എ.ടി.പി ഫൈനലില്‍ ജോക്കോവിച്ചിനെ അട്ടിമറിച്ച് 21കാരന്‍
ജര്‍മ്മന്‍കാരനായ സ്വരേവിനെ ടെന്നീസിലെ ഭാവി ഒന്നാം നമ്പര്‍ താരമെന്നാണ് വിശേഷിപ്പിക്കുന്നത്. ഫൈനലില്‍ ജോക്കോവിച്ചിനെ തോല്‍പ്പിച്ച സ്വരേവ് സെമിയില്‍ ഫെഡററെയാണ് മറികടന്നത്...
സീസണില്‍ ഉജ്ജ്വല ഫോമില്‍ കളിക്കുന്ന നൊവാക് ജോകോവിച്ചിനെ നേരിട്ടുള്ള സെറ്റുകള്‍ക്ക് തോല്‍പ്പിച്ച് താരമായി 21കാരന്‍. ജര്‍മ്മന്‍കാരനായ അലക്‌സാണ്ടര്‍ സ്വെരേവാണ് ജോകോവിച്ചിനെ ആധികാരികമായി തോല്‍പ്പിച്ച് ഭാവിയിലെ താരമെന്ന പ്രഖ്യാപനം നടത്തിയിരിക്കുന്നത്. ആറാംതവണയും ജയിച്ച് എടിപി ടൂര്‍ ഫൈനല്‍സില്‍ കിരീട റെക്കോഡിനൊപ്പമെത്താനുള്ള ജോക്കോവിച്ചിന്റെ ശ്രമമാണ് സ്വരേവ് തകര്‍ത്തത്.
നേരിട്ടുള്ള സെറ്റുകള്‍ക്ക് 6-4, 6-3നായിരുന്നു സ്വരേവിന്റെ ജയം. ആദ്യ സെറ്റില്‍ ഒരു തവണയും രണ്ടാം സെറ്റില്‍ രണ്ട് തവണയും ജോക്കോവിച്ചിന്റെ സര്‍വീസ് തകര്‍ത്ത് പോയിന്റ് നേടാന്‍ സ്വരേവിനായി. ടൂര്‍ണമെന്റില്‍ ഫെനലിലെത്തുന്നതുവരെ ആര്‍ക്കും ജോക്കോവിച്ചിന്റെ സര്‍വ്വീസ് തകര്‍ത്ത് പോയിന്റ് നേടാന്‍ കഴിഞ്ഞിരുന്നില്ല.
2008ല്‍ കിരീടം നേടിയ ജോക്കോവിച്ചിന് ശേഷം ഈ ടൂര്‍ണ്ണമെന്റില്‍ കിരീടം നേടുന്ന ഏറ്റവും പ്രായം കുറഞ്ഞതാരമെന്ന റെക്കോഡും അലക്‌സാണ്ടര്‍ സ്വരേവ് സ്വന്തമാക്കി. ഗ്രൂപ്പ് ഘട്ടത്തില്‍ ജോക്കോവിച്ച് 6-4, 6-1ന് സ്വരേവിനോ തോല്‍പ്പിച്ചിരുന്നു. ഈ തോല്‍വിക്ക് ശേഷം അവിശ്വസനീയമായ കുതിപ്പ് നടത്തിയാണ് യുവതാരം ഫൈനലിലെത്തിയത്. ഇതിനിടെ ജോണ്‍ ഇസ്‌നറേയും സെമിയില്‍ റോജര്‍ ഫെഡററേയും സ്വരേവ് തറപറ്റിച്ചിരുന്നു.
മത്സരശേഷം സ്വരേവ് നടത്തിയ മറുപടി പ്രസംഗവും ശ്രദ്ധേയമായി. 'വിചാരിച്ചാല്‍ നിങ്ങള്‍ക്ക് വിജയിക്കാനാവാത്ത മത്സരങ്ങളില്ല. ഒരുതവണ എനിക്ക് ജയിക്കാന്‍ അവസരം തന്നതിന് നന്ദി' എന്നായിരുന്നു സ്വരേവിന്റെ വാക്കുകള്‍.
കഴിഞ്ഞ 37 മത്സരങ്ങളില്‍ രണ്ടെണ്ണത്തില്‍ മാത്രമാണ് ജോക്കോവിച്ച് തോല്‍വിയറിഞ്ഞിരുന്നത്. ആദ്യ സെറ്റില്‍ 5-4ന് മുന്നിലെത്തിയതോടെ സമ്മര്‍ദം ജോക്കോവിച്ചിലായി. സര്‍വീസിന് മുമ്പ് സ്വരേവിനെ ആരാധകര്‍ കയ്യടികളോടെയാണ് സ്വീകരിച്ചത്.
ആരാധകരില്‍ നിന്നും ആവേശം പകര്‍ന്നു കിട്ടിയതോടെ തുടര്‍ച്ചയായി മൂന്ന് എയ്‌സുകളാണ് സ്വരേവ് തൊടുത്തത്. ഇതോടെ മൂന്ന് സെറ്റ് പോയിന്റുകള്‍ക്കുള്ള അവസരം സ്വരേവിന് ലഭിച്ചു. തുടര്‍ന്ന് രണ്ടാമത്തെ അവസരത്തില്‍ പോയിന്റും സെറ്റും സ്വരേവ് നേടി. ആദ്യ സെറ്റിലെ ആവേശം രണ്ടാം സെറ്റിലും തുടര്‍ന്നതോടെ കരിയറിലെ ഏറ്റവും മികച്ച വിജയത്തോടെ സ്വരേവ് കിരീടവും സ്വന്തമാക്കി.