അരക്ഷിതാവസ്ഥയില്‍ ഇസ്രായേലികള്‍; തോക്ക് ലൈസന്‍സിനായി അപേക്ഷിച്ചത് 42,000 സ്ത്രീകള്‍

ഹമാസ് ആക്രമണത്തിനുശേഷം ആരും രക്ഷിക്കാനില്ലെന്ന മാനസികാവസ്ഥയിലാണ് ഇസ്രായേലികള്‍ കഴിയുന്നതെന്നാണ് റിപ്പോര്‍ട്ട്

Update: 2024-06-23 09:24 GMT
Editor : Shaheer | By : Web Desk
Advertising

തെല്‍അവീവ്: ഒക്ടോബര്‍ ഏഴിലെ ഹമാസ് ആക്രമണത്തിനുശേഷം ഇസ്രായേലില്‍ കടുത്ത അരക്ഷിതാവസ്ഥയാണു നിലനില്‍ക്കുന്നതെന്ന റിപ്പോര്‍ട്ടുകളാണു ദിവസവും പുറത്തുവരുന്നത്. സ്ത്രീകളാണ് ഏറ്റവും ഭീതിയോടെ കഴിയുന്നത്. ഇപ്പോഴിതാ കൗതുകമുണര്‍ത്തുന്ന ഒരു വാര്‍ത്തയാണു പുറത്തുവരുന്നത്. ആക്രമണത്തിനുശേഷം തോക്ക് ലൈസന്‍സിനുള്ള അപേക്ഷ കുതിച്ചുയര്‍ന്നതായി ഇസ്രായേല്‍ സുരക്ഷാ മന്ത്രാലയം വ്യക്തമാക്കുന്നു. ഒക്ടോബറിനുശേഷം 42,000 സ്ത്രീകളാണ് ലൈസന്‍സിനായി അപേക്ഷിച്ചിരിക്കുന്നത്!

മുന്‍വര്‍ഷങ്ങളെ അപേക്ഷിച്ച് മൂന്നിരട്ടി വര്‍ധനയാണ് തോക്ക് ലൈസന്‍സ് അപേക്ഷകരിലുണ്ടായിരിക്കുന്നത്. 42,000 പേര്‍ അപേക്ഷിച്ചതില്‍ 18,000 പേര്‍ക്ക് അനുമതി നല്‍കിയിട്ടുണ്ടെന്ന് സുരക്ഷാ മന്ത്രാലയം അറിയിച്ചത്. തോക്ക് കൈവശംവയ്ക്കുന്നതുമായി ബന്ധപ്പെട്ടുള്ള നിയമങ്ങളില്‍ ബെഞ്ചമിന്‍ നെതന്യാഹു സര്‍ക്കാര്‍ ഇളവ് നല്‍കിയിരുന്നു. തീവ്ര വലതുപക്ഷ നേതാവും സുരക്ഷാ മന്ത്രിയുമായ ഇറ്റാമര്‍ ബെന്‍ഗിവിര്‍ ആണ് ഇതിനു മേല്‍നോട്ടം വഹിച്ചത്. 2022ല്‍ അധികാരമേല്‍ക്കുമ്പോള്‍ തന്നെ നിയമം പരിഷ്‌കരിക്കുമെന്ന് ബെന്‍ഗിവിര്‍ വാഗ്ദാനം ചെയ്തിരുന്നു.

ഇസ്രായേലിലും അധിനിവിഷ്ട വെസ്റ്റ് ബാങ്കിലുമായി 15,000ത്തിലേറെ സ്ത്രീകള്‍ക്ക് നിലവില്‍ തോക്ക് ഉപയോഗിക്കാനുള്ള ലൈസന്‍സ് ലഭിച്ചിട്ടുണ്ട്. ഇതില്‍ 10,000 പേര്‍ നിര്‍ബന്ധിത പരിശീലനം പൂര്‍ത്തീകരിക്കുകയും ചെയ്തിട്ടുണ്ടെന്നു മന്ത്രാലയം പറയുന്നു. ഹമാസിന്റെ മിന്നലാക്രമണത്തിനു പിന്നാലെ തോക്ക് ലൈസന്‍സ് സ്വന്തമാക്കാന്‍ ആളുകളുടെ തിരക്കാണ്.

ഒക്ടോബര്‍ ഏഴിന് ദക്ഷിണ ഇസ്രായേല്‍ പ്രദേശങ്ങളില്‍ ഹമാസ് നടത്തിയ അപ്രതീക്ഷിത ആക്രമണത്തില്‍ 1,200 പേരാണു കൊല്ലപ്പെട്ടത്. കൊല്ലപ്പെട്ടവരില്‍ 300 സൈനികരും ഉള്‍പ്പെടും. 251 ഇസ്രായേല്‍ പൗരന്മാരെ ബന്ദികളാക്കുകയും ചെയ്തിരുന്നു. സംഭവത്തിനുശേഷം ഗസ്സയില്‍ ഇസ്രായേല്‍ നരനായാട്ട് തുടരുകയാണ്. എട്ടുമാസത്തിനിടെ 37,431 ഫലസ്തീനികളാണ് ഇസ്രായേല്‍ ആക്രമണത്തില്‍ കൊല്ലപ്പെട്ടത്. പരിക്കേറ്റവര്‍ ഒരു ലക്ഷത്തോളം വരും.

ഒക്ടോബര്‍ ഏഴിനുശേഷം ഏതു സമയവും ആക്രമിക്കപ്പെടാമെന്ന ഭീതിയിലാണുള്ളതെന്നാണ് തെല്‍അവീവ് സ്വദേശിയായ ഇംഗ്ലീഷ് അധ്യാപിക കോറിന്‍ നിസിം പറയുന്നത്. സംഭവത്തിനുശേഷം മിക്ക ഇസ്രായേലികളെപ്പോലെ, നമുക്ക് നമ്മളേയുള്ളൂവെന്ന തിരിച്ചറിവിലെത്തുകയായിരുന്നു താനും. ജീവന്‍ രക്ഷിക്കാന്‍ മറ്റാരുമില്ലാത്ത സ്ഥിതിയാണ്. പേടി കൂടാതെ ജീവിക്കാന്‍ വേണ്ടി ഇപ്പോള്‍ പരിശീലനമെല്ലാം നേടി സ്വന്തമായൊരു തോക്കും ലൈസന്‍സും സ്വന്തമാക്കിയിരിക്കുകയാണെന്നും അവര്‍ പറഞ്ഞു.

ഇപ്പോള്‍ തോക്കില്ലാതെ പുറത്തിറങ്ങാറില്ലെന്നും നിസിം പറയുന്നു. ഒരു കൈയില്‍ കുഞ്ഞും മറുകൈയില്‍ തോക്കുമായാണു നടക്കുന്നത്. ഇതിപ്പോള്‍ ഇസ്രായേലില്‍ പതിവുകാഴ്ചയായി മാറിയിരിക്കുകയാണെന്നും ഇവര്‍ വെളിപ്പെടുത്തി.

Summary: 42,000 Israeli women apply for gun permit after October 7 attack

Tags:    

Writer - Shaheer

contributor

Editor - Shaheer

contributor

By - Web Desk

contributor

Similar News