Writer - നബിൽ ഐ.വി
Trainee Web Journalist, MediaOne
ന്യൂയോർക്ക്: എഫ്ബിഐയുടെ മോസ്റ്റ് വാണ്ടഡ് പട്ടികയിൽ ഇന്ത്യൻ വംശജനായ കൊലയാളിയും. ഗുജറാത്ത് സ്വദേശിയായ ഭദ്രേഷ് കുമാർ ചേതൻഭായ് പട്ടേലാണ് പത്ത് പേരടങ്ങിയ കുറ്റവാളികളുടെ പട്ടികയിൽ ഉൾപ്പെട്ടത്. 2015ൽ ഭാര്യയെ കൊലപ്പെടുത്തിയതിന് പിന്നാലെ ഒളിവിൽ പോയ ഭദ്രേഷ് കുമാറിനെ പത്ത് വർഷത്തോളമായിട്ടും അമേരിക്കയുടെ ദേശീയ അന്വേഷണ ഏജൻസിയായ എഫ്ബിഐക്ക് കണ്ടെത്താൻ സാധിച്ചിട്ടില്ല.
2015 ഏപ്രിലിലാണ് ഭദ്രേഷ് കുമാർ തന്റെ ഭാര്യയെ അതിക്രൂരമായി കൊലപ്പെടുത്തിയത്. ഭദ്രേഷ് കുമാറിനെ കുറിച്ച് എന്തെങ്കിലും വിവരം ലഭിക്കുന്നവർ അറിയിക്കണമെന്ന ആവശ്യവുമായി വീണ്ടും രംഗത്തെത്തിയിരിക്കുകയാണ് എഫ്ബിഐ. എഫ്ബിഐ എക്‌സിൽ പങ്കുവെച്ച പോസ്റ്റിൽ ഭദ്രേഷ് കുമാർ വളരെയേറെ അപകടകാരിയാണെന്നാണ് അറിയിച്ചിരിക്കുന്നത്. ഇയാളെ പിടികൂടാൻ സഹായിക്കുന്ന എന്തെങ്കിലും വിവരങ്ങൾ നൽകുന്നവർക്ക് 2,50,000 ഡോളർ പാരിതോഷികം നൽകുമെന്നും എഫ്ബിഐ അറിയിച്ചിട്ടുണ്ട്.
2015 ഏപ്രിൽ 12ന് കടയിൽ വെച്ച് ഭദ്രേഷ് കുമാർ ഭാര്യയെ ക്രൂരമായി കുത്തിക്കൊലപ്പെടുത്തുകയായിരുന്നു. സംഭവത്തിന്റെ സിസിടിവി ദൃശ്യം പൊലീസ് പരിശോധിച്ചിരുന്നു. 2015 ഏപ്രിലിൽ ഇയാൾക്കെതിരെ അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചതിനെ തുടർന്ന് ഇയാൾ ഒളിവിൽ പോവുകയായിരുന്നു.