യമനിൽ പുരുഷന്മാർക്ക് രണ്ട് വിവാഹം നിർബന്ധമാക്കിയോ? സത്യാവസ്ഥ ഇതാണ്
യുദ്ധവും ആഭ്യന്തര പ്രതിസന്ധികളും കാരണം ബുദ്ധിമുട്ടുന്ന യമൻ ഭരണകൂടം ഇത്തരമൊരു ഉത്തരവ് ഇറക്കി എന്നുതന്നെ പലരും വിശ്വസിച്ചു.
അറബ് രാഷ്ട്രമായ യമനിൽ പുരുഷന്മാർ രണ്ട് സ്ത്രീകളെ വിവാഹം ചെയ്യുന്നത് നിർബന്ധമാക്കിയെന്ന രീതിയിലുള്ള ഒരു പ്രചരണം ഒരാഴ്ചയിലേറെയായി സമൂഹമാധ്യങ്ങളിൽ സജീവമായിരുന്നു. യുദ്ധം കാരണം രാജ്യത്ത് പുരുഷന്മാരുടെ സ്ത്രീകളെ അപേക്ഷിച്ച് കുറഞ്ഞുവരുന്നതിനാൽ ഓരോ പുരുഷനും രണ്ട് സ്ത്രീകളെ വീതം വിവാഹം ചെയ്യണമെന്നും ഇതിന് വിസമ്മതിക്കുന്നവർക്ക് 15 വർഷം തടവുശിക്ഷ ലഭിക്കുമെന്നും പറയുന്ന 'ഔദ്യോഗിക രേഖ'യാണ് പ്രചരിച്ചത്.
മതകാര്യ വകുപ്പുമന്ത്രി ഡോ. അഹ്‌മദ് അത്വിയ്യയുടെ പേരിൽ പ്രചരിച്ച ഉത്തരവിന്റെ രത്‌നച്ചുരുക്കം ഇപ്രകാരമായിരുന്നു:
'യമനിലെ എല്ലാ പുരുഷന്മാരും കുറഞ്ഞത് രണ്ട് സ്ത്രീകളെയെങ്കിലും വിവാഹം ചെയ്യണമെന്നത് നിർബന്ധമാക്കി. വിവാഹ, താമസച്ചെലവുകൾ ഗവൺമെന്റ് വഹിക്കും. യമനിനു പുറത്ത് താമസിക്കുകയും വിവാഹം ചെയ്യുകയും ചെയ്ത യമനി പൗരന്മാർ യമനിലെ ഒരു സ്ത്രീയെക്കൂടി വിവാഹം ചെയ്യണം. വിവാഹം കഴിക്കാത്ത പുരുഷന്മാരെ 15 വർഷം തടവിന് ശിക്ഷിക്കും. ഭർത്താവിനെ രണ്ടാം വിവാഹം കഴിക്കാൻ അനുവദിക്കാത്ത ഭാര്യമാരെയും ഇവ്വിധം ശിക്ഷിക്കും.'
മന്ത്രി ഡോ. അത്വിയ്യയുടെ ലെറ്റർപാഡും കയ്യൊപ്പും ഉൾപ്പെടുന്ന 'ഉത്തരവി'ന്റെ പകർപ്പുചിത്രത്തിന് വൻപ്രചാരമാണ് ലഭിച്ചത്. യുദ്ധവും ആഭ്യന്തര പ്രതിസന്ധികളും കാരണം ബുദ്ധിമുട്ടുന്ന യമൻ ഭരണകൂടം ഇത്തരമൊരു ഉത്തരവ് ഇറക്കി എന്നുതന്നെ പലരും വിശ്വസിച്ചു. എന്നാൽ, സമൂഹമാധ്യമങ്ങളിലെ പ്രചരണം തെറ്റാണെന്നും ഫോട്ടോ എഡിറ്റിങ് സോഫ്റ്റ്‌വെയർ ഉപയോഗിച്ച് ആരോ ചെയ്ത കള്ളത്തരം ആണിതെന്നും വിശദീകരിച്ച് മന്ത്രി ഡോ. അഹ്‌മദ് അത്വിയ്യ തന്നെ രംഗത്തുവന്നു. പ്രചരിക്കുന്ന വ്യാജചിത്രം ഷെയർ ചെയ്തുകൊണ്ട് സമൂഹമാധ്യമങ്ങളിൽ അദ്ദേഹം കുറിച്ചതിങ്ങനെ:
'എന്റേതെന്ന പേരിൽ പ്രചരിക്കുന്ന ഈ ഉത്തരവ് വ്യാജമാണ്. ഫോട്ടോഷോപ്പ് ചെയ്തുണ്ടാക്കിയ വ്യാജരേഖയാണിത്. ഇതുണ്ടാക്കിയവർക്ക് അല്ലാഹു പൊറുത്തു കൊടുക്കട്ടെ. സ്ത്രീകളോട് നല്ലനിലയിൽ പെരുമാറാൻ നമ്മെ സഹായിക്കട്ടെ...'
സ്ത്രീപുരുഷ അനുപാതം ഏറെക്കുറെ തുല്യമായ രാജ്യങ്ങളിലൊന്നാണ് അറേബ്യൻ ഉപഭൂഖണ്ഡത്തിലെ പടിഞ്ഞാറൻ രാജ്യമായ യമൻ. 2 കോടി 84 ലക്ഷമാണ് യമനിന്‍റെ ജനസംഖ്യ. ഈ രാജ്യത്ത് നിയമപ്രകാരം പുരുഷന് നാല് സ്ത്രീകളെ വരെ വിവാഹം ചെയ്യാനുള്ള അനുവാദമുണ്ടെങ്കിലും 7 ശതമാനം സ്ത്രീകൾ മാത്രമാണ് ഇങ്ങനെ ബഹുഭാര്യാത്വത്തിൽ കഴിയുന്നത്. ബഹുഭാര്യാത്വം അനുവദനീയമായ രാജ്യങ്ങളിലെ കുറഞ്ഞ നിരക്കാണിത്.