റഷ്യൻ ആണവായുധ സംരക്ഷണ സേനാ തലവന്റെ കൊലപാതകം; ഒരാൾ അറസ്റ്റിൽ
ഉസ്ബെക്കിസ്ഥാൻ സ്വദേശിയായ അഖ്മദ് കുർബനോവ് ആണ് പിടിയിലായതെന്നാണ് റഷ്യൻ ഏജൻസികൾ നൽകുന്ന വിവരം.
മോസ്‌കോ: റഷ്യൻ ആണവായുധ സംരക്ഷണ സേനാ വിഭാഗം തലവൻ ലഫ്റ്റനന്റ് ജനറൽ ഇഗോർ കിറിലോവിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് ഒരാളെ അറസ്റ്റ് ചെയ്തതായി റഷ്യ. യുക്രൈന്റെ പ്രത്യേക സേനാ വിഭാഗമാണ് തന്നെ ദൗത്യത്തിന് നിയോഗിച്ചതെന്ന് പിടിയിലായ വ്യക്തി ചോദ്യം ചെയ്യലിൽ സമ്മതിച്ചതായി റഷ്യൻ അന്വേഷണസംഘത്തിന്റെ വക്താവായ സ്വറ്റ്‌ലാന പെട്രെങ്കോ പറഞ്ഞു.
യുക്രൈൻ ഏജൻസികളുടെ നിർദേശപ്രകാരം മോസ്‌കോയിലെത്തിയ കൊലയാളിക്ക് വീട്ടിൽ നിർമിച്ച ഒരു സ്‌ഫോടക ഉപകരണം നൽകി. അത് കിറിലോവ് താമസിച്ച കെട്ടിടത്തിന്റെ പ്രവേശന കവാടത്തിൽ നിർത്തിയിട്ടിരുന്ന ഇലക്ട്രിക് സ്‌കൂട്ടറിൽ സ്ഥാപിക്കുകയായിരുന്നു. പിടിയിലായ വ്യക്തി ഒരു കാർ വാടകക്ക് എടുത്ത് അതിൽ ക്യാമറ സ്ഥാപിച്ച് സ്‌ഫോടനത്തിന്റെ ദൃശ്യങ്ങൾ ഓൺലൈനിൽ സംപ്രേഷണം ചെയ്തു. ഉസ്ബെക്കിസ്ഥാൻ സ്വദേശിയാണ് പിടിയിലായതെന്നും പെട്രെങ്കോ പറഞ്ഞു.
പ്രതിയുടെ പേര് റഷ്യൻ ഏജൻസികൾ വെളിപ്പെടുത്തിയിട്ടില്ല. റഷ്യൻ ആഭ്യന്തര ഇന്റലിജൻസ് വിഭാഗത്തിൽനിന്നുള്ള വിവരങ്ങൾ പ്രകാരം 29കാരനായ അഖ്മദ് കുർബനോവ് ആണ് പിടിയിലായതെന്ന് റഷ്യൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ഒരുലക്ഷം ഡോളറും യൂറോപ്പിൽ വീടുമാണ് ആക്രമണത്തിന് പ്രതിഫലമായി കുർബനോവിന് വാഗ്ദാനം ചെയ്തിരുന്നതെന്ന് പെട്രെങ്കോ പറഞ്ഞു. കിറിലോവിന്റെ സഹായിയായ ഇല്യ പൊളികാർപോവും ആക്രമണത്തിൽ കൊല്ലപ്പെട്ടിരുന്നു.
ആക്രമണത്തിന്റെ ഉത്തരവാദിത്തം യുക്രൈൻ സെക്യൂരിറ്റി സർവീസ് ചൊവ്വാഴ്ച തന്നെ ഏറ്റെടുത്തിരുന്നു. 2022ൽ യുക്രൈനിൽ രാസായുധം ഉപയോഗിച്ചതിന് യുക്രൈൻ പ്രതിരോധവിഭാഗം കിറിലോവിനെതിരെ കുറ്റം ചുമത്തിയിരുന്നു. ഇതിന് പിന്നാലെയാണ് കിറിലോവ് കൊല്ലപ്പെട്ടത്. റഷ്യൻ മിസൈൽ വിദഗ്ധനായ വലേരി ട്രാങ്കോവ്‌സ്‌കിയെയും കഴിഞ്ഞ മാസം യുക്രൈൻ വധിച്ചിരുന്നു.