ശ്രീലങ്കയിൽ പുതിയ മന്ത്രിസഭ അധികാരത്തിലേക്ക്; 17 മന്ത്രിമാരുടെ സത്യപ്രതിജ്ഞ ഇന്ന്‌

പുതിയ കാബിനറ്റിൽ എട്ട് മുൻ മന്ത്രിമാരാണ് ഉള്ളത്. നിരവധി പുതുമുഖങ്ങളും ഇത്തവണ മന്ത്രിസഭയിലെത്തും

Update: 2022-04-18 10:04 GMT
Editor : Lissy P | By : Web Desk
Advertising

കൊളംബോ: കടുത്ത സാമ്പത്തിക പ്രതിസന്ധിക്ക് പുറമെ രാഷ്ട്രീയ പ്രതിസന്ധിയും നേരിടുന്ന ശ്രീലങ്കയിൽ പുതിയ മന്ത്രിസഭ ഇന്ന് അധികാരത്തിലേറും. പ്രസിഡന്റ് ഗോതബയ രാജപക്സെ പുതിയ 17 കാബിനറ്റ് മന്ത്രിമാരെ നിയമിച്ചു. ഭരണത്തിന്റെ സുഗമമായ പ്രവർത്തനം ഉറപ്പാക്കുക എന്ന ലക്ഷ്യത്തോടെയാണ് പുതിയ മന്ത്രിമാരെ നിയമിച്ചത്. രാഷ്ട്രപതി ഭവനിൽ വച്ചാണ് ഇവർ സത്യപ്രതിജ്ഞ ചെയ്യുന്നത്. പ്രസിഡന്റ് രാജപക്സെ നടത്തുന്ന മൂന്നാമത്തെ മന്ത്രിസഭാ പുനഃസംഘടനയാണിത്.

പുതിയ കാബിനറ്റിൽ എട്ട് മുൻ മന്ത്രിമാരാണ് ഉള്ളത്. നിരവധി പുതുമുഖങ്ങളും ഇത്തവണ മന്ത്രിസഭയിലെത്തുമെന്നും കൊളംബോ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. എന്നാൽ പുതുമുഖങ്ങളെ മന്ത്രിമാരാക്കാനുള്ള നീക്കത്തിനെതിരെയും പ്രതിഷേധമുയരുന്നുണ്ട്. മുൻ പരിചയമില്ലാത്തവരെ മന്ത്രിയാക്കിയാൽ എങ്ങനെ പ്രതിസന്ധി തീരുമെന്നാണ് പ്രതിപക്ഷ പാർട്ടികൾ ചോദിക്കുന്നത്.

സാമ്പത്തിക പ്രതിസന്ധി രൂക്ഷമായതിന് പിന്നാലെ സർക്കാറിനെ വലിയ പ്രതിഷേധമായായിരുന്നു ശ്രീലങ്കയിൽ നടന്നത്. തുടർന്ന് പ്രധാനമന്ത്രി മഹിന്ദ രാജപക്സെ ഒഴികെയുള്ള 26 മന്ത്രിമാർ രാജിവെക്കുകയായിരുന്നു.രാജ്യത്തിന്റെ മറ്റ് പ്രവർത്തനങ്ങളുടെയും നിയമസാധുതയും സ്ഥിരതയും നിലനിർത്താൻ അടുത്ത ദിവസം പ്രസിഡന്റ് രാജപക്സെ നാല് മന്ത്രിമാരെ നിയമിച്ചിരുന്നു. പുതിയ കാബിനറ്റ് മന്ത്രിമാരെ ഉൾപ്പെടുത്തി ഏപ്രിൽ 19 ന് പ്രത്യേക പാർലമെന്റ് യോഗവും ചേരും.

സ്വാതന്ത്ര്യത്തിന് ശേഷമുള്ള ഏറ്റവും മോശമായ സാമ്പത്തിക പ്രതിസന്ധിയെയാണ് ശ്രീലങ്ക ഇപ്പോൾ അഭിമുഖീകരിക്കുന്നത്. ഭക്ഷ്യവസ്തുക്കളുടെയും ഇന്ധനത്തിന്റെയും ക്ഷാമത്തിന് പുറമം, കുതിച്ചുയരുന്ന വിലക്കയറ്റവും മണിക്കൂറുകളോളമുള്ള വൈദ്യുത മുടക്കവും ജനജീവിതത്തെ വലിയ രീതിയിൽ ബാധിച്ചു.കോവിഡ് ശേഷം തുടങ്ങിയ സാമ്പത്തിക അരക്ഷിതാവസ്ഥ ടൂറിസം മേഖലയുടെ തകർച്ചയിലേക്കും നയിച്ചു. വിദേശനാണ്യ ക്ഷാമത്തോടെ അവശ്യവസ്തുക്കളുടെ ഇറക്കുമതിയെയും ബാഘിച്ചു. തുടർന്ന് ഇന്ത്യയടക്കമുള്ള അയൽ രാജ്യങ്ങളിൽ നിന്നാണ് രാജ്യം സാമ്പത്തിക സഹായം നേടിയത്.

Tags:    

Writer - Lissy P

Web Journalist, MediaOne

Editor - Lissy P

Web Journalist, MediaOne

By - Web Desk

contributor

Similar News