‘കൂടുതൽ നികുതി ചുമത്തിയാൽ അതേ തുക ഞങ്ങളും ഈടാക്കും’; ഇന്ത്യക്ക് മുന്നറിയിപ്പുമായി ട്രംപ്
ഇന്ത്യയുടെ ഏറ്റവും വലിയ വ്യാപാര പങ്കാളിയാണ് അമേരിക്ക
വാഷിങ്ടൺ: ഇന്ത്യ ഈടാക്കുന്ന നികുതിക്ക് സമാനമായ രീതിയിൽ തങ്ങളും നികുതി ഈടാക്കുമെന്ന് നിയുക്ത അമേരിക്കൻ പ്രസിഡൻറ് ഡോണൾഡ് ട്രംപ്. ഫ്ലോറിഡയിൽ മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇന്ത്യയുടെ താരിഫ് നിരക്കുകളെ വിമർശിച്ച അദ്ദേഹം, ചില അമേരിക്കൻ ഉൽപ്പന്നങ്ങൾക്ക് 100 ശതമാനം നികുതി ഈടാക്കുന്നത് ചൂണ്ടിക്കാട്ടുകയും ചെയ്തു.
പരസ്പരം എന്ന വാക്ക് പ്രധാനമാണ്, ഇന്ത്യ 100 ശതമാനം ഈടാക്കുകയാണെങ്കിൽ ഞങ്ങളും അതുപോലെ ചെയ്യുമെന്ന് ട്രംപ് വ്യക്തമാക്കി. ഉയർന്ന താരിഫ് ഈടാക്കുന്നത് അമേരിക്കയും ബ്രസീലുമാണെന്ന് ചൈനയുമായുള്ള വ്യാപാര കരാറിെൻറ സാധ്യതയെക്കുറിച്ചുള്ള ചോദ്യത്തിന് മറുപടിയായി അദ്ദേഹം പറഞ്ഞു.
‘ഇന്ത്യയും ബ്രസീലും വലിയ തുകയാണ് ഈടാക്കുന്നത്. അവർ ഞങ്ങളോട് പണം ഈടാക്കുകയാണെങ്കിൽ അങ്ങനെയാകട്ടെ. എന്നാൽ, ഞങ്ങൾ അവരോട് അതേ തുക ഈടാക്കാൻ പോവുകയാണ്’ -ട്രംപ് ചൂണ്ടിക്കാട്ടി.
സ്ഥിതിവിവരക്കണക്കുകൾ പ്രകാരം ഇന്ത്യയുടെ ഏറ്റവും വലിയ വ്യാപാര പങ്കാളിയാണ് അമേരിക്ക. ഇരു രാജ്യങ്ങളും തമ്മിൽ 2024 സാമ്പത്തിക വർഷം 120 ബില്യൺ ഡോളറിെൻറ വ്യാപാരമാണ് നടന്നിട്ടുള്ളത്. ഇത് ഇന്ത്യയും ചൈനയും തമ്മിലുള്ള വ്യാപാര കണക്കുകളേക്കാൾ അധികമാണ്.
2010-11 കാലയളവിൽ ഇന്ത്യയിൽനിന്ന് അമേരിക്കയിലേക്കുള്ള കയറ്റുമതി 10 ശതമാനമായിരുന്നു. ഇപ്പോഴത് 18 ശതമാനമായി ഉയർന്നിട്ടുണ്ട്. തുണിത്തരങ്ങൾ, ഇലക്ട്രോണിക്സ്, എൻജിനീയറിങ് വസ്തുക്കൾ തുടങ്ങിയവയാണ് കൂടുതലായും കയറ്റുമതി ചെയ്യുന്നത്.