തിയറ്ററില്‍ വെടിവെപ്പ്: ടിക് ടോക് താരവും സുഹൃത്തും മരിച്ചു

ഒരു പ്രകോപനവുമില്ലാതെ പെട്ടെന്നുള്ള അക്രമം എന്നാണ് പൊലീസ് പറയുന്നത്

Update: 2021-08-02 05:03 GMT
Advertising

സിനിമാ തിയറ്ററില്‍ വെച്ച് വെടിയേറ്റ ടിക് ടോക് താരം മരിച്ചു. 19 വയസ്സുള്ള ആന്‍റണി ബരാജസ് ആണ് മരിച്ചത്. അമേരിക്കയിലെ കാലിഫോര്‍ണിയയിലാണ് സംഭവം. ബരാജസിന്‍റെ സുഹൃത്ത് റൈലി ഗുഡ്‌റിച്ചും കൊല്ലപ്പെട്ടു.

ദ ഫോറെവര്‍ പര്‍ജ് എന്ന സിനിമയുടെ പ്രദര്‍ശനത്തിനിടെയാണ് സംഭവം. വര്‍ഷത്തില്‍ ഒരു രാത്രി കൊലപാതകം ഉള്‍പ്പെടെ എന്തു കുറ്റകൃത്യവും ചെയ്യാന്‍ അനുമതി നല്‍കുന്ന ഏകാധിപത്യ ഭരണകൂടത്തെ കുറിച്ചുള്ള സിനിമയാണിത്. വളരെ കുറച്ച് പ്രേക്ഷകര്‍ മാത്രമുണ്ടായിരുന്ന സിനിമയ്ക്ക് ശേഷം ബരാജസിനും സുഹൃത്തിനും തലയ്ക്ക് വെടിയേല്‍ക്കുകയായിരുന്നു. ഗുഡ്റിച്ച് സംഭവ സ്ഥലത്തുവെച്ചു തന്നെ മരിച്ചു. ബരാജസ് ആശുപത്രിയില്‍ വെച്ചാണ് മരിച്ചത്.

ഒരു പ്രകോപനവുമില്ലാതെ പെട്ടെന്നുണ്ടായ അക്രമം എന്നാണ് പൊലീസ് പറയുന്നത്. 20കാരനായ ജോസഫ് ജിമെനെസിനെ അറസ്റ്റ് ചെയ്തു. ആക്രമത്തിന് പിന്നാലെ അടുത്ത ദിവസമാണ് ഇയാളെ പിടികൂടിയത്. ഇയാൾ ഒറ്റയ്ക്കാണ് അക്രമം നടത്തിയതെന്നും ബരാജസിനെയും സുഹൃത്തിനെയും ഇയാള്‍ക്ക് നേരത്തെ അറിയില്ലെന്നുമാണ് പൊലീസ് പറയുന്നത്. ടിക് ടോകില്‍ 10 ലക്ഷത്തോളം ഫോളോവേഴ്സുണ്ട് ബരാജസിന്. നല്ലൊരു ഫുട്ബോള്‍ കളിക്കാരന്‍ കൂടിയാണ് അദ്ദേഹം.

തോക്ക് ഉപയോഗിച്ചുള്ള നിരവധി ആക്രമണങ്ങള്‍ അമേരിക്കയിലുണ്ടായിട്ടുണ്ട്. സ്‌കൂളുകൾ, തൊഴിലിടങ്ങള്‍, ഷോപ്പിങ് സെന്‍ററുകൾ എന്നിവ ലക്ഷ്യമാക്കിയുള്ള വെടിവെപ്പുകളും ആള്‍ക്കൂട്ട ആക്രമണങ്ങളുമുണ്ടായി. 2012ല്‍ കൊളറാഡോയിലെ അറോറയില്‍ തിയറ്ററില്‍ ആയുധധാരിയായ അക്രമി 12 പേരെയാണ് വെടിവെച്ചുകൊന്നത്.

Tags:    

Writer - സിതാര ശ്രീലയം

contributor

Editor - സിതാര ശ്രീലയം

contributor

By - Web Desk

contributor

Similar News