സിറ്റി ഗ്യാസ് പദ്ധതിയുടെ നിരക്ക് വർദ്ധനയിൽ പ്രതിഷേധം ഏറ്റെടുത്ത് കോൺഗ്രസ്

ലക്ഷ്യത്തിൻറെ ഏഴയലത്ത് എത്താത്ത സിറ്റി ഗ്യാസ് പദ്ധതിയെക്കുറിച്ച് മീഡിയ വൺ വാർത്താ പരമ്പര നൽകിയതിന് പിന്നാലെയാണ് കോൺഗ്രസ് പ്രതിഷേധവുമായി രംഗത്തിത്തിയത്

Update: 2022-12-19 14:26 GMT
Advertising

സിറ്റി ഗ്യാസ് പദ്ധതിയുടെ വൻ നിരക്ക് വർദ്ധനയിൽ പ്രതിഷേധം ഏറ്റെടുത്ത് കോൺഗ്രസ്. കോൺഗ്രസ് കളമശ്ശേരി ബ്ലോക്ക് കമ്മിറ്റിയുടെ നേതൃത്വത്തിൽ സിറ്റി ഗ്യാസ് വിതരണ കമ്പനിയായ ഇന്ത്യൻ ഓയിൽ അദാനി ഗ്യാസ് പ്രൈവറ്റ് ലിമിറ്റഡിന്റെ കൊച്ചിയിലെ ഓഫീസിലേക്ക് മാർച്ച് നടത്തുകയാണ്. 

ലക്ഷ്യത്തിൻറെ ഏഴയലത്ത് എത്താത്ത സിറ്റി ഗ്യാസ് പദ്ധതിയെക്കുറിച്ച്് മീഡിയ വൺ വാർത്താ പരമ്പര നൽകിയതിന് പിന്നാലെയാണ് കോൺഗ്രസ് പ്രതിഷേധവുമായി രംഗത്തിത്തിയത്. മൂന്ന് വർഷം കൊണ്ട് കൊച്ചിയിലെ 50,000ത്തിലധികം പേർക്ക് കണക്ഷൻ എന്ന വിതരണ കമ്പനിയുടെ 2016ലെ വാദമാണ് പൊളിഞ്ഞത്. ഇതുവരെ വെറും 4400 പേർക്ക് മാത്രമാണ് കണക്ഷൻ നൽകാൻ കഴിഞ്ഞത്. 30,000 വീടുകളിൽ പേരിനെന്നോണം മീറ്റർ മാത്രമാണ് സ്ഥാപിച്ചിട്ടുളളത്.

2017ലാണ് ആലുവ സ്വദേശിയായ തോമസിൻറെ വീട്ടിൽ ഗ്യാസ് കണക്ഷൻ നൽകാൻ എന്ന പേരിൽ മീറ്റർ സ്ഥാപിച്ചത്. മീറ്റർ സ്ഥാപിക്കുന്നതിനായി 915 രൂപയും നൽകി.

എന്നാൽ അഞ്ചു വർഷങ്ങൾക്ക് ഇപ്പുറവും ഗ്യാസ് കണക്ഷൻ സംബന്ധിച്ച് ഒരു വിവരവുമില്ല. രണ്ടായിരത്തിലധികം രൂപ നൽകി മീറ്റർ സ്ഥാപിച്ചവരും കൂട്ടത്തിൽ ഉണ്ട്. എറണാകുളത്തെ 30,000 വീടുകളിൽ ഇതാണ് അവസ്ഥ. 2016ൽ കളമശേരി മെഡിക്കൽ കോളജിൽ ആദ്യമായി നടപ്പിലാക്കിയ പദ്ധതി പിന്നീട് ഒന്നാം പിണറായി സർക്കാർ അധികാരത്തിൽ വന്നതിന് പിന്നാലെ കൂടുതൽ ഇടങ്ങളിലേക്ക് വ്യാപിപ്പിക്കുകയായിരുന്നു. കളമശേരി, തൃക്കാക്കര മണ്ഡലങ്ങളിലായിട്ടാണ് 4400 പേർക്ക് കണക്ഷൻ നൽകിയത്. കൊച്ചി കോർപറേഷന് കീഴിലെ വാർഡുകളിൽ പണികൾ തുടങ്ങിയിട്ടുണ്ടെങ്കിലും എങ്ങും എത്തിയിട്ടില്ല.

പൈപ്പ് ലൈൻ സ്ഥാപിക്കാനുള്ള കുഴിയെടുക്കാൻ പിഡബ്ല്യുഡിയും തദ്ദേശ സ്ഥാപനങ്ങളും തടസ്സം നിൽക്കുന്നതാണ് പ്രതിസന്ധിക്ക് കാരണമെന്നാണ് വിതരണ കമ്പനിയായ ഇന്ത്യൻ ഓയിൽ അദാനി ഗ്യാസ് പ്രൈവറ്റ് ലിമിറ്റഡിന്റെ വിശദീകരണം.

അതേസമയം വെറും മീറ്റർ മാത്രം സ്ഥാപിച്ചിട്ടുളള വീടുകളുടെ എണ്ണം ഉൾപ്പെടുത്തിയാണ് വിതരണ കമ്പനി ഉപഭോക്താക്കളുടെ കണക്ക് സർക്കാരിന് നല്കുന്നതെന്ന ആക്ഷേപവും ശക്തമാണ്. ഏതായാലും പണം മുടക്കി മീറ്റർ സ്ഥാപിച്ചവർ എന്തുചെയ്യണമെന്ന ചോദ്യത്തിനും വിതരണ കമ്പനിക്ക് മറുപടി ഇല്ല.

Writer - അലി തുറക്കല്‍

Media Person

Editor - അലി തുറക്കല്‍

Media Person

By - Web Desk

contributor

Similar News