യുഎസ് ഓപണ്‍ വിവാദം തീരുന്നില്ല, സെറീനക്ക് 17000ഡോളര്‍ പിഴ

അംപയര്‍ക്കെതിരെ മോശം വാക്കുകള്‍ ഉപയോഗിച്ചതിന് 10000 ഡോളറും മത്സരത്തിനിടെ കോച്ച് ഇടപെട്ടതിന് 4000 ഡോളറും റാക്കറ്റ് എറിഞ്ഞ് പൊട്ടിച്ചതിന് 3000വുമാണ് പിഴയിട്ടിരിക്കുന്നത്

Update: 2018-09-10 02:54 GMT
Advertising

യുഎസ് ഓപണ്‍ ഫൈനലിനിടെ മൂന്ന് തവണ അച്ചടക്കം ലംഘിച്ചെന്ന് കാണിച്ച് 17000 ഡോളര്‍ (ഏകദേശം 12.26 ലക്ഷം രൂപ) സെറീന വില്യംസിന് പിഴ. അംപയര്‍ക്കെതിരെ മോശം വാക്കുകള്‍ ഉപയോഗിച്ചതിന് 10000 ഡോളറും മത്സരത്തിനിടെ കോച്ച് ഇടപെട്ടതിന് 4000 ഡോളറും റാക്കറ്റ് എറിഞ്ഞ് പൊട്ടിച്ചതിന് 3000വുമാണ് പിഴയിട്ടിരിക്കുന്നത്.

സംഭവബഹുലമായ യുഎസ് ഓപണ്‍ ഫൈനലില്‍ നവോമി ഒസാക്കയോട് നേരിട്ടുള്ള സെറ്റുകള്‍ക്ക് സെറീന പരാജയപ്പെട്ടിരുന്നു. റണ്ണറപ്പ് താരത്തിനുള്ള 1.85 മില്യണ്‍ ഡോളര്‍ സമ്മാന തുകയില്‍ നിന്നാണ് പിഴ തുക പിടിക്കുക. ജപ്പാന്റെ നവോമി ഒസാക്കയോട് 6-2, 6-4ന് നേരിട്ടുള്ള സെറ്റുകള്‍ക്കായിരുന്നു സെറീന പരാജയപ്പെട്ടത്. മത്സരത്തിനിടെ സെറീനയും അംപയര്‍ കാര്‍ലോസ് റാമോസും തമ്മിലുണ്ടായ വാക്കു തര്‍ക്കവും പോയിന്റ് വെട്ടിക്കുറക്കലുമെല്ലാം യുഎസ് ഓപണ്‍ ഫൈനലിനെ വിവാദമാക്കിയിരുന്നു.

അംപയര്‍ പക്ഷപാതപരമായാണ് പെരുമാറിയതെന്ന ഗുരുതര ആരോപണമാണ് സെറീന ഉയര്‍ത്തിയത്. ഫൈനലിനിടെ സെറീനക്ക് പരിശീലകന്‍ നിര്‍ദ്ദേശങ്ങള്‍ നല്‍കുന്നുണ്ടെന്ന് കാണിച്ച് ചെയര്‍ അംപയര്‍ കാര്‍ലോസ് റാമോസ് മുന്നറിയിപ്പ് നല്‍കിയതോടെയാണ് പ്രശ്‌നങ്ങള്‍ ആരംഭിച്ചത്. രണ്ടാം സെറ്റില്‍ തിരിച്ചുവരാന്‍ സെറീന ശ്രമിക്കുന്നതിനിടെയായിരുന്നു ഇത്. അംപയറുടെ ഇടപെടലിനെതിരെ സെറീന ശക്തമായി പ്രതിഷേധിച്ചു. കള്ളത്തരം കാണിക്കുന്നതിനേക്കാള്‍ നല്ലത് തോല്‍ക്കാനാണ് തനിക്കിഷ്ടമെന്നു വരെ സെറീന പറഞ്ഞു.

എങ്കിലും തര്‍ക്കങ്ങളെ തുടര്‍ന്ന് രണ്ടാം സെറ്റില്‍ 3-1ന് മുന്നിട്ട് നിന്നിരുന്ന സെറീനയുടെ താളം തെറ്റി. തുടര്‍ച്ചയായി പിഴവുകള്‍ വരുത്തിയതോടെ ക്രുദ്ധയായി റാക്കറ്റ് വലിച്ചെറിഞ്ഞു. ഇതോടെ രണ്ടാം മുന്നറിയിപ്പ് നല്‍കിയ അംപയര്‍ ഒരു പോയിന്റെ കുറക്കുകയും ചെയ്തു. ഇതോടെ കൂടുതല്‍ സെറീന കൂടുതല്‍ ദേഷ്യപ്പെട്ട് നിങ്ങള്‍ കള്ളനാണെന്നും മാപ്പുപറയണമെന്നും അംപയറോട് പറഞ്ഞു. പെനല്‍റ്റി പോയിന്റുകളില്‍ ഗെയിം നഷ്ടമായ സെറീന 5-3ന് പുറകിലാവുകയും ഒസാകയുടെ വിജയം ഒരു പോയിന്റ് മാത്രം ദൂരെയാവുകയും ചെയ്തു. അംപയര്‍മാര്‍ക്കെതിരെ നിരവധി പുരുഷ താരങ്ങള്‍ പ്രതികരിക്കാറുണ്ടെങ്കിലും അവര്‍ക്കെതിരെയൊന്നും ഇത്തരം നടപടികളുണ്ടായിട്ടില്ലെന്ന് സെറീന പറഞ്ഞു.

സെറീനക്കെതിരായ നടപടിയെ കൂകലുകളോടെയാണ് യുഎസ് ഓപണിലെ കാണികള്‍ വരവേറ്റത്. എന്നാല്‍ മത്സരശേഷം സമ്മാനദാനത്തിനിടെ ഒസാക്കയെ കൂകിയ കാണികളെ പിന്തിരിപ്പിക്കാനും സെറീന മറന്നില്ല. നവോമിയുടെ ആദ്യ ഗ്രാന്‍ഡ്സ്ലാം കിരീടധാരണം കാണികളുടെ ഇടപെടല്‍ മൂലം അവതാളത്തിലാകരുതെന്നായിരുന്നു സെറീനയുടെ നിര്‍ദ്ദേശം. വിവാദത്തില്‍ സെറീനക്ക് ടെന്നീസ് ലോകത്തു നിന്നും വലിയ പിന്തുണയാണ് ലഭിച്ചത്.

Tags:    

Similar News