സ്വാമി ഗുരുപ്രസാദിനെതിരെയുളള പീഡന പരാതി: പൊലീസ് മൊഴി തിരുത്തിയെന്ന് യുവതി, പ്രതിയെ സംരക്ഷിക്കാൻ ശ്രമം
ശിവഗിരി ധർമ്മ സംഘം ട്രസ്റ്റ് ബോർഡ് അംഗം സ്വാമി ഗുരുപ്രസാദ് അമേരിക്കയിൽ വെച്ച് പീഡനശ്രമം നടത്തിയെന്നായിരുന്നു പത്തനംതിട്ട സ്വദേശിയായ അമേരിക്കൻ മലയാളി നഴ്‌സിന്റെ പരാതി.
പൊലീസിനെതിരെ ഗുരുതര ആരോപണവുമായി സ്വാമി ഗുരുപ്രസാദിനെതിരെ പീഡന പരാതി നൽകിയ യുവതി. തന്റെ മൊഴി തിരുത്തിയാണ് പൊലീസ് മുഖ്യമന്ത്രിക്ക് റിപ്പോർട്ട് നൽകിയതെന്ന് യുവതി മീഡിയവണ്ണിനോട് പറഞ്ഞു. മലയാലപ്പുഴ പൊലീസാണ് മൊഴി തിരുത്തിയത്. കേസിന്റെ കാര്യങ്ങൾ അന്വേഷിക്കാനായി മുഖ്യമന്ത്രിയുടെ ഓഫിസിൽ ബന്ധപ്പെട്ടപ്പോൾ, പരാതിയില്ലെന്ന് മൊഴി നൽകിയതിനാൽ ഫയൽ ക്ലോസ് ചെയ്‌തെന്നായിരുന്നു മറുപടി. ഇതോടെയാണ് പൊലീസ് മൊഴി തിരുത്തിയാണ് റിപ്പോർട്ട് നൽകിയതെന്ന് മനസിലായതെന്ന് യുവതി പറഞ്ഞു.
പ്രതിയെ സംരക്ഷിക്കുന്ന രീതിയിലുളള പെരുമാറ്റമാണ് പൊലീസിൽ നിന്നുണ്ടായത്. ഇതെ തുടർന്ന് വീണ്ടും ഡിജിപിക്ക് പരാതി നൽകി. വർക്കല പൊലീസിന് ഈ പരാതി ഡിജിപി കൈമാറിയെങ്കിലും അമേരിക്കയിൽ വെച്ച് നടന്ന സംഭവത്തിന് അവിടെ എത്തി അന്വേഷണം നടത്തണമെന്നത് പ്രായോഗികമല്ലെന്നും കേസെടുക്കാൻ കഴിയില്ലെന്നുമാണ് വർക്കല മുൻ സിഐ പ്രശാന്ത് അറിയിച്ചത്. ഇതോടെ സ്വാമി ഗുരുപ്രസാദിനെതിരെ കേസെടുക്കണമെന്ന് ആവശ്യപ്പെട്ട് വർക്കല കോടതിയെ സമീപിച്ചിരിക്കുകയാണ് പരാതിക്കാരി.
ശിവഗിരി ധർമ്മ സംഘം ട്രസ്റ്റ് ബോർഡ് അംഗം സ്വാമി ഗുരുപ്രസാദ് അമേരിക്കയിൽ വെച്ച് പീഡനശ്രമം നടത്തിയെന്നായിരുന്നു പത്തനംതിട്ട സ്വദേശിയായ അമേരിക്കൻ മലയാളി നഴ്‌സിന്റെ പരാതി. ടെക്സസിലെ വീട്ടിൽ അതിഥിയായി എത്തിയ സമയത്താണ് അക്രമമുണ്ടായത്. നഗ്നമായി യോഗ ചെയ്യുന്ന വീഡിയോയും സ്വാമി യുവതിക്ക് വാട്ട്സാപ്പിൽ അയച്ചു.ശിവഗിരി മഠത്തിന് കീഴിൽ നോർത്ത് അമേരിക്കയിൽ ആശ്രമം സ്ഥാപിക്കാൻ ടെക്സാസിൽ എത്തിയ സമയത്താണ് സ്വാമി ഗുരുപ്രസാദ് കൈയ്യേറ്റം ചെയ്തതെന്ന് യുവതി പറയുന്നു. പിന്നീട് സ്വാമി ക്ഷമ പറഞ്ഞു. നാട്ടിലെത്തിയ ശേഷമായിരുന്നു യുവതി പ്രധാനമന്ത്രിക്കും മുഖ്യമന്ത്രിക്കും സംസ്ഥാന പൊലീസ് മേധാവിക്കും അടക്കം പരാതി നൽകിയത്.