അടുത്തവർഷം മുതൽ യു.എ.ഇയിൽ സിഗററ്റുകൾക്ക് ഡിജിറ്റൽ സ്റ്റാമ്പ്
നികുതി വെട്ടിപ്പ് തടയാനുള്ള സർക്കാർ പ്രവർത്തനങ്ങളുടെ ഭാഗമായി അടുത്ത വർഷം മുതൽ യു.എ.ഇയിൽ സിഗററ്റുകൾക്ക് ഡിജിറ്റൽ സ്റ്റാമ്പ് പതിക്കും.പുകയില ഉൽപന്നങ്ങളുടെ കള്ളക്കടത്ത് തടയുന്നതിനും വരുമാന നഷ്ടം ഇല്ലാതാക്കുന്നതിനും ഇൗ സംവിധാനം ഉപകരിക്കുമെന്നാണ് പ്രതീക്ഷ.
യു.എ.ഇയിലെ പുകയില ഉൽപന്ന വിൽപനയിൽ 30 ശതമാനം അനധികൃതമായി ഇറക്കുമതി ചെയ്തവയാണെന്നാണ് വിലയിരുത്തൽ. പോയ വർഷം പുകയില ഉൽപന്നങ്ങളുടെ വില ഇരട്ടിപ്പിച്ചതോടെ അനധികൃത ഇറക്കുമതി വർധിക്കുകയും ചെയ്തു. ഇറാഖ്, സിറിയ, ഇറാൻ രാജ്യങ്ങളിൽനിന്നാണ് കൂടുതലും പുകയില ഉൽപന്നങ്ങളുടെ അനധികൃത ഇറക്കുമതി നടത്തുന്നത്.
ഇൗ സാഹചര്യത്തിൽ സിഗററ്റ് ബണ്ടിലുകൾക്കാവും ഇപ്പോൾ ഡിജിറ്റൽ സ്റ്റാമ്പ് നിർബന്ധമാക്കുക. ഭാവിയിൽ യു.എ.ഇയിൽ വിൽക്കുന്ന ഒാരോ ഉൽപന്നത്തിലും ബാധകമാക്കും. ഇറക്കുമതി ചെയ്യുന്ന വ്യക്തി, ഉൽപാദകൻ തുടങ്ങിയവരുടെ വിവരങ്ങൾ ഉൾക്കൊള്ളുന്നതാകണം സ്റ്റാമ്പ്. ഇങ്ങനെ സ്റ്റാമ്പ് പതിച്ചിട്ടുണ്ടെന്ന് ഉറപ്പുവരുത്തുന്നതിന് കസ്റ്റംസ് ജീവനക്കാർക്ക് പ്രത്യേക സ്കാനറുകൾ ലഭ്യമാക്കും. സ്റ്റാമ്പില്ലാത്ത ഉൽപന്നങ്ങൾ കൈ വശം വെക്കുന്നവരും വിൽക്കാൻ തങ്ങളുടെ സംവിധാനം അനുവദിക്കുന്നവരും ശിക്ഷക്ക് വിധേയരാകും. സ്റ്റാമ്പ് കേടുവരുത്തിയതായി ബോധ്യപ്പെട്ടാലും പിഴ വിധിക്കും. പുകയില ഉൽപന്നങ്ങളിൽ ഡിജിറ്റൽ സ്റ്റാമ്പ് ഏർപ്പെടുത്തുന്ന മേഖലയിലെ ആദ്യ രാജ്യമായിരിക്കും യു.എ.ഇ.