ലക്ഷ്യങ്ങൾ ബാക്കിയാക്കി പിൻവാങ്ങുന്ന ഇസ്രായേലിന് ഗസ്സ നൽകുന്ന പാഠം
അധിനിവേശത്തിലൂടെ സ്ത്രീകളും കുട്ടികളുമടക്കം പതിനായിരങ്ങളെ കൊന്നൊടുക്കിയിട്ടും ഏറ്റവുമൊടുവിൽ ആ ശക്തി പരാജയപ്പെടുന്നത് എങ്ങനെയാകുമെന്നതിന്റെ സമീപകാല ഉദാഹരണമാണ് ഇസ്രായേൽ.
467 ദിവസങ്ങൾ നീണ്ട വംശഹത്യയിൽ ഔദ്യോഗിക കണക്ക് പ്രകാരം, ഇസ്രായേൽ കൊന്നൊടുക്കിയത് 46000ത്തിലധികം മനുഷ്യരെയാണ്. ഫലസ്തീൻ വിമോചന പ്രസ്ഥാനമായ ഹമാസിനെ ഇല്ലാതാക്കാനെന്ന പേരിൽ ജനവാസ മേഖലകളും നവജാത ശിശുക്കളെ ഉൾപ്പെടെ പാർപ്പിച്ചിരുന്ന ആശുപത്രികളും ഇസ്രായേലി സൈന്യം ചാമ്പലാക്കി. 365 ചതുരശ്ര കിലോമീറ്ററുള്ള മുനമ്പിൽ ആരുമില്ല ദുരന്തമേൽക്കാത്തവരായിട്ട്. പട്ടിണി പോലും ആയുധമാക്കപ്പെട്ട അധിനിവേശത്തിൽ ഇസ്രായേൽ ഒടുവിൽ പരാജയപ്പെട്ടിരിക്കുന്നു.
Win the battle, but lose the war
ഗസ്സയിൽ വെടിനിർത്തൽ പ്രഖ്യാപിക്കുമ്പോൾ ഇസ്രായേലിന്റെ അവസ്ഥയെ ഇങ്ങനെ വിശേഷിപ്പിക്കാം. ഹമാസിന്റെ മുതിർന്ന നേതാക്കളിൽ ചിലരെ വധിച്ചുവെന്നത് ഒഴിച്ചുനിർത്തിയാൽ രാഷ്ട്രീയ-നയതന്ത്ര തലത്തിലോ അല്ലാതെയോ, എങ്ങനെ പരിശോധിച്ചാലും ഇസ്രായേലെന്ന അധിനിവേശ ശക്തിക്കും നേതൃത്വം നൽകിയ പ്രധാനമന്ത്രി ബിന്യാമിൻ നെതന്യാഹുവിനും ഗസ്സയിലുണ്ടായ പരാജയം പകൽപോലെ വ്യക്തമാണ്.
തുറന്നുകാട്ടപ്പെട്ട സയണിസം
സയണിസം എന്നതൊരു അധിനിവേശ-കൊളോണിയലിസ്റ്റ് പ്രത്യയശാസ്ത്രമാണെന്ന് ലോകത്തിന് ബോധ്യമായി എന്നതാണ് അതിൽ പ്രധാനം. പാശ്ചാത്യ മാധ്യമങ്ങളുടെയും വൻ ശക്തികളുടെയും മനുഷ്യത്വവിരുദ്ധ സ്വഭാവമാണ് 2023 ഒക്ടോബർ ഏഴിന് ആരംഭിച്ച ഗസ്സ വംശഹത്യയിലൂടെ വെളിപ്പെട്ടത്. ഇത്രയും കാലം സയണിസ്റ്റ് ഭരണകൂടങ്ങൾ ഭയപ്പെട്ടിരുന്നതും ഈ വെളിപ്പെടലിനെയായിരുന്നു.
അറബ് രാജ്യങ്ങളുമായുള്ള നയതന്ത്രബന്ധം ശക്തിപ്പെടുത്തിയതിലൂടെ ഇസ്രായേൽ എഴുതിത്തള്ളാൻ ശ്രമിച്ചത് ഫലസ്തീനികളുടെ അവകാശങ്ങളായിരുന്നു. എന്നാൽ ഇനി അടുത്തൊന്നും ആ ലക്ഷ്യം നേടാൻ ഇസ്രായേലിന് സാധിക്കില്ല. ഒക്ടോബർ ഏഴിന് ഇസ്രായേലിലേക്ക് കടന്നുകയറുമ്പോൾ ഹമാസ് ലക്ഷ്യമിട്ടതും അത് തന്നെയായിരുന്നു. സ്വതന്ത്ര ഫലസ്തീൻ രാഷ്ട്രം എന്നത് മറവിയിലേക്ക് തള്ളാൻ അനുവദിക്കില്ല എന്ന പ്രഖ്യാപനം.
ലക്ഷ്യങ്ങളൊന്നും നേടാനാകാത്ത നെതന്യാഹു
ഒക്ടോബർ ഏഴിന് ഗസ്സയിലേക്ക് സൈന്യത്തെ അയച്ച നെതന്യാഹുവിന്റെ പ്രഖ്യാപിത ലക്ഷ്യങ്ങൾ ബന്ദികളുടെ മോചനവും ഹമാസിന്റെ ഉന്മൂലനവുമായിരുന്നു. സ്ത്രീകളെയും നവജാത ശിശുക്കളെയും ഉൾപ്പെടെ കൊന്നുതള്ളുമ്പോഴും വൈദ്യുതിയും ഭക്ഷണവും കുടിവെള്ളവും ഉൾപ്പെടെ നിഷേധിച്ച് 23 ലക്ഷം ഗസ്സൻ പൗരന്മാരെ കൊല്ലാകൊല ചെയ്യുമ്പോഴും നെതന്യാഹു ന്യായീകരിച്ചത് ഹമാസിനെ ഇല്ലാതാക്കാനെന്ന പേരിലായിരുന്നു. ഹമാസിനെ ഇല്ലാതാക്കുക സാധ്യമല്ലെന്ന് ഇസ്രായേലി ഉന്നത സൈനിക ഉദ്യോഗസ്ഥർ ഉൾപ്പെടെ അഭിപ്രായപെട്ടപ്പോഴും നെതന്യാഹു വിസമ്മതിച്ചു. ഇക്കഴിഞ്ഞ ഡിസംബറിൽ (2024) വാൾ സ്ട്രീറ്റ് ജേണലിന് നൽകിയ അഭിമുഖത്തിൽ ഹമാസിനെ നശിപ്പിക്കാതെ വെടിനിർത്തൽ കരാറിനില്ലെന്നും നെതന്യാഹു പറഞ്ഞിരുന്നു.
എന്നാൽ രണ്ട് ലക്ഷ്യങ്ങളും നേടാൻ നെതന്യാഹുവിനോ പാശ്ചാത്യ മാധ്യമങ്ങൾ കൊട്ടിഘോഷിക്കുന്ന പശ്ചിമേഷ്യയിലെ ഏറ്റവും വലിയ സൈനിക ശക്തിക്കോ സാധിച്ചിട്ടില്ല എന്നതാണ് വസ്തുത. ഇസ്മായിൽ ഹനിയ്യയും യഹ്യ സിൻവാറുമടക്കമുള്ള ഹമാസിന്റെ മുതിർന്ന നേതാക്കളെ ഇല്ലാതാക്കാൻ ഇസ്രായേലിന് സാധിച്ചിട്ടുണ്ടെങ്കിലും വിമോചന സംഘടനയെന്ന നിലയിൽ അവരെ തകർക്കാൻ സയണിസ്റ്റ് ഭരണകൂടത്തിന് കഴിഞ്ഞിട്ടില്ല. ഇസ്രായേൽ കൊന്നൊടുക്കിയതിന്റെ അത്രയും പോരാളികളെ പുതുതായി റിക്രൂട്ട് ചെയ്യാൻ ഹമാസിന് കഴിഞ്ഞുവെന്ന യുഎസ് വിദേശകാര്യ സെക്രട്ടറി ആന്റണി ബ്ലിങ്കന്റെ തുറന്നുപറച്ചിലും 'Hamas Has Another Sinwar. And He's Rebuilding' എന്ന തലക്കെട്ടിൽ വാൾ സ്ട്രീറ്റ് ജേണൽ പ്രസിദ്ധീകരിച്ച ലേഖനങ്ങളും അതിന്റെ സ്ഥിരീകരണമാണ്.
ഗസ്സയിൽനിന്ന് പിന്മാറണമെന്ന് ഇസ്രായേലി മുൻ പ്രതിരോധ മന്ത്രി യോവ് ഗാലന്റ് പറഞ്ഞപ്പോൾ അദ്ദേഹത്തെ പുറത്താക്കുകയായിരുന്നു നെതന്യാഹു ചെയ്തത്. അതേ നേതാവാണ് നിലവിൽ ഗസ്സയിൽനിന്നുള്ള പൂർണ ഇസ്രായേലി സൈനികപിന്മാറ്റം ഉപാധി ചെയ്യുന്ന കരാറിൽ ഒപ്പുവെക്കാനൊരുങ്ങുന്നത്. അതും പ്രഖ്യാപിത ലക്ഷ്യങ്ങളിൽ ഒന്നുപോലും നേടാനാകാതെ.
2024 മെയ് 31ന് യുഎസ് പ്രസിഡന്റ് ജോ ബൈഡൻ മുന്നോട്ടുവച്ച മൂന്ന് ഘട്ടങ്ങളായുള്ള വെടിനിർത്തൽ കരാർ ഇത്രയും കാലം നീണ്ടുപോകാനുള്ള പ്രധാന കാരണം നെതന്യാഹുവായിരുന്നു. തന്റെ സ്വാർത്ഥമായ രാഷ്ട്രീയ നേട്ടങ്ങളെ മുൻനിർത്തിയായിരുന്നു നീക്കം. പക്ഷെ ഒടുവിൽ വലിയ മാറ്റങ്ങളില്ലാത്ത അതേ കരാറിൽ ഇസ്രായേലി നേതാവ് ഒപ്പുവെക്കുമ്പോൾ എല്ലാതരത്തിലും പരാജയപ്പെട്ട നേതാവായിട്ടാകും ഒരുപക്ഷെ ചരിത്രം നെതന്യാഹുവിനെ രേഖപ്പെടുത്തുക.
ഇസ്രായേലിലും കുഴപ്പത്തിലാകുന്ന നെതന്യാഹു
ഡൊണൾഡ് ട്രംപ് യുഎസ് പ്രസിഡന്റ് സ്ഥാനം ഏറ്റെടുക്കാൻ ദിവസങ്ങൾ മാത്രം ബാക്കിനിൽക്കുമ്പോഴാണ് ഗസ്സയിൽ വെടിനിർത്തൽ കരാർ യാഥാർഥ്യമാകുന്നത്. ട്രംപിന്റെ വരവ് ഇസ്രായേലിന് അനുകൂലമാകുമെന്ന വിലയിരുത്തലുകൾ ഉണ്ടായിരുന്നെങ്കിലും, നെതന്യാഹുവിന് കാര്യങ്ങൾ അത്ര സുഖകരമല്ലെന്നതാണ് നിലവിലെ സംഭവവികാസങ്ങൾ സൂചന തരുന്നത്. അധികാരമേൽക്കാൻ പോകുന്ന ട്രംപ് ഭരണകൂടത്തിന്റെ പക്കൽനിന്ന് വലിയ സമ്മർദം നെതന്യാഹു നേരിട്ടിരുന്നുവെന്നാണ് റിപ്പോർട്ടുകൾ. 'ട്രംപിന്റെ തെരഞ്ഞെടുപ്പിന് ആദ്യം വില കൊടുക്കുന്നത് ഞങ്ങളാണ്. കരാർ ഞങ്ങളുടെ മേൽ നിർബന്ധിതമാക്കപ്പെടുകയാണ്' എന്ന ഇസ്രായേലി പണ്ഡിറ്റിന്റെ വാക്കുകൾ ഇതിനോട് ചേർത്തുവേണം വായിക്കാൻ.
വടക്കൻ ഗസ്സയിലേക്ക് ഫലസ്തീനികളെ തിരികെ പ്രവേശിപ്പിക്കുക, നെറ്റ്‌സാരിം- ഫിലാഡെൽഫി ഇടനാഴികളിൽനിന്നുള്ള ഇസ്രായേലി സൈന്യത്തിന്റെ പിന്മാറ്റം ഉൾപ്പെടെ ഒരിക്കലും അംഗീകരിക്കില്ലെന്ന് പ്രഖ്യാപിച്ചിരുന്ന ഉപാധികളാണ് ഗത്യന്തരമില്ലാതെ നെതന്യാഹു സമ്മതിച്ചിരിക്കുന്നത്. ഇതോടെ കൂടെയുണ്ടായിരുന്ന തീവ്രവലതുപക്ഷ നേതാക്കളും പ്രധാനമന്ത്രിക്ക് എതിരായിരിക്കുകയാണ്. ദേശീയ സുരക്ഷാ മന്ത്രി ഇറ്റാമർ ബെൻഗ്വിർ എതിർപ്പുമായി രംഗത്തുവന്നുകഴിഞ്ഞു. ബെസലേൽ സ്‌മോട്രിച്ചും സമാന അഭിപ്രായക്കാരനാണ്. കൂടെ വെസ്റ്റ് ബാങ്കിലെ ഇസ്രായേലി കുടിയേറ്റക്കാരുമുണ്ട്. ഇതുവരെ തുണയ്ക്കുണ്ടാക്കുന്നവർ എതിർപക്ഷത്തേക്ക് മാറുമ്പോൾ ഇനിയുള്ള നാളുകൾ നെതന്യാഹുവിന്റെ രാഷ്ട്രീയ ജീവിതത്തിനും സുഖകരമായിരിക്കില്ല.
ആഗോളതലത്തിൽ ശക്തമാകുന്ന ഫലസ്തീൻ പ്രതിരോധം
ഇസ്രായേൽ നടത്തിയ ക്രൂരമായ വംശഹത്യക്കിടയിലും ഫലസ്തീന്റെ പരമാധികാരത്തിനായി ആഗോളതലത്തിൽ വലിയ പ്രചാരമാണ് ലഭിക്കുന്നത്. ബിഡിഎസ് (Boycott, Divestment, Sanction) മുന്നേറ്റത്തിന് ലഭിക്കുന്ന സ്വീകാര്യത സയണിസ്റ്റ് ലോബിയുടെ ശക്തികേന്ദ്രമായ യുഎസിൽ ഉൾപ്പെടെ ഫലസ്തീനായി ഉയരുന്ന മുദ്രാവാക്യങ്ങൾ എല്ലാം ഇക്കാര്യം തെളിയിക്കുന്നതാണ്. (ഇസ്രായേലിനും അവരെ സഹായിക്കുന്നവർക്കുമെതിരെ ബഹിഷ്‌കരണങ്ങളും സാമ്പത്തിക ഉപരോധങ്ങളും ഉൾപ്പെടെയുള്ള അഹിംസാത്മക മാർഗങ്ങളിലൂടെ പ്രതിഷേധിക്കാൻ പ്രോത്സാഹിപ്പിക്കുന്ന ഫലസ്തീനികളുടെ നേതൃത്വത്തിലുള്ള പ്രസ്ഥാനമാണ് ബിഡിഎസ്).
സയണിസത്തെ കൊളോണിയൽ പ്രത്യയശാസ്ത്രമായി ലോകം മനസിലാക്കുന്നതുപോലെ, ഇസ്രായേലെന്ന പശ്ചിമേഷ്യയിലെ 'ഏക ജനാധിപത്യ' രാജ്യം വംശീയ വിവേചനം നടമാടുന്ന അപ്പാർത്തീഡ് രാഷ്ട്രമാണെന്ന തിരുത്തലുകളിലേക്കും ലോകം മാറിത്തുടങ്ങിയിരിക്കുന്നു. ഇസ്രായേലി ചരിത്രകാരൻ ഇലൻ പപ്പെ ഉൾപ്പെടെയുള്ളവർ ഇക്കാര്യങ്ങൾ ചൂണ്ടിക്കാണിച്ചുകൊണ്ട് ഫലസ്തീൻ പ്രതിരോധ പ്രവർത്തനങ്ങൾക്ക് ശക്തി പകരുകയും ചെയ്യുന്നു. ഗസ്സയിലെയും വെസ്റ്റ് ബാങ്കിലെയും ഫലസ്തീനികളുടെ ദുരിതങ്ങൾ അളക്കാനാവാത്തതാണ്. പക്ഷെ ഇസ്രായേൽ വരുത്തിയ നാശത്തിന്റെ തോത് എന്തുതന്നെയായാലും, സ്വതന്ത്ര രാഷ്ട്രമെന്ന ഫലസ്തീനികളുടെ ആവശ്യം കൂടുതൽ ദൃഢമായിരിക്കുകയാണ്. പശ്ചിമേഷ്യയിലെ പൂർണസമാധാനവും സുരക്ഷയും ഉണ്ടാകണമെങ്കിൽ ഫലസ്തീനികൾക്ക് അവരുടെ ഭൂമി ലഭിക്കുക മാത്രമാണ് ഏകവഴി, അതാണ് നീതിയും.