ജോലിയില്‍ നിന്ന് വിരമിച്ച പ്രവാസികള്‍ക്ക് ദീര്‍ഘകാല വിസ പ്രഖ്യാപിച്ച് യു.എ.ഇ മന്ത്രിസഭ

യു.എ.ഇയിലെ കെട്ടിട-ഭൂമിയില്‍ 20 ലക്ഷം ദിർഹമിന്റെ നിക്ഷേപമുള്ളവര്‍, 10 ലക്ഷം ദിർഹമിൽ കുറയാത്ത സമ്പാദ്യമുള്ളവര്‍, അല്ലെങ്കില്‍ മാസം 20,000 ദിർഹമിന്റെ വരുമാനമുള്ളവര്‍ ഇവര്‍ക്കാണ് ദീർഘകാല വിസ ലഭിക്കുക

Update: 2018-09-16 18:47 GMT
Advertising

ജോലിയില്‍ നിന്ന് വിരമിച്ച പ്രവാസികള്‍ക്ക് രാജ്യത്ത് തുടരാന്‍ യു.എ.ഇ മന്ത്രിസഭ ദീര്‍ഘകാല വിസ പ്രഖ്യാപിച്ചു. അടുത്തവര്‍ഷം മുതലാണ് അഞ്ച് വര്‍ഷം കാലാവധിയുള്ള വിസ നിലവില്‍ വരിക. വിസക്ക് അപേക്ഷിക്കാനുള്ള യോഗ്യതകളും മന്ത്രിസഭ പ്രഖ്യാപിച്ചു.

55 വയസ് പിന്നിട്ട് ജോലിയില്‍ നിന്ന് വിരമിക്കുന്നവര്‍ക്ക് യു.എ.ഇയില്‍ തങ്ങാന്‍ അവസരം നല്‍കുന്നതാണ് പുതിയ വിസ. യു എ ഇയിലെ കെട്ടിടങ്ങളിലോ ഭൂമിയിലോ 20 ലക്ഷം ദിർഹമിന്റെ നിക്ഷേപമുള്ളവര്‍, 10 ലക്ഷം ദിർഹമിൽ കുറയാത്ത സമ്പാദ്യമുള്ളവര്‍, അല്ലെങ്കില്‍ മാസം 20,000 ദിർഹമിന്റെ വരുമാനമുള്ളവര്‍ ഇവര്‍ക്കാണ് ദീർഘകാല വിസ ലഭിക്കുക.

അഞ്ചു വർഷമാണ് വിസയുടെ കാലാവധി. ആവശ്യമെങ്കില്‍ വിസ പിന്നീട് പുതുക്കാനും സൗകര്യമുണ്ടാകുമെന്ന് മന്ത്രിസഭ വ്യക്തമാക്കി. താമസ കുടിയേറ്റ നിയമങ്ങളില്‍ യു.എ.ഇ തുടരുന്ന പരിഷ്കരണങ്ങളുടെ ഭാഗമായാണ് വിരമിച്ചവര്‍ക്കുള്ള വിസയും പ്രഖ്യാപിച്ചത്. നേരത്തേ റിട്ടയര്‍മെന്റ് പ്രായം കഴിഞ്ഞവര്‍ക്ക് നിക്ഷേപ വിസ, പാരന്റ് വിസ എന്നിവ മാത്രമാണ് അനുവദിച്ചിരുന്നത്.

Tags:    

Similar News