വില കൂടിയ മദ്യവും സിഗരറ്റും ഇറക്കുമതി ചെയ്ത മാംസം; ഉത്തര കൊറിയ ഭക്ഷ്യപ്രതിസന്ധിയില്‍ വലയുമ്പോള്‍ കിമ്മിന് ആഡംബര ജീവിതം
ബ്ലാക്ക് ലേബൽ സ്‌കോച്ച് വിസ്‌കിയും ഹെന്നസി ബ്രാണ്ടിയും കുടിക്കാൻ ഇഷ്ടപ്പെടുന്ന കിം ജോങ് ഉൻ കടുത്ത മദ്യപാനിയാണെന്ന് യുകെ പ്രതിരോധ വിദഗ്ധന്‍ ഡെയ്‍ലി സ്റ്റാറിനോട് പറഞ്ഞു
പ്യോങ്യാങ്: ഉത്തരകൊറിയ ഭക്ഷ്യപ്രതിസന്ധിയില്‍ വലയുമ്പോള്‍ ഇതൊന്നും രാജ്യത്തിന്‍റെ പരമോന്നത നേതാവ് കിം ജോങ് ഉന്നിനെ ബാധിക്കുന്നേയില്ല. വില കൂടിയ മദ്യവും സിഗരറ്റും ഇറക്കുമതി ചെയ്ത മാംസവുമൊക്കെയായി ആഡംബര ജീവിതം നയിക്കുകയാണ് കിമ്മെന്നാണ് റിപ്പോര്‍ട്ട്.
ബ്ലാക്ക് ലേബൽ സ്‌കോച്ച് വിസ്‌കിയും ഹെന്നസി ബ്രാണ്ടിയും കുടിക്കാൻ ഇഷ്ടപ്പെടുന്ന കിം ജോങ് ഉൻ കടുത്ത മദ്യപാനിയാണെന്ന് യുകെ പ്രതിരോധ വിദഗ്ധന്‍ ഡെയ്‍ലി സ്റ്റാറിനോട് പറഞ്ഞു. വില കൂടിയ മദ്യം വാങ്ങാനായി പ്രതിവര്‍ഷം 30 മില്യണ്‍ ഡോളറാണ് കിം ചെലവഴിക്കുന്നതെന്ന് ചൈനീസ് ജനറൽ അഡ്മിനിസ്ട്രേഷൻ ഓഫ് കസ്റ്റംസ് കുറച്ചു വര്‍ഷങ്ങള്‍ക്ക് മുന്‍പ് പുറത്തിറക്കിയ കണക്കുകള്‍ വ്യക്തമാക്കുന്നു. മദ്യപാനത്തിനു പുറമെ ഒരു ഭക്ഷണപ്രേമി കൂടിയാണ് കിം. ഇറ്റലിയില്‍ നിന്നുള്ള പാര്‍മ ഹാം, സ്വിസ് എമെന്റൽ ചീസ് എന്നിവയാണ് കിമ്മിന്‍റെ മെനുവിലെ പ്രധാന ഭക്ഷണം.
പണ്ട്, കിമ്മും പിതാവും കോബ് സ്റ്റീക്ക്‌സും (ലോകത്തിലെ ഏറ്റവും ചെലവേറിയ ബീഫ്) ക്രിസ്റ്റൽ ഷാംപെയ്‌നും ഒരുമിച്ചിരുന്നു കഴിക്കുമായിരുന്നുവെന്ന് കിമ്മിന്‍റെ മുന്‍ പാചകക്കാരന്‍ ഒരു യുകെ ടാബ്ലോയിഡിനോട് പറഞ്ഞിരുന്നു. ജങ്ക് ഫുഡും കിമ്മിന് ഇഷ്ടമാണ്. കുടുംബത്തിനു പിസ്സ ഉണ്ടാക്കാനായി മാത്രം കിം 1997ല്‍ ഒരു ഇറ്റാലിയന്‍ പാചകക്കാരനെ നിയമിച്ചിരുന്നു. വില കൂടിയ ബ്രസീലിയന്‍ കോഫിയാണ് കിമ്മിന്‍റെ മറ്റൊരു ദൗര്‍ബല്യം. ഒരു വര്‍ഷത്തിനുള്ളില്‍ 967,051 ഡോളറാണ് ഇതിനായി ചെലവഴിച്ചത്. സ്വർണ്ണ ഫോയിൽ കൊണ്ട് പൊതിഞ്ഞ യെവ്സ് സെന്‍റ് ലോറന്‍റ് കറുത്ത സിഗരറ്റുകളും സ്ഥിരമായി ഉപയോഗിക്കുന്നുണ്ട്.
ഉത്തരകൊറിയൻ ഏകാധിപതി കടുത്ത മദ്യപാനത്തിലും പുകവലിയിലും മുഴുകിയിരിക്കുകയാണെന്നും അദ്ദേഹത്തിന്‍റെ ഭാരം 300 പൗണ്ട് (136 കിലോഗ്രാം) കവിഞ്ഞുവെന്നും ദക്ഷിണ കൊറിയൻ ഇന്‍റലിജൻസ് റിപ്പോർട്ടുകൾ വെളിപ്പെടുത്തിയതിന് പിന്നാലെയാണ് കിമ്മിന്‍റെ ഭക്ഷണവുമായി ബന്ധപ്പെട്ട റിപ്പോര്‍ട്ടുകള്‍ പുറത്തുവരുന്നത്.
കടുത്ത ഭക്ഷ്യ ക്ഷാമത്തിലൂടെയാണ് 2021 മുതല്‍ ഉത്തര കൊറിയ കടന്നുപോകുന്നത്. 2020ല്‍ ആഞ്ഞടിച്ച ചുഴലിക്കാറ്റിനെ തുടര്‍ന്ന് വന്‍ കൃഷിനാശമുണ്ടാവുകയും ധാന്യ ഉല്‍പാദനം തകിടം മറിഞ്ഞെന്നും അതാണ് ഭക്ഷ്യ പ്രതിസന്ധിക്ക് കാരണമെന്നായിരുന്നു കിം ജോങ് ഉന്‍ പറഞ്ഞത്. സാമ്പത്തികമായി ഒറ്റപ്പെട്ട നിലയിലാണ് ഉത്തര കൊറിയ മാത്രമല്ല പരിമിതമായ വിഭവങ്ങളും അതിന്റെ കാർഷിക ഉൽപാദനത്തെ വഷളാക്കിയിട്ടുണ്ട്.ദക്ഷിണ കൊറിയൻ കണക്കുകൾ പ്രകാരം, ഉത്തര കൊറിയയുടെ ഭക്ഷ്യോത്പാദനം 2022 ൽ ഏകദേശം 4% കുറഞ്ഞ് 4.5 ദശലക്ഷം ടണ്ണായിട്ടുണ്ട്. കോവിഡ് മഹാമാരിയുടെ വരവ് തകർന്നുകൊണ്ടിരിക്കുന്ന ഉത്തര കൊറിയയുടെ സമ്പദ്‌വ്യവസ്ഥയെ കൂടുതൽ ഞെട്ടിച്ചു.