വന്ദേഭാരത് ട്രാക്ക് പരിശോധന പൂർത്തിയായി: വേഗതയുടെ കാര്യത്തിൽ തീരുമാനം ട്രയൽ റണിന് ശേഷം

ട്രയലിന് ശേഷമായിരിക്കും വേഗതയുടെ കാര്യത്തിൽ അന്തിമ തീരുമാനമെടുക്കുക.

Update: 2023-04-15 01:16 GMT
Editor : rishad | By : Web Desk

വന്ദേഭാരത് എക്സ്പ്രസ്

Advertising

പാലക്കാട്: വന്ദേഭാരത് എക്സ്പ്രസ് ഓടിക്കുന്നതിന് മുന്നോടിയായുള്ള ട്രാക്ക് പരിശോധന പൂർത്തിയായി. ഈ മാസം 22ന് ട്രയൽ റൺ നടത്തും. ട്രയലിന് ശേഷമായിരിക്കും വേഗതയുടെ കാര്യത്തിൽ അന്തിമ തീരുമാനമെടുക്കുക.

ദക്ഷിണ റെയിൽവേ ജനറൽ മാനേജർ ആര്‍.എന്‍ സിംഗിന്റെ നേതൃത്വത്തിലാണ് തിരുവനന്തപുരം മുതൽ കോഴിക്കോട് വരെയുള്ള ട്രാക്ക് പരിശോധന നടത്തിയത്. വന്ദേഭാരത് ട്രെയിൻ സർവീസ് നടത്തുന്ന പാതയിലായിരുന്നു പരിശോധന. കേരളത്തിലെ ട്രാക്കുകളുടെ വളവും തിരിവും കണക്കിലെടുത്ത് എത്ര കിലോമീറ്റർ വേഗതയിൽ വന്ദേഭരത് ട്രെയിനിന് സർവീസ് നടത്താനാകുമെന്ന് അറിയാനാണ് ട്രാക്ക് പരിശോധന നടത്തിയത്. തിരുവനന്തപുരം കൊല്ലം റൂട്ടിൽ മണിക്കൂറിൽ 100 കിലോമീറ്റർ ദൂരത്തിൽ സർവീസ് നടത്താനാകും. കൊല്ലം- എറണാകുളം റൂട്ടിൽ വേഗം 90 കിലോമീറ്റർ ആണ്.

എറണാകുളം - തൃശ്ശൂർ റൂട്ടിൽ പരമാവധി വേഗത്തിൽ സർവീസ് നടത്താം. തൃശൂർ- ഷൊർണൂർ റൂട്ടിലാണ് വന്ദേഭാരത് ട്രെയിൻ ഏറ്റവും വേഗതകുറച്ച് സർവീസ് നടത്തുക. 80 കിലോമീറ്റർ ആയിരിക്കും ഈ പാതയിലെ സ്പീഡ്. ഷൊർണൂർ -കണ്ണൂർ റൂട്ടിൽ മണിക്കൂറില്‍ 90 മുതൽ 100 കിലോമീറ്റർ സ്പീഡിലും സർവീസ് നടത്തും. ട്രെയിനിന്റെ പരീക്ഷണ ഓട്ടത്തിന് ശേഷം ആയിരിക്കും വേഗത്തിൻ്റെ കാര്യത്തിൽ റെയിൽവേ അന്തിമ തീരുമാനമെടുക്കുക. വന്ദേഭാരത് ട്രെയിനിലെ ചെയർ കാറിൽ യാത്ര ചെയ്യാൻ 900 രൂപക്ക് അടുത്തായിരിക്കും ചാർജ്. എക്സിക്യൂട്ടീവ് കോച്ചിന്റെ ടിക്കറ്റ് നിരക്ക് 2000 രൂപയും ആകും. തിരുവനന്തപുരത്തുനിന്ന് കണ്ണൂരിലേക്കും തിരിച്ചും സർവീസ് നടത്തണമെങ്കിൽ ഒരു ട്രെയിൻ കൂടി ആവശ്യമാണ്. ഇതും ഉടൻ കേരളത്തിൽ എത്തുമെന്നാണ് സതേൺ റെയിൽവേയുടെ പ്രതീക്ഷ.

കൂടുതൽ സ്ഥലങ്ങളിൽ സ്റ്റോപ്പ് അനുവദിക്കണമെന്ന് ജനപ്രതിനിധികൾ അടക്കമുള്ളവരുടെ ആവശ്യം നിലവിൽ അംഗീകരിക്കാൻ സാധ്യതയില്ല. ആറുമണിക്കൂർ കൊണ്ട് തിരുവനന്തപുരത്തുനിന്ന് കണ്ണൂർ എത്താൻ ആകും എന്നാണ് റെയിൽവേയുടെ കണക്കുകൂട്ടൽ. കൂടുതൽ സ്റ്റോപ്പ് അനുവദിച്ചാൽ സമയം വീണ്ടും കൂടും. കേരളത്തിലെ ട്രാക്കുകളുടെ വളവുകൾ നിവർത്തിയതിനുശേഷം മണിക്കൂറിൽ 130 കിലോമീറ്റർ വരെ വേഗതയിൽ സർവീസ് നടത്താനാകും. കൂടുതൽ സ്റ്റോപ്പുകൾ വേണമെന്ന ആവശ്യം അപ്പോൾ പരിഗണിക്കാനാണ് റെയിൽവേയുടെ തീരുമാനം.


Tags:    

Writer - rishad

contributor

Editor - rishad

contributor

By - Web Desk

contributor

Similar News