കാബൂളിലെ സ്‌കൂളിൽ ചാവേറാക്രമണം; മരണം 53 ആയി, കൂടുതലും പെൺകുട്ടികൾ

പരിക്കേറ്റ 110 പേർ ചികിത്സയിലാണ്

Update: 2022-10-03 14:41 GMT
Editor : banuisahak | By : Web Desk
Advertising

കാബൂൾ: അഫ്‌ഗാൻ തലസ്ഥാനമായ കാബൂളിലെ വിദ്യാഭ്യാസ സ്ഥാപനത്തിന് നേരെയുണ്ടായ ചാവേർ സ്‌ഫോടനത്തിൽ മരണം 53 ആയി. മരിച്ചവരിൽ 46 പേരും പെൺകുട്ടികളാണെന്ന് അഫ്ഗാനിസ്ഥാനിലെ യുഎൻ മിഷൻ അറിയിച്ചു. പരിക്കേറ്റ 110 പേർ ചികിത്സയിലാണ്.

സ്‌ഫോടനത്തിൽ നൂറിലധികം വിദ്യാർത്ഥികൾ കൊല്ലപ്പെട്ടതായി സ്ഥിരീകരിക്കാത്ത റിപ്പോർട്ടുകളുണ്ട്. എന്നാൽ, മനുഷ്യാവകാശ സംഘം സ്ഥിതിഗതികൾ വിലയിരുത്തി വരികയാണെന്നും മരണസംഖ്യയടക്കമുള്ള കൃത്യമായ വിവരങ്ങൾ രേഖപ്പെടുത്തുന്നത് തുടരുമെന്നും യുഎൻ മിഷൻ ട്വീറ്റ് ചെയ്‌തു.

കാബൂളിന് പടിഞ്ഞാറുള്ള ദസ്‌തെ എ ബര്‍ചിയിലെ കാജ് വിദ്യാഭ്യാസ കേന്ദ്രത്തിലാണ് ചാവേറാക്രമണമുണ്ടായത്. സ്‌ഫോടനത്തിന്റെ ഉത്തരവാദിത്തം ഇതുവരെ ആരും ഏറ്റെടുത്തിട്ടില്ല. വിദ്യാര്‍ഥികള്‍ സര്‍വകലാശാലാ പ്രവേശന പരീക്ഷയ്ക്ക് തയ്യാറെടുക്കുന്നതിനിടെയായിരുന്നു സ്ഫോടനമെന്ന് അധികൃതർ പറയുന്നു.

ഹസാര ന്യൂനപക്ഷ വിഭാഗത്തില്‍ പെട്ടവരാണ് ഈ മേഖലയില്‍ താമസിക്കുന്നവരില്‍ അധികവും. ഇതിനു മുമ്പും ഈ വിഭാഗത്തെ ലക്ഷ്യം വച്ച് ആക്രമണങ്ങൾ നടന്നിട്ടുണ്ട്. ഇതിനിടെ വിദ്യാർത്ഥികൾക്ക് നേരെയുണ്ടായ സ്‌ഫോടനത്തിൽ പ്രതിഷേധിച്ച് ഹസാര സമുദായത്തിലെ നിരവധി സ്ത്രീകൾ പ്രതിഷേധ മാർച്ച് നടത്തി.

സംഭവത്തെ അപലപിച്ച് ഇന്ത്യയും രംഗത്തെത്തിയിരുന്നു. വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ നിരപരാധികളായ വിദ്യാർത്ഥികളെ ലക്ഷ്യമിട്ട് നടക്കുന്ന ആക്രമണങ്ങളെ ഇന്ത്യ ശക്തമായി കേന്ദ്ര വിദേശകാര്യ മന്ത്രാലയ വക്താവ് അരിന്ദം ബാഗ്ചി ട്വീറ്റ് ചെയ്‌തു.

കാബൂളിൽ വസീർ അക്ബർ ഖാൻ പ്രദേശത്തും റഷ്യൻ എംബസിക്ക് പുറത്തും സ്‌ഫോടനം നടന്ന് ദിവസങ്ങൾക്ക് ശേഷമാണ് ദസ്‌തെ ബര്‍ചിയിലെ കാജ് വിദ്യാഭ്യാസ കേന്ദ്രത്തിലും ആക്രമണമുണ്ടായത്. നിരവധി ആക്രമണങ്ങള്‍ നടന്ന മേഖലയാണ് ദസ്‌തെ ബര്‍ചി. സ്‌കൂളുകള്‍ക്കും ആശുപത്രികള്‍ക്കും നേരെയായിരുന്നു ആക്രമണങ്ങളില്‍ ചിലത്.

കഴിഞ്ഞ വര്‍ഷം ദസ്‌തെ ബര്‍ചിയിലെ ഒരു ഗേള്‍സ് സ്‌കൂളിനെതിരെയുണ്ടായ ബോംബാക്രമണത്തില്‍ 85 പേര്‍ കൊല്ലപ്പെട്ടിരുന്നു. നൂറിലധികം പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. ആക്രമണത്തിന് ഇരയായവരില്‍ ഭൂരിഭാഗവും വിദ്യാര്‍ഥികളായിരുന്നു.

Tags:    

Writer - banuisahak

contributor

Editor - banuisahak

contributor

By - Web Desk

contributor

Similar News