷീയവും ആശയക്കുഴപ്പമുണ്ടാക്കുന്നതുമാണെന്ന വിമര്‍ശനത്തെത്തുടര്‍ന്നായിരുന്നു 2017 ല്‍ ട്വിറ്റര്‍ വേരിഫിക്കേഷന്‍ നിര്‍ത്തിവെച്ചത്. താല്‍ക്കാലികമായി നിര്‍ത്തിവച്ചിരുന്ന വേരിഫിക്കേഷന്‍ പ്രോസസ് ട്വിറ്റര്‍ പുനരാരംഭിച്ചിരിക്കുകയാണ്. പ്രശസ്തരായ വ്യക്തികൾക്കളുടെയും സ്ഥാപനങ്ങളുടെയും പേരിൽ നിരവധി വ്യാജ അക്കൗണ്ടുകൾ ട്വിറ്ററിലുണ്ട്. വെരിഫിക്കേഷൻ സംവിധാനത്തിലൂടെ ഏതാണ് ഓരോ വ്യക്തിയുടെയും സ്ഥാപനത്തിൻറെയും യഥാർത്ഥ അക്കൗണ്ട് എന്ന് മനസ്സിലാക്കാനാകും.
മൂന്ന് വര്‍ഷത്തിന് ശേഷമാണ് തങ്ങളുടെ സൈറ്റിലെ ശ്രദ്ധേയരായ ആളുകള്‍ക്ക് നീല ടിക്ക് മാര്‍ക്ക് നല്‍കുന്നതിനുള്ള പ്രക്രിയ ആരംഭിച്ചതായി ട്വിറ്റര്‍ തന്നെയാണ് ഔദ്യോഗികമായി അറിയിച്ചത്.
2020ലാണ് ട്വിറ്റർ പുതിയ വെരിഫിക്കേഷൻ പ്രക്രിയ പ്രഖ്യാപിച്ചത്. പുതിയ സംവിധാനത്തിൽ 'ന്യൂസ്' വിഭാഗത്തിൽ 'ന്യൂസ് ആൻഡ് ജേണലിസ്റ്റ്സ്'ഉം 'സ്പോർട്സ്' വിഭാഗത്തിൽ 'സ്പോർട്സ് ആൻഡ് എസ്പോർട്സ്' ഉം 'എന്റർടെയിൻമെന്റ്' വിഭാഗത്തിൽ ഡിജിറ്റൽ കണ്ടന്റ് ക്രിയേറ്റേഴ്സും ഉൾപ്പെടുത്തിയിരിക്കുന്നു. ഏറ്റവും കുറഞ്ഞ ഫോളോവേഴ്സിന്റെ എണ്ണത്തിലും പ്രാദേശികാടിസ്ഥാനത്തില്‍ മാറ്റം വരുത്തിയിട്ടുണ്ട്.
ടിക് ലഭിക്കണമെങ്കില്‍ :
- ഈ വിഭാഗത്തിൽ പെടുന്ന വ്യക്തികൾക്കും സ്ഥാപനങ്ങൾക്കുമാണ് പുതുതായി ട്വിറ്റെർ വെരിഫിക്കേഷനായി സമർപ്പിക്കാൻ സാധിക്കുക; സര്‍ക്കാര്‍, കമ്പനികള്‍, ബ്രാന്‍ഡുകള്‍, സംഘടനകൾ, വാര്‍ത്താ ഔട്ട്ലെറ്റുകള്‍, പത്രപ്രവര്‍ത്തകര്‍, വിനോദം, കായികം, സംഘാടകര്‍, മറ്റ് സ്വാധീനമുള്ള വ്യക്തികള്‍. 2021 അവസാനത്തോടെ ശാസ്ത്രജ്ഞര്‍, അക്കാദമിക്, മതനേതാക്കള്‍ എന്നിവര്‍ക്കായി ട്വിറ്റര്‍ ചില വിഭാഗങ്ങള്‍ കൂടെ ഉള്‍പ്പെടുത്താനും ആസൂത്രണം ചെയ്യുന്നു.
- നിങ്ങളുടെ അക്കൗണ്ട് കഴിഞ്ഞ ആറുമാസമായി സജീവമായിരിക്കണം.
- സര്‍ക്കാര്‍ ഐഡികളുമായി ഒത്തുപോകുന്ന യഥാര്‍ത്ഥ ഫോട്ടോ ഉപയോഗിച്ചിട്ടുണ്ടായിരിക്കണം.
- നിങ്ങള്‍ ആക്റ്റീവ് ആയിരുന്നാലും ട്വിറ്ററിന്റെ മാനദണ്ഡങ്ങള്‍ക്കനുസരിച്ച് പ്രവര്‍ത്തിച്ചവരായിരിക്കണം. ട്വിറ്റര്‍ ഏതെങ്കിലും കാരണവശാല്‍ താല്‍ക്കാലിക പൂട്ടലിനെങ്കിലും (ബാന്‍) നിങ്ങളുടെ അക്കൗണ്ടിനെ വിധേയരാക്കിയിട്ടുണ്ടാകാന്‍ പാടില്ല. ഏതെങ്കിലും തരത്തിൽ ട്വിറ്റർ നിയമങ്ങൾക്ക് എതിരായി നിങ്ങളുടെ അക്കൗണ്ടിൽ നിന്നും ട്വീറ്റോ, റീട്വീറ്റോ കഴിഞ്ഞ ആറ് മാസത്തിനുള്ളിൽ പോസ്റ്റ് ചെയ്തിട്ടുണ്ട് എങ്കിലും അപേക്ഷ നിരസിക്കും.
ബ്ലൂ ടിക്കിനായി അപേക്ഷിക്കേണ്ട വിധം
- യോഗ്യരായ ട്വിറ്റർ ഉപഭോക്താക്കൾക്ക് ഏതാനും ദിവസങ്ങൾക്കുള്ളിൽ തങ്ങളുടെ 'അക്കൗണ്ട് സെറ്റിങ്‌സ്' സെക്ഷനിൽ വെരിഫിക്കേഷൻ അപ്ലിക്കേഷൻ എന്ന ഭാഗം കാണാൻ സാധിക്കും.
- ഈ ഓപ്ഷൻ ക്ലിക്ക് ചെയ്തു മുൻപേ വ്യക്തമാക്കിയ 6 വിഭാഗങ്ങളിൽ നിങ്ങൾ ഏതു വിഭാഗത്തിൽ പെടുന്നു വ്യക്തമാക്കണം.
- ആധാര്‍, ഡ്രൈവിംഗ് ലൈസന്‍സ് എന്നിവ പോലുള്ള ഗവണ്‍മെന്റ് അംഗീകൃത ഫോട്ടോ ഐഡികാര്‍ഡ് അപ്ലോഡ് ചെയ്യണം. ഇതിനായി ഒരു ലിങ്ക് നല്‍കും. ഒറിജിനല്‍ ഇമെയ്ല്‍ ഐഡി, ബ്രാന്‍ഡുകളോ സ്ഥാപനങ്ങളോ ബിസിനസോ ആയാല്‍ അതിന്റെ ഔദ്യോഗിക വെബൈസൈറ്റ് എന്നിവയും നല്‍കണമെന്നാണ് വിവരം.
- കുറച്ച് ദിവസങ്ങൾക്ക് ശേഷം നിങ്ങളുടെ അക്കൗണ്ട് വെരിഫൈ ആകുകയാണെങ്കിൽ നീല ടിക്ക് മാർക്ക് നിങ്ങളുടെ അക്കൗണ്ടിനൊപ്പം കാണാം.നിരസിക്കപ്പെടുകയാണെങ്കിൽ കൂടുതൽ രേഖകളുമായി 30 ദിവസത്തിന് ശേഷം വീണ്ടും അപേക്ഷ സമർപ്പിക്കാവുന്നതാണ്.