നുസൈറാത്ത് അഭയാർഥി ക്യാംപിൽ ഇസ്രായേല്‍ നരനായാട്ട്; 210 ഫലസ്തീനികൾ കൊല്ലപ്പെട്ടു

അഭയാർഥി ഫലസ്തീനികളാണെന്നു തെറ്റിദ്ധരിപ്പിച്ചായിരുന്നു ട്രക്കിൽ ഫർണിച്ചറുകൾ നിറച്ച് ഇസ്രായേൽ സൈന്യം എത്തിയതെന്നു ദൃക്‌സാക്ഷികൾ പറഞ്ഞു

Update: 2024-06-09 07:14 GMT
Editor : Shaheer | By : Web Desk
Advertising

ഗസ്സ സിറ്റി: മധ്യ ഗസ്സയിലെ നുസൈറാത്ത് അഭയാർഥി ക്യാംപിൽ ഇസ്രായേലിന്റെ കൂട്ടക്കുരുതി. 210 ഫലസ്തീനികളാണ് ആക്രമണത്തിൽ കൊല്ലപ്പെട്ടത്. 400ലേറെ പേർക്ക് പരിക്കേൽക്കുകയും ചെയ്തിട്ടുണ്ട്. ഇതിനിടയിൽ ഹമാസ് പിടിയിലുണ്ടായിരുന്ന നാല് ബന്ദികളെ മോചിപ്പിച്ചതായും ഇസ്രായേൽ അവകാശപ്പെട്ടു.

അഭയാർഥികളായ ഫലസ്തീനികളാണെന്നു തെറ്റിദ്ധരിപ്പിച്ച് ട്രക്കിൽ ഫർണിച്ചറുകൾ കയറ്റിയായിരുന്നു ഇസ്രായേൽ സൈന്യം എത്തിയതെന്നു ദൃക്‌സാക്ഷികൾ അൽജസീറയോട് പറഞ്ഞു. രഹസ്യട്രക്കിലാണു സംഘം എത്തിയത്. ഫർണിച്ചറുകൾ മാറ്റുകയാണെന്ന വ്യാജേനയെയായിരുന്നു ഇവർ വന്നത്. എന്നാൽ, നുസൈറാത്തിൽ എത്തിയതിനു പിന്നാലെ അവർ തന്റെയും സഹോദരന്റെയും അയൽവാസികളുടെയുമെല്ലാം വീടുകൾ ബോംബിട്ടു തകർത്തെന്ന് ഒരു ഫലസ്തീനി വെളിപ്പെടുത്തി.

കോണികളുമായാണ് ഇസ്രായേൽ സൈന്യം എത്തിയതെന്ന് മറ്റൊരു ദൃക്‌സാക്ഷി വെളിപ്പെടുത്തി. വീട്ടിൽ ഭാര്യയ്ക്കും കുഞ്ഞിനും ഭക്ഷണം തയാറാക്കിക്കൊണ്ടിരിക്കെയാണ് സംഘം തന്റെ വീട്ടിലേക്ക് ഇരച്ചെത്തിയത്. കോണി വച്ചു കയറിയായിരുന്നു ഇങ്ങോട്ട് വന്നത്. പിന്നാലെ വെടിവയ്പ്പ് ആരംഭിച്ചു. ആകെ സ്‌ഫോടനശബ്ദവും കരച്ചിലും ബഹളവുമായിരുന്നു. എന്റെ 18 മാസം മാത്രം പ്രായമുള്ള കുഞ്ഞ് പേടിച്ചു കരഞ്ഞു. ഭാര്യ നിലവിളിക്കുകയായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.

നുസൈറാത്ത് അഭയാർഥി ക്യാംപിൽ നടന്നത് ഇസ്രായേൽ കൂട്ടക്കൊലയാണെന്നാണു സംഭവത്തെ കുറിച്ച് ഗസ്സയിലെ സർക്കാർ മീഡിയ ഓഫിസ് വിശേഷിപ്പിച്ചത്. ഇസ്രായേൽ ആക്രമണത്തിൽ ഏതാനും ബന്ദികളും കൊല്ലപ്പെട്ടിട്ടുണ്ടെന്നും ഓഫിസ് അറിയിച്ചു. നുസൈറാതിലെ ആശുപത്രികളെല്ലാം രോഗികളെ കൊണ്ട് നിറഞ്ഞുകവിഞ്ഞിരിക്കുകയാണ്.

ഹൊറർ സിനിമ പോലെയായിരുന്നു ഇന്നലെ രാത്രിയിലെ സംഭവങ്ങളെന്ന് ദൃക്‌സാക്ഷിയായ ആരോഗ്യപ്രവർത്തകൻ പറഞ്ഞു. ശരിക്കുമൊരു കൂട്ടക്കൊലയാണു നടന്നതെന്ന് 45കാരനായ സിയാദ് റോയിട്ടേഴ്‌സിനോട് പറഞ്ഞു. ഇസ്രായേൽ ഡ്രോണുകളും യുദ്ധവിമാനങ്ങളും രാത്രി മുഴുവൻ വീടുകൾക്കും വീടുകളിൽനിന്ന് ഇറങ്ങിയോടുന്ന ജനങ്ങൾക്കും നേരെ വ്യോമാക്രമണം തുടർന്നു. അൽഔദ പള്ളിക്കും അടുത്തുള്ള മാർക്കറ്റിലുമെല്ലാം ആക്രമണം നടന്നു. നാലുപേരെ മോചിപ്പിക്കാൻ വേണ്ടി നൂറുകണക്കിനു നിരപരാധികളെയാണ് അവർ കൊന്നുകളഞ്ഞതെന്നും സിയാദ് പറഞ്ഞു.

നേരത്തെ തന്നെ നുസൈറാത്തിൽ ഇസ്രായേൽ ആക്രണം കടുപ്പിച്ചിരുന്നു. ഇവിടത്തെ യു.എൻ സ്‌കൂളിനുനേരെ ഇസ്രായേൽ നടത്തിയ ആക്രമണത്തിൽ 40 ഫലസ്തീനികളാണു കൊല്ലപ്പെട്ടത്. ആയിരക്കണക്കിനു ഫലസ്തീനികൾ അഭയാർഥികളായി കഴിയുന്ന കെട്ടിടത്തിൽ കഴിഞ്ഞ വ്യാഴാഴ്ച പുലർച്ചെ ആളുകൾ ഉറങ്ങുമ്പോഴായിരുന്നു ഇസ്രായേൽ നരനായാട്ട് നടന്നത്.

Summary: More than 200 Palestinians killed as Israel attacks Nuseirat refugee camp, rescues four Gaza hostages

Tags:    

Writer - Shaheer

contributor

Editor - Shaheer

contributor

By - Web Desk

contributor

Similar News