‘ഇനിയിത് സാധിക്കില്ല, നടക്കുന്നതി​നിടെ ഞാൻ മരിച്ചുപോകാൻ ആഗ്രഹിക്കുന്നു’; കരച്ചിലടക്കാനാകാതെ കുടിയിറക്കപ്പെട്ട ഫലസ്തീൻ വയോധികൻ

ഗസ്സയിൽ ഒക്ടോബറിന് ശേഷമുള്ള ഏറ്റവും വലിയ കുടിയൊഴിപ്പിക്കലിനാണ് ​ഇസ്രായേൽ ഉത്തരവിട്ടിരിക്കുന്നത്

Update: 2024-07-03 07:24 GMT
Advertising

ഗസ്സ സിറ്റി: ഖാൻ യൂനിസിൽനിന്നും റഫയിൽനിന്നും വീണ്ടും ആളുകളോട് ഒഴിഞ്ഞുപോകാൻ ആവശ്യപ്പെട്ടിരിക്കുകയാണ് ഇസ്രായേൽ. ലക്ഷക്കണക്കിന് പേരാണ് കൈയിൽ കിട്ടിയ സാധനങ്ങളുമായി ജനിച്ച മണ്ണിലൂടെ അലയുന്നത്. വയോധികരും സ്ത്രീകളും കുട്ടികളുമെല്ലാം ഇക്കൂട്ടത്തിലുണ്ട്.

ഇത്തരത്തിൽ കുടിയിറക്കപ്പെട്ട വയോധികന്റെ വിഡിയോ ആരെയം നൊമ്പ​രപ്പെടുത്തുന്നതാണ്. മുതുകിലും രണ്ട് കൈകളിലുമായി ധാരാളം സാധനങ്ങൾ അദ്ദേഹത്തിന്റെ കൈവശമുണ്ട്. ‘ഞങ്ങളെ ഈ അവസ്ഥയിൽ കാണുന്നത് നിങ്ങൾ ആസ്വദിക്കുന്നുണ്ടോ എന്ന് എനിക്ക് ലോകത്തോട് പറയാൻ ആഗ്രഹമുണ്ട്. ഞങ്ങളുടെ ജീവിതകാലം മുഴുവൻ ഒരിടത്തുനിന്ന് മറ്റൊരിടത്തേക്ക് കുടിയിറക്കപ്പെടുന്നു. എനിക്കിത് ഇനിയും ചെയ്യാൻ സാധിക്കില്ല. നടക്കുന്നതിനിടയിൽ മരിച്ചുപോകാൻ ഞാൻ ആഗ്രഹിക്കുകയാണ്’ -വയോധികൻ വിഡിയോയിൽ പറയുന്നുണ്ട്. 1948ൽ ഫലസ്തീൻ സാക്ഷ്യം വഹിച്ചതിന് സമാനമായ കാര്യങ്ങളാണ് ഇപ്പോൾ നടക്കുന്നതെന്ന കുറിപ്പോടെയാണ് വിഡിയോ പങ്കുവെച്ചിട്ടുള്ളത്.

ഖാൻ യൂനിസിൽനിന്നും റഫയിൽനിന്നും ഒഴിഞ്ഞുപോകാനാണ് ഇസ്രായേൽ ആവശ്യപ്പെട്ടിരിക്കുന്നത്. ഒക്ടോബറിൽ വടക്കൻ ഗസ്സയിൽനിന്ന് 11 ലക്ഷം പേരോട് ഒഴിഞ്ഞുപോകാൻ ആവശ്യപ്പെട്ടതിന് ശേഷമുള്ള ഏറ്റവും വലിയ കുടിയൊഴിപ്പിക്കൽ ഉത്തരവാണിതെന്ന് ഐക്യരാഷ്ട്ര സഭ വ്യക്തമാക്കി.

തിങ്കളാഴ്ചത്തെ ഇസ്രായേൽ ഉത്തരവ് ഗസ്സയിലെ മൂന്നിലൊന്ന് ജനങ്ങളെയും ബാധിക്കുമെന്ന് യു.എൻ വക്താവ് സ്റ്റീഫൻ ഡുജാറിക് മുന്നറിയിപ്പ് നൽകുന്നു. ഈ ഭാഗങ്ങളിൽ രണ്ടര ലക്ഷത്തോളം പേർ കഴിയുന്നുണ്ടെന്നാണ് ഫലസ്തീൻ അഭയാർഥികൾക്കായുള്ള യു.എൻ ഏജൻസിയും (യു.എൻ.ആർ.ഡബ്ല്യു.എ) കണക്കുകൾ സൂചിപ്പിക്കുന്നത്. ഇത്രയും വലിയ തോതിലുള്ള ഒഴിപ്പിക്കൽ സാധാരണക്കാരുടെ ദുരിതം വർധിപ്പിക്കും. കൂടാതെ മാനുഷിക സഹായങ്ങളുടെ ആവശ്യകത ഉയരുകയും ചെയ്യും.

പലായനം ചെയ്യുകയല്ലാതെ മറ്റൊരു നിർവാഹമില്ലാത്ത അവസ്ഥയിലാണ് ജനങ്ങൾ. പലരും രണ്ടോ മൂന്നോ തവണ പലായനം ചെയ്തവരാണ്. കാര്യമായ സൗകര്യങ്ങളും മറ്റു സേവനങ്ങളുമില്ലാത്ത ഇടങ്ങളിലേക്കാണ് ഇവർക്കനി പോകേണ്ടത്. കൂടാതെ കനത്ത പോരാട്ടം നടക്കുന്നയിടങ്ങളിലേക്കും മാറിത്താമസിക്കേണ്ടി വരികയാണെന്നും സ്റ്റീഫൻ ഡുജാറിക് കൂട്ടിച്ചേർത്തു.

ഒക്ടോബർ ഏഴിന് ശേഷം ഇസ്രായേൽ തുടരുന്ന വംശഹത്യാ യുദ്ധത്തിൽ ഇതുവരെ 37,925 ഫലസ്തീനികളാണ് കൊല്ലപ്പെട്ടത്. 87,141 പേർക്ക് പരിക്കേൽക്കുകയും ചെയ്തു. ഗസ്സയിൽ ഇതുവരെ കുടിയിറക്കപ്പെട്ടവരുടെ എണ്ണം 19 ലക്ഷം കവിഞ്ഞു.

കഴിഞ്ഞദിവസവും നിരവധി പേരാണ് ഇസ്രായേൽ ആക്രമണത്തിൽ കൊല്ലപ്പെട്ടത്. ഇസ്രായേൽ സുരക്ഷിത മേഖ​ലയാണെന്ന് പറയുന്ന കിഴക്കൻ ഖാൻ യൂനിസിൽ നടത്തിയ വ്യോമാക്രമണത്തിൽ 12 പേർ കൊല്ലപ്പെട്ടു. ഖാൻ യൂനിസിലെ യൂറോപ്യൻ ആശുപത്രിയിൽ ചികിത്സയിലുള്ളവരോടും ഒഴിയാൻ ഇസ്രായേൽ ആവശ്യപ്പെട്ടിരുന്നു. നൂറോളം രോഗികളാണ് ഇവിടെനിന്ന് മാറിയത്. ഇതിൽ മൂന്നുപേർ മാത്രമാണ് ഇപ്പോൾ ജീവനോടെയുള്ളതെന്ന് ലോകാരോഗ്യ സംഘടന വ്യക്തമാക്കി. 

Tags:    

Writer - വി.കെ. ഷമീം

Senior Web Journalist

Editor - വി.കെ. ഷമീം

Senior Web Journalist

By - Web Desk

contributor

Similar News