'പോരാടാൻ തയ്യാറായിരുന്നു, സിറിയ വിട്ടത് റഷ്യയുടെ അഭ്യർഥനപ്രകാരം...'- മൗനം വെടിഞ്ഞ് അസദ്, പ്രസ്‌താവന പുറത്ത്
റഷ്യ തന്നെ സിറിയയിൽ നിന്ന് ഒഴിപ്പിക്കുകയായിരുന്നു എന്നാണ് അസദിന്റെ വാദം
'സിറിയയിൽ നിന്നുള്ള എന്റെ യാത്ര നേരത്തെ ആസൂത്രണം ചെയ്‌തതോ ചിലർ അവകാശപ്പെടുന്നത് പോലെ യുദ്ധത്തിന്റെ അവസാനഘട്ടത്തിൽ സംഭവിച്ചതോ ആയിരുന്നില്ല... പോരാടാൻ ഞാൻ തയ്യാറായിരുന്നു.. പക്ഷേ...' സിറിയയിൽ നിന്ന് അധികാരഭ്രഷ്‌ടനാക്കപ്പെട്ട ശേഷം മൗനം വെടിഞ്ഞിരിക്കുകയാണ് സിറിയൻ മുൻ പ്രസിഡൻ്റ് ബശ്ശാറുൽ അസദ്. റഷ്യയിൽ അഭയം തേടിയതിന് ശേഷം അസദിന്റെ ആദ്യ പ്രസ്താവന വാർത്ത ഏജൻസിയായ എ.എഫ്.പിയാണ് റിപ്പോർട്ട് ചെയ്‌തത്.
തന്റെ ഭരണത്തെ ന്യായീകരിച്ച അസദ് സിറിയയിൽ നിന്നും ആസൂത്രിതമായി രക്ഷപ്പെട്ടുവെന്ന റിപ്പോർട്ടുകൾ തള്ളി. 'സിറിയയിൽ നിന്നുള്ള യാത്ര ആസൂത്രിതമോ യുദ്ധത്തിന്റെ അവസാന മണിക്കൂറുകളിൽ സംഭവിച്ചതോ ആയിരുന്നില്ല, ഭരണകൂടം തീവ്രവാദത്തിന്റെ കൈകളിൽ അകപ്പെട്ടുകഴിഞ്ഞാൽ പദവിയിൽ തുടരുന്നത് അർഥശൂന്യമാണ്. സിറിയ വിട്ടുപോകാൻ നേരത്തെ പദ്ധതിയിട്ടിരുന്നില്ല. ഡ്രോൺ ആക്രമണം രൂക്ഷമാതിനു പിന്നാലെയാണ് രാജ്യം വിടാൻ തീരുമാനിച്ചത്.. സിറിയൻ പ്രസിഡൻസിയുടെ ടെലിഗ്രാം ചാനലിൽ തിങ്കളാഴ്‌ചയാണ് ബശ്ശാറുൽ അസദിന്റെ പേരിൽ പൊതുപ്രസ്‌താവന പ്രത്യക്ഷപ്പെട്ടത്.
സിറിയയിൽ നിന്ന് എങ്ങനെ, എന്തിന് പലായനം ചെയ്‌തു എന്നതെല്ലാം ഈ പ്രസ്‌താവനയിൽ അസദ് വിവരിക്കുന്നുണ്ട്. തന്റെ ഭരണത്തെ ന്യായീകരിച്ച് കൊണ്ടായിരുന്നു ഓരോ വാക്കുകളും. 2024 ഡിസംബർ 8 ഞായറാഴ്‌ച പുലർച്ചെ വരെ എൻ്റെ ചുമതലകൾ ഞാൻ നിർവ്വഹിച്ചു. സംഘർഷം തുടങ്ങിയപ്പോഴും ഡമാസ്‌കസിൽ തന്നെ തുടർന്നു. വിമതപോരാളികൾ എന്ന് വിളിക്കുന്ന ഭീകരസേന തലസ്ഥാനത്ത് പ്രവേശിച്ചപ്പോൾ യുദ്ധ പ്രവർത്തനങ്ങൾക്ക് മേൽനോട്ടം വഹിക്കാനാണ് തീരദേശ നഗരമായ ലതാകിയയിലെ റഷ്യൻ താവളത്തിലേക്ക് നീങ്ങിയത്.
ചുരുക്കത്തിൽ റഷ്യ തന്നെ സിറിയയിൽ നിന്ന് ഒഴിപ്പിക്കുകയായിരുന്നു എന്നാണ് അസദിന്റെ വാദം. റഷ്യൻ താവളത്തിലേക്ക് മാറിയതിന് പിന്നാലെ അവിടെ സൈനിക ബേസുകളിൽ ഡ്രോൺ ആക്രമണം ഉണ്ടായി. തുടർന്ന് ഡിസംബർ 8 ഞായറാഴ്‌ച വൈകുന്നേരം റഷ്യയിലേക്ക് ഉടൻ പലായനം ചെയ്യണമെന്ന് മോസ്കോ അഭ്യർഥിക്കുകയായിരുന്നു. ഡിസംബര്‍ എട്ടിന് രാവിലെയാണ് ഡമാസ്‌കസ് വിട്ടത്. ഡമാസ്‌കസിൻ്റെ പതനത്തിന് ഒരു ദിവസത്തിന് ശേഷമാണ് ഇത് സംഭവിച്ചത്. അവസാന സൈനിക ബസുകളും തകർന്നു, ശേഷിക്കുന്ന എല്ലാ സർക്കാർ സ്ഥാപനങ്ങളും തകർച്ചയുടെ വക്കിലുമായിരുന്നു. റഷ്യൻ വ്യോമത്താവളവും ആക്രമിക്കപ്പെട്ടതിന് ശേഷമാണ് തനിക്ക് സിറിയ വിടേണ്ടി വന്നതെന്ന് പുറത്തുവന്ന അസദിന്റെ പ്രസ്‌താവനയിൽ പറയുന്നു.
ക്ഷമാപനത്തിന്റെ നിഴൽ പോലും ഉണ്ടായിരുന്നില്ല അസദിന്റെ പ്രസ്‌താവനയിൽ. മറിച്ച് സിറിയക്കാരുടെ പിന്തുണയുള്ള ഒരു ദേശീയ പദ്ധതിയുടെ സംരക്ഷകൻ താൻ തന്നെയാണെന്ന പട്ടവും അദ്ദേഹം സ്വയം എടുത്തണിഞ്ഞിരുന്നു. അധികാരം ഒഴിയുന്നതിനെപ്പറ്റിയോ മറ്റൊരു രാജ്യത്ത് അഭയം തേടുന്നതിനെപ്പറ്റിയോ ചിന്തിച്ചിട്ടുപോലുമില്ല. അങ്ങനെയൊരു അഭ്യർഥന പോലും ഒരു സംവിധാനത്തിന്റെയും മുന്നിൽ വെച്ചിട്ടില്ല. പോരാട്ടം തുടരാനാണ് ഉറച്ചിരുന്നതെന്നും റഷ്യയിൽ അഭയം തേടിയതിന് ശേഷമുള്ള ആദ്യ പ്രതികരണത്തില്‍ അസദ് അവകാശപ്പെടുന്നു.
സിറിയ വിടാനുള്ള തീരുമാനം അസദ് അതീവ രഹ്യമാക്കിവെച്ചിരുന്നുവെന്നും ആർക്കും ഇത് സംബന്ധിച്ച് യാതൊരു അറിവും ഉണ്ടായിരുന്നില്ല എന്നുമായിരുന്നു നേരത്തെ പുറത്തുവന്ന റിപ്പോർട്ടുകൾ. രാജ്യം വിടുന്നതിന് തൊട്ടുമുമ്പ് അസദ് സൈനിക മേധാവികളുടെ യോഗം വിളിച്ചുചേർത്തു,വിമതര്‍ക്കെതിരെ യുദ്ധം ചെയ്യാൻ ആഹ്വാനം ചെയ്‌തതായും റിപ്പോർട്ടുകളുണ്ടായിരുന്നു. ഇതെല്ലാം തള്ളിക്കൊണ്ടാണ് നീണ്ട മൗനത്തിന് ശേഷം അസദിന്റെ പ്രസ്‌താവന പുറത്തുവന്നത്.
സിറിയയിൽ നിന്ന് അസദിനെ മോസ്കോയിലെത്തിക്കാൻ ഏകദേശം 250 മില്യൺ ഡോളർ ചെലവായതായും സർക്കാർ ചെലവിലാണ് അസദ് രാജ്യംവിട്ടതെന്നും റിപ്പോർട്ടുകൾ പുറത്ത് വന്നിരുന്നു. രണ്ട് വര്‍ഷമെടുത്താണ് വന്‍തുക റഷ്യയിലേക്ക് കടത്തിയത്. ഈ തുക മോസ്‌കോയിലെത്തിച്ച് റഷ്യന്‍ ബാങ്കുകളില്‍ നിക്ഷേപിച്ചുവെന്നും ഫിനാന്‍ഷ്യല്‍ ടൈംസ് റിപ്പോർട് ചെയ്‌തിരുന്നു.
ഏകദേശം രണ്ട് ടണ്ണോളം ഭാരംവരുന്ന നോട്ടുകളാണ് സിറിയന്‍ സെന്‍ട്രല്‍ ബാങ്ക് മോസ്‌കോയിലെ നുകോവോ വിമാനത്താവളത്തിലേക്ക് അയച്ചത്. നൂറിന്റെ ഡോളര്‍ നോട്ടുകളും അഞ്ഞൂറിന്റെ യൂറോ നോട്ടുകളുമായിരുന്നു ഈ പെട്ടികളിൽ ഉണ്ടായിരുന്നത്. വിലക്ക് നേരിടുന്ന ഒരു റഷ്യന്‍ ബാങ്കിലാണ് പണം നിക്ഷേപിച്ചതെന്നും ഫിനാന്‍ഷ്യല്‍ ടൈംസ് റിപ്പോർട്ടിൽ പറയുന്നു. ഈ കാലങ്ങളിൽ അസദിന്റെ ബന്ധുക്കള്‍ റഷ്യയില്‍ വന്‍തോതില്‍ ആസ്‌തികള്‍ വാങ്ങിക്കൂട്ടിയതായും റിപ്പോർട്ടിലുണ്ട്.
2018 മാർച്ചിനും 2019 സെപ്റ്റംബറിനും ഇടയിലാണ് ഈ ഇടപാടുകൾ നടന്നത്. ബശ്ശാർ ഭരണകൂടത്തിനെതിരെ ഈ കാലയളവിൽ അന്താരാഷ്ട്ര ഉപരോധങ്ങൾ നിലവിലുണ്ടായിരുന്നു. ഇതെല്ലാം മറികടന്നായിരുന്നു റഷ്യയുമായുള്ള സിറിയയുടെ സാമ്പത്തിക ഇടപാട്.