കോൺഗ്രസിൽ ഗ്രൂപ്പ് പ്രവർത്തനം നടത്തില്ലെന്ന് ശശിതരൂർ
കോഴിക്കോട് യൂത്ത് കോൺഗ്രസ് പരിപാടിയിൽ ശശി തരൂരിനെ വിലക്കിയതിനെതിരെ എം.കെ രാഘവൻ എം.പി പരാതി നൽകി.
കണ്ണൂര്‍: തന്റേത് സമാന്തര രാഷ്ട്രീയ പ്രവർത്തനം അല്ലന്ന് പറയാനാവില്ലെന്ന് ശശി തരൂർ മീഡിയവണിനോട്. ഗ്രൂപ്പ് പ്രവർത്തനം നടത്തില്ല, ഒരു ഗ്രൂപ്പിന്റെയും ഭാഗമാകാനില്ല. മലബാർ സന്ദർശനം വലിയ വാർത്തയായത് അതിശയകരമാണെന്നും ശശി തരൂർ പറഞ്ഞു. തലശ്ശേരിയിലെത്തിയ തരൂർ ആർച്ച് ബിഷപ്പ് ജോസഫ് പാംപ്ലാനിയുമായി കൂടിക്കാഴ്ച നടത്തി.
അതേസമയം ശശി തരൂരിനെതിരായ വി.ഡി സതീശന്റെ വിമർശനങ്ങളെ തള്ളി കെ മുരളീധരൻ രംഗത്ത് എത്തി. ശശി തരൂരിന്റേത് വിഭാഗീയ പ്രവർത്തനമല്ല. താഴെ തട്ടിൽ പ്രവർത്തിച്ചവർ മാത്രമല്ല നേതാവാകുന്നത്. ആളുകളെ വില കുറച്ച് കാണേണ്ടെന്നും ഇന്നലെ മെസിക്ക് സംഭവിച്ചത് പോലെയാവുമെന്നും മുരളീധരൻ പറഞ്ഞു.
'കോഴിക്കോട്ടെ പരിപാടിയിൽ നിന്ന് യൂത്ത് കോൺഗ്രസ് പിന്മാറിയ സംഭവത്തിൽ അന്വേഷണം വേണമെന്ന് എംകെ രാഘവൻ എംപിക്ക് ആവശ്യപ്പെടാം. അതിൽ തീരുമാനമെടുക്കേണ്ടത് മല്ലികാർജ്ജുൻ ഖാർഗെയും രാഹുൽ ഗാന്ധിയും സോണിയ ഗാന്ധിയുമാണ്. അത് അന്വേഷിക്കണമെന്ന ആവശ്യം തനിക്കില്ല. കാരണം, എനിക്കെല്ലാമറിയാം'-മുരളീധരന്‍ പറഞ്ഞു.
കോഴിക്കോട് യൂത്ത് കോൺഗ്രസ് പരിപാടിയിൽ ശശി തരൂരിനെ വിലക്കിയതിനെതിരെ എം.കെ രാഘവൻ എം.പി പരാതി നൽകി. കോൺഗ്രസ് ദേശീയ നേതൃത്വത്തിനും കെ.പി.സി.സി പ്രസിഡന്റിനുമാണ് പരാതി നൽകിയത്.