കാബൂളില്‍ കുടുങ്ങിയ 21 ഇന്ത്യക്കാരെ ഫ്രാന്‍സിലെത്തിച്ചു
അഫ്ഗാനിസ്ഥാനിലെ ഫ്രഞ്ച് എംബസിയുടെ സുരക്ഷാ ചുമതല വഹിച്ചിരുന്നവരെയാണ് ഫ്രാൻസിലെത്തിച്ചത്.
കാബൂളിൽ നിന്ന് 21 ഇന്ത്യക്കാരെ ഫ്രാൻസിലെത്തിച്ചു. അഫ്ഗാനിസ്ഥാനിലെ ഫ്രഞ്ച് എംബസിയുടെ സുരക്ഷാ ചുമതല വഹിച്ചിരുന്ന 21 പേരെയാണ് ഫ്രാൻസിലെത്തിച്ചത്.
കേന്ദ്ര വിദേശകാര്യ മന്ത്രി എസ് ജയശങ്കർ ഫ്രഞ്ച് വിദേശകാര്യ മന്ത്രിയുമായി ഫോണിൽ നേരത്തെ ചർച്ച നടത്തിയിരുന്നു. ഇന്ത്യയിലെ ഫ്രഞ്ച് അംബാസിഡർ ഇമാനുവൽ ലിനയിനാണ് ഇക്കാര്യം അറിയിച്ചത്.
അഫ്ഗാനിസ്ഥാനിൽ കുടുങ്ങിയ മുഴുവൻ ഇന്ത്യക്കാരെയും ഉടൻ നാട്ടിലെത്തിക്കുമെന്ന് കേന്ദ്ര വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി. വിമാനങ്ങള്‍ക്ക് അനുമതി ലഭിച്ചാല്‍ ഇന്ത്യയിലേക്ക് മടങ്ങിവരാന്‍ താത്പര്യമുള്ള എല്ലാവരെയും നാട്ടിലെത്തിക്കുമെന്നാണ് വിദേശകാര്യ മന്ത്രാലയം അറിയിച്ചത്.
120 എംബസി ഉദ്യോഗസ്ഥരെ കാബൂളില്‍ നിന്ന് ഇന്നലെ ഉച്ചയോടെ ഇന്ത്യയിലെത്തിച്ചു. കാബൂളിൽ നിന്നും 41 മലയാളികൾ ബന്ധപ്പെട്ടതായി നോർക്ക അറിയിച്ചു. ഇവരെ തിരിച്ചെത്തിക്കാൻ നടപടികൾ സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് നോർക്ക കേന്ദ്രത്തിന് കത്തയച്ചിട്ടുണ്ട്. അഫ്ഗാനിൽ നിന്നും തിരിച്ചുവരാൻ ആഗ്രഹിക്കുന്ന എല്ലാവരെയും രണ്ട് ദിവസത്തിനുള്ളിൽ തിരികെ എത്തിക്കാനുള്ള ശ്രമങ്ങളാണ് നിലവിൽ പുരോഗമിക്കുന്നത്. ഇന്ത്യക്കാരെ തിരിച്ചെത്തിക്കാൻ അമേരിക്കയുടെ സഹായവും വിദേശകാര്യ മന്ത്രാലയം തേടിയിട്ടുണ്ട്. അമേരിക്കൻ സ്റ്റേറ്റ് സെക്രട്ടറി ആന്‍റണി ബ്ലിങ്കൻ വിദേശകാര്യമന്ത്രി എസ് ജയ്ശങ്കറുമായി ഫോണിൽ സംസാരിച്ചു.