ബുര്‍ഖയും ബിക്കിനിയും, പിന്നെ ബുര്‍ഖിനിയും
2003ല്‍ ജാക് ഷിറാക് പ്രസിഡന്റായിരിക്കെ മുഖംമൂടി നിയമം (vail law) എന്ന് പിന്നീടറിയപ്പെട്ട നിയമം പാസാക്കി. പൊതു വിദ്യാലയങ്ങളില്‍ മതചിഹ്നങ്ങള്‍ പ്രദര്‍ശിപ്പിക്കുന്നതും ധരിക്കുന്നതും നിരോധിക്കുന്നതായിരുന്നു നിയമം...
പുതിയതല്ലെങ്കിലും ഒരു ചര്‍ച്ച ഫ്രാന്‍സില്‍ ചൂട് പിടിക്കുകയാണ്. സ്ത്രീകള്‍ പൊതു ഇടങ്ങളില്‍ കുളിക്കുന്പോഴും നീന്തുന്പോഴും ഉപയോഗിക്കുന്ന ബുര്‍കിനി എന്ന വസ്ത്രം ചില നഗരങ്ങളില്‍ നിരോധിച്ചതാണ് ചര്‍ച്ചക്ക് കാരണം. സാധാരണ പാശ്ചാത്യരായ വനിതകള്‍ ഉപയോഗിക്കുന്ന ബിക്കിനി എന്ന വസ്ത്രത്തിന്റെ പരിഷ്കരിച്ച രൂപമാണ് ബുര്‍കിനി. പേര് സൂചിപ്പിക്കുന്നത്പോലെ തന്നെ ബിക്കിനിയും ബുര്‍ഖയും ചേര്‍ന്ന വസ്ത്രം. പരന്പരാഗതമായി മുസ്ലിം സ്ത്രീകളുടെ വസ്ത്രധാരണം പോലെ മുന്‍ കയ്യും മുഖവുമൊഴികെയുള്ള ശരീരഭാഗങ്ങള്‍ മറയ്ക്കുന്നതാണ് ബുര്‍ഖിനിയും.
1989 മുതലാണ് ഫ്രാന്‍സില്‍ മുസ്ലിം വനിതകളുടെ വസ്ത്രധാരണം വിവാദമാവുന്നത്. സ്കൂളുകളില്‍ ശിരോവസ്ത്രം ധരിച്ചെത്തിയ ചില മുസ്ലിം വിദ്യാര്‍ത്ഥിനികളോട് അത് നീക്കാന്‍ സ്കൂളധികൃതര്‍ ആവശ്യപ്പെടുകയും അതിന് വിസമ്മതിച്ചവരെ പുറത്താക്കുകയും ചെയ്തത് വലിയ വിവാദമായിരുന്നു. ഇതെ തുടര്‍ന്ന് രാജ്യവ്യാപകമായി ഇത്തരം സംഭവങ്ങളാവര്‍ത്തിച്ചു. പലതും വലിയ നിയമപ്രശ്നങ്ങളായി. കോടതികള്‍ പലപ്പോഴും വിദ്യാര്‍ത്ഥികളെ പുറത്താക്കിയ നടപടി റദ്ദാക്കുകയും ചെയ്തു. ഇതോടെ, സ്കൂളുകളില്‍ മതചിഹ്നങ്ങള്‍ ധരിച്ചെത്തുന്നത് തടയുന്ന നിയമനിര്‍മാണത്തിന് മുറവിളിയുയര്‍ന്നു.
2003ല്‍ ജാക് ഷിറാക് പ്രസിഡന്റായിരിക്കെ മുഖംമൂടി നിയമം (vail law) എന്ന് പിന്നീടറിയപ്പെട്ട നിയമം പാസാക്കി. പൊതു വിദ്യാലയങ്ങളില്‍ മതചിഹ്നങ്ങള്‍ പ്രദര്‍ശിപ്പിക്കുന്നതും ധരിക്കുന്നതും നിരോധിക്കുന്നതായിരുന്നു നിയമം. അതായത്, വലിയ കുരിശുകള്‍, ജൂതന്മാരായ പുരുഷന്മാര്‍ ധരിക്കുന്ന തൊപ്പി, മുസ്‌ലിം സ്ത്രീകള്‍ ധരിക്കുന്ന ശിരോവസ്ത്രം എന്നിവയാണ് നിരോധിക്കപ്പെട്ടവയില്‍ ഉള്‍പ്പെട്ടവ. അതേസമയം, ചെറിയ കുരിശുകള്‍, പശ്ചിമേഷ്യയിലും ഉത്തരാഫ്രിക്കയിലും ജൂതന്മാരും മുസ്‌ലിംകളും കണ്ണേറ് കിട്ടാതിരിക്കാനായി ഉപയോഗിക്കുന്ന ഫാത്തിമയുടെ കൈ, സിയോണിസ്റ്റ് ചിഹ്നമായി ദാവീദിന്റെ നക്ഷത്രം എന്നിവ ഉപയോഗിക്കുന്നത് ഈ നിയമം അനുവദിക്കുന്നു.
വിദ്യാലയങ്ങളില്‍ നടപ്പിലാക്കിയ ഈ നിയമം, പൊതു ഇടങ്ങളിലെല്ലാം നടപ്പാക്കണമെന്ന ആവശ്യം ഫ്രാന്‍സിലുണ്ട്. ഈ ആവശ്യം ഉയര്‍ത്തുന്നവര്‍ ഉന്നയിക്കുന്ന വാദം വ്യക്തമാണ്. യൂറോപ്പില്‍ മതേതരത്വം ഏറ്റവും ശക്തവും വ്യക്തവുമായി നിര്‍വചിച്ചിട്ടുള്ള ഒന്നാണ് ഫ്രഞ്ച് ഭരണഘടന. ഫ്രഞ്ച് വിപ്ലവത്തെ തുടര്‍ന്നാണ് ഫ്രഞ്ച് മതേതര ആശയങ്ങള്‍ രൂപം കൊണ്ടത്. രാഷ്ട്രീയ മണ്ഡലത്തില്‍ മതം ഇടപെടുന്നതിനെ തടയുന്ന ഒന്നാണ് ഫ്രഞ്ച് ഭരണഘടന നിര്‍വചിക്കുന്ന മതേതരത്വം. പത്തൊന്പതാം നൂറ്റാണ്ടില്‍ ആശയതലത്തുലണ്ടായിരുന്നുവെങ്കിലും 1905ലാണ് മതേതരത്വം നിയമമായി ഫ്രഞ്ച് ഭരണഘടനയില്‍ ഇടം പിടിക്കുന്നത്. സ്റ്റേറ്റ് മത കാര്യങ്ങളിലും മതം സ്റ്റേറ്റിന്റെ കാര്യങ്ങളിലും കൈകടത്തരുതെന്നായിരുന്നു നിയമം അനുശാസിക്കുന്നത്. ഈ നിയമം നിലനില്‍ക്കെ തന്നെ, ഫ്രാന്‍സിലെ രാഷ്ട്രീയ-സാംസ്കാരിക-സാമൂഹിക രംഗങ്ങളില്‍ മതനിരാസം കൂടുതല്‍ ശക്തമായി.
നിലവിലെ വ്യത്യസ്ത സര്‍വേകള്‍ പ്രകാരം നാല്‍പത്തഞ്ച് ശതമാനം കത്തോലിക്ക വിശ്വാസികളാണ് ഫ്രാന്‍സിലുള്ളത്. അമേരിക്കന്‍ വിദേശകാര്യ വകുപ്പിന്റെ കണക്ക് പ്രകാരം നാല്‍പത്തഞ്ച് ശതമാനം പേര്‍ നിരീശ്വരവാദികളോ മതേതരരോ ആണ്. പത്ത് ശതമാനം വരെയാണ് ഫ്രാന്‍സിലെ മുസ്ലിം ജനസംഖ്യ ചില സര്‍വേകള്‍ പ്രകാരം കണക്കാക്കിയിട്ടുള്ളത്. മതം തിരിച്ചുള്ള സര്‍വേകള്‍ ഭരണകൂടം നടത്താത്തതിനാല്‍ ഈ കണക്കുകളില്‍ ഏറ്റക്കുറച്ചിലുകളുണ്ടാകും. ഫ്രഞ്ച് വിപ്ലവത്തിന് മുന്പ് ഫ്രാന്‍സിന്റെ ഔദ്യോഗിക മതം കത്തോലിക്ക മതമായിരുന്നുവെങ്കിലും നിലവിലെ ഭരണഘടന പ്രകാരം ഭരണകൂടം മതേതരമാണ്.
ഫ്രാന്‍സിലെ മതേതരത്വം ലായ്സിറ്റെ എന്നാണറിയപ്പെടുന്നത്. മതേതരത്വത്തിന്റെ ഏറ്റവും ഉന്നത മാതൃകയായാണ് ഇതറിയപ്പെടുന്നത്. ഈ നയം പിന്തുടരുന്നവയാണ് തുര്‍ക്കി, അല്‍ബേനിയ, മെക്സിക്കോ എന്നീ രാജ്യങ്ങള്‍. ഭരണകൂടവും പൊതുസമൂഹവും കര്‍ക്കശമായ മതനിരാസം പിന്തുടരുന്പോഴും ഫ്രഞ്ച് ഭരണഘടന അത്ര മതവിരുദ്ധമൊന്നുമല്ല. ഉദാഹരണത്തിന്, മതസമൂഹങ്ങള്‍ നടത്തുന്ന പൊതുവിദ്യാലയങ്ങള്‍ക്ക് വലിയ തോതിലുള്ള സബ്സിഡി സര്‍ക്കാര്‍ നല്‍കുന്നുണ്ട്. കത്തോലിക്ക സഭയാണ് ഇത്തരം സ്കൂളുകള്‍ ഫ്രാന്‍സില്‍ കൂടുതലായി നടത്തുന്നത്. സൈന്യത്തിലും ജയിലുകളിലും മറ്റും മതാചാരങ്ങളും മതാചാര പ്രകാരമുള്ള സംസ്കാരച്ചടങ്ങുകളും നടത്താനുള്ള സൌകര്യം ഒരുക്കുന്നുണ്ട്. സൈന്യത്തില്‍ പുരോഹിതന്മാരുണ്ട്. ക്രൈസ്തവ ആചാരപ്രകാരമുള്ള ആഘോഷങ്ങള്‍ അനുസരിച്ചാണ് ഫ്രാന്‍സില്‍ അവധി ദിനങ്ങള്‍ ക്രമീകരിച്ചിട്ടുള്ളത്. സ്കൂളുകളില്‍ ജൂതന്മാര്‍ക്കും മുസ്‌ലിംകള്‍ക്കും ആവശ്യമെന്നു തോന്നുന്നുവെങ്കില്‍ വേറിട്ടിരുന്ന് ഭക്ഷണം കഴിക്കാനുള്ള സൌകര്യം പോലുമുണ്ട്.
അങ്ങനെയാണെങ്കില്‍ പ്രശ്നം എവിടെയാണ്? പ്രശ്നം ഫ്രാന്‍സിലെ മതേതരത്വത്തിനോ ഭരണഘടനക്കോ അല്ലെന്ന് വ്യക്തം. മതസമൂഹങ്ങളോട് ഭരണകൂടം സ്വീകരിക്കേണ്ട നിലപാടിലാണ് പ്രശ്നം. ഫ്രഞ്ച് ഭരണഘടന മതസമൂഹങ്ങളുടെ കാര്യങ്ങളില്‍ ഭരണകൂടം ഇടപെടുന്നത് വിലക്കുന്നതോടൊപ്പം തന്നെ പൂര്‍ണമായ മതസ്വാതന്ത്ര്യവും അനുവദിക്കുന്നുണ്ട്. പിന്നെ എപ്പോള്‍ മുതലാണ് മതചിഹ്നങ്ങള്‍ ഫ്രഞ്ച് ഭരണകൂടത്തിനും ഫ്രഞ്ച് ജനതക്കും പ്രശ്നമാവുന്നതെന്നും പരിശോധിക്കേണ്ടതുണ്ട്.
ഒന്ന്, ഫ്രാന്‍സിന്റെ കൊളോണിയല്‍ ചരിത്രം, രണ്ട് ഫ്രാന്‍സിലേക്കുള്ള കുടിയേറ്റം. ഇത് രണ്ടും പരസ്പരം ബന്ധപ്പെട്ടാണ് കിടക്കുന്നത്. ഉത്തരാഫ്രിക്കയിലും മറ്റ് ആഫ്രിക്കന്‍ രാജ്യങ്ങളിലുമുള്‍പ്പടെ ഒരുപാട് കോളനികള്‍ ഫ്രാന്‍സിനുണ്ടായിരുന്നു. അതില്‍, അള്‍ജീരിയ, മൊറോക്കോ, തുനീഷ്യ എന്നീ രാജ്യങ്ങളില്‍ നിന്നാണ് ഫ്രാന്‍സിലേക്ക് ഏറ്റവുമധികം ആളുകള്‍ കുടിയേറിയിട്ടുള്ളത്. അള്‍ജീരിയില്‍ നിന്ന് അന്പതുകളിലുണ്ടായ കുടിയേറ്റം ഫ്രാന്‍സില്‍ പലയിടങ്ങളിലും അള്‍ജീരിയന്‍ വംശജരും ഫ്രഞ്ചുകാരും തമ്മിലുള്ള ഏറ്റുമുട്ടലിനിടയാക്കി. 1961ല്‍ അള്‍ജീരിയക്കാര‍് നടത്തിയ പ്രകടനത്തിന് നേരെ നടന്ന വെിടവെയ്പില്‍ മുന്നൂറോളം പേരാണ് കൊല്ലപ്പെട്ടത്. അള്‍ജീരിയയില്‍ ഫ്രാന്‍സിനെതിരായ സ്വാതന്ത്ര്യ സമരം കൊടുന്പിരി കൊണ്ട കാലമായിരുന്നു അത്. അള്‍ജീരിയ സ്വതന്ത്രമായ ശേഷം ഫ്രാന്‍സിലേക്കുള്ള കുടിയേറ്റം അനുസ്യൂതം തുടര്‍ന്നു. എഴുപതുകളിലുണ്ടായ സാന്പത്തികമാന്ദ്യത്തെ തുടര്‍ന്ന് ഫ്രാന്‍സ് മുസ്‌ലിം രാജ്യങ്ങളില്‍ നിന്നുള്ള കുടിയേറ്റം പ്രോല്‍സാഹിപ്പിച്ചു. അങ്ങനെ യൂറോപ്പിലെ ഏറ്റവും കൂടുതല്‍ മുസ്‌ലിം ജനസംഖ്യയുള്ള രാജ്യമായി ഫ്രാന്‍സ് മാറി. ഫ്രഞ്ച് ഫുട്ബോള്‍ താരമായിരുന്ന സിനദീന്‍ സിദാന്‍ ഉള്‍പ്പടെ നിരവധി പ്രമുഖര്‍ അള്‍ജീരിയന്‍ വംശജരായുണ്ട്.
ഫ്രാന്‍സില്‍ കര്‍ക്കശമായ മതേതരത്വം നിലനില്‍ക്കുന്പോഴും മതചിഹ്നങ്ങളോടുള്ള അസഹിഷ്ണുത ഉയര്‍ന്ന് വരുന്നത് 80കളിലാണെന്ന് കാണാം. ജൂതന്മാരോട് മറ്റ് യൂറോപ്യന്‍ നാടുകളിലുണ്ടായത് പോലെ കടുത്ത അനീതി പ്രവര്‍ത്തിച്ചവരാണ് ഫ്രഞ്ചുകാരും. അതിനാല്‍ തന്നെ, സെമിറ്റിക് വിരുദ്ധത തടയുന്ന നിയമങ്ങള്‍ അവിടെ കര്‍ക്കശമാണ്. ജൂതമതവിഭാഗത്തോട് അത്തരമൊരു പശ്ചാത്താപത്തിലധിഷ്ഠിതമായ മനോഭാവം ഫ്രഞ്ച് ഭരണകൂടത്തിനും ഫ്രഞ്ചുകാര്‍ക്കുമുണ്ട്.എന്നാല്‍, മുസ്‌ലിം കുടിയേറ്റം തികച്ചും വ്യത്യസ്തമായ ഒരു രാഷ്ട്രീയ-സാംസ്കാരിക ഭാവുകത്വമാണ് ഫ്രാന്‍സിന് സമ്മാനിച്ചത്. ഇതിന് കാരണം, പാശ്ചാത്യവല്‍ക്കരിക്കാന്‍ വിമുഖത കാണിക്കുന്ന മുസ്‌ലിം കുടിയേറ്റക്കാരായിരുന്നു. മുസ്‌ലിംകളുടെ മൂല്യസങ്കല്‍പം, വസ്ത്രധാരണം, ഭക്ഷണം എന്നിവയെല്ലാം ഒരു തരം അപരിചതത്വം ഫ്രഞ്ചുകാരില്‍ സൃഷ്ടിച്ചു. ഇത് അപരപേടിയും (xenophobia) ഇസ്‌ലാം പേടിയുമാണ്(islamophobia) ഫ്രഞ്ചുകാരില്‍ സൃഷ്ടിച്ചത്. എന്നാല്‍, രാഷ്ട്രീയമായി തെറ്റായ, അങ്ങനെ തന്നെ തുറന്ന് സമ്മതിക്കുന്ന ഇക്കാര്യങ്ങള്‍ മറച്ചു വെക്കാനാണ് യഥാര്‍ത്ഥത്തില്‍ ഫ്രഞ്ച് ഭരണകൂടവും പൊതുസമൂഹവും ഫ്രഞ്ച് മതേതതരത്വത്തെ കൂട്ട് പിടിച്ചതെന്ന് ഇക്കാര്യത്തെ കുറിച്ച് ഗവേഷണം നടത്തിയ അമേരിക്കന്‍ പണ്ഡിതന്‍ തലാല്‍ അസദ് ചൂണ്ടിക്കാട്ടുന്നു. മറ്റൊരു വിധത്തില്‍ പറഞ്ഞാല്‍, ഫ്രഞ്ച് മതേതരത്വത്തിന്റെ അടിസ്ഥാനപരമായ ചില ദൌര്‍ബല്യങ്ങള്‍ തുറന്നു കാട്ടുകയാണ് അവിടേക്കുള്ള മുസ്‌ലിം കുടിയേറ്റം ചെയ്തത്. ഭരണകൂടവും ഭരണഘടനയും മതേതരമാവുന്നത് ആ സമൂഹത്തിലെ ഭൂരിപക്ഷ-ആധിപത്യ സമുദായത്തിന്റെ അക്കൌണ്ടിലായിരിക്കും. ആ സമൂഹം മത-വംശീയ ന്യൂനപക്ഷങ്ങളോട് എങ്ങനെ പെരുമാറുന്നു എന്നത് ഭരണഘടനക്ക് ഉറപ്പാക്കാന്‍ കഴിയില്ല. എന്നാല്‍, അത് കഴിയുക ഭരണകൂടത്തിനായിരിക്കും. ഭരണകൂടം പ്രതിഫലിപ്പിക്കുക അത് പ്രതിനിധാനം ചെയ്യുന്ന സമൂഹത്തിന്റെ മൂല്യങ്ങളും വീക്ഷണങ്ങളുമായിരിക്കും. തലാല്‍ അസദിന്റെ ഭാഷയില്‍ പറഞ്ഞാല്‍ ഭരിക്കപ്പെടുന്നവരുടെ മതം പിന്‍പറ്റാന്‍ ഭരണവര്‍ഗം നിര്‍ബന്ധിതരാവുന്നു. (Cuius regio, eius religio). ഈ ദൌര്‍ബല്യം തുറന്നു കാട്ടാതെ, ഫ്രാന്‍സിലെ പുതിയ പ്രശ്നങ്ങളെ അഭിസംബോധന ചെയ്യാനാവില്ലെന്ന് തലാല്‍ അസദ് പറയുന്നു.
നിക്കോളാസ് സര്‍ക്കോസി പ്രസിഡന്റായിരുന്ന കാലത്തും പിന്നീടും ഫ്രാന്‍സില്‍ ഉയര്‍ന്ന് വന്ന ഹിജാബ് വിവാദങ്ങള്‍, ഫ്രാന്‍സില്‍ അടുത്ത കാലത്തുണ്ടായ ഭീകരാക്രമണങ്ങള്‍, ഷാര്‍ലി എബ്ദോ മാസികയില്‍ പ്രസിദ്ധീകരിച്ചു പോന്ന മതവിരുദ്ധമെന്ന ലേബലിലുള്ള വംശീയ കാര്‍ട്ടൂണുകള്‍, ഫ്രാന്‍സില്‍ മരീന്‍ ലീ പെന്നിന്റെയും മറ്റും നേതൃത്വത്തില്‍ ശക്തിപ്രാപിക്കുന്ന തീവ്രവലതുപക്ഷ രാഷ്ട്രീയം, മുസ്‌ലിം വിരുദ്ധമെന്ന് വ്യാഖ്യാനിക്കപ്പെടുന്ന ഹിജാബ്-ബുര്‍കിനി വിവാദങ്ങളോട് ഫ്രാന്‍സിലെ ഇടതും വലതും രാഷ്ട്രീയ പ്രസ്ഥാനങ്ങള്‍ സ്വീകരിക്കുന്ന നിലപാട് ഇതെല്ലാം ചേര്‍ത്ത് വായിക്കുന്പോള്‍, തലാല്‍ അസദ് ചൂണ്ടിക്കാണിക്കുന്ന ദൌര്‍ബല്യങ്ങള്‍ കൂടുതല്‍ വ്യക്തമാകും.
നിക്കോളാസ് സര്‍ക്കോസി താന്‍ അധികാരത്തിലെത്തുകയാണെങ്കില്‍ ബുര്‍കിനി നിരോധത്തിന് നിയമം കൊണ്ടു വരുമെന്ന് പ്രഖ്യാപിച്ചു കഴിഞ്ഞു. സോഷ്യലിസ്ററായ പ്രസിഡന്റ് ഫ്രാന്‍സ്വാ ഓലാങ് പറഞ്ഞത് ഫ്രാന്‍സില്‍ തീവ്രവാദ ഭീഷണി നിലനില്‍ക്കുന്ന സാഹചര്യത്തില്‍ നിയമമനുസരിക്കാന്‍ എല്ലാവരും തയ്യാറാവണമെന്നായിരുന്നു. എന്നാല്‍, കോടതി നിരോധം നീക്കുക തന്നെ ചെയ്തു. മതസ്വാതന്ത്ര്യത്തിന് മേലുള്ള കടന്ന് കയറ്റമാണ് നിരോധമെന്നും വസ്ത്ര സ്വാതന്ത്ര്യം തടയാന്‍ ആര്‍ക്കും കഴിയില്ലെന്നുമായിരുന്നു കോടതിയുടെ നിരീക്ഷണം.
അടുത്തവര്‍ഷം പ്രസിഡന്റ് തെരഞ്ഞെടുപ്പ് നടക്കുകയാണ് ഫ്രാന്‍സില്‍. രാഷ്ട്രീയ പാര്‍ട്ടികള്‍ ഭരണഘടനയെക്കാള്‍ പൊതുസമൂഹം പിന്‍പറ്റുന്ന, മതേതരമെന്ന് വിളിക്കപ്പെടുന്ന മൂല്യങ്ങളെ പിന്തുടരുന്നതിന്റെ കാരണം അത് മാത്രമാണ്. മരീന്‍ ലീ പെന്നിന്റെ നാഷണല്‍ ഫ്രണ്ട് മുന്നേറ്റം നടത്താതിരിക്കാന്‍ അവര്‍ ശ്രദ്ധിക്കുന്നു. അതു കൊണ്ട് തന്നെ, ഹിജാബ്-ബുര്‍ഖിനി വിവാദങ്ങള്‍ ഈ കോടതി വിധി കൊണ്ടും ഫ്രാന്‍സില്‍ ഉടനെയൊന്നും അവസാനിക്കാന്‍ പോകുന്നില്ല.