ഹിൻഡൻബർഗ്: അദാനി ഗ്രൂപ്പ് നഷ്‌ടക്കയത്തിൽ തന്നെ, ഒരു മാസത്തിനിടെ കൈവിട്ടത് 12 ലക്ഷം കോടി
റിപ്പോർട്ട് പുറത്തുവന്നതിന് ശേഷം ഓരോ ദിവസവും ശരാശരി 52,343 കോടി രൂപയുടെ നഷ്‌ടമാണുണ്ടായത്
ഓഹരി തട്ടിപ്പ് ആരോപിച്ച് അദാനി ഗ്രൂപ്പിനെതിരെ യുഎസ് സാമ്പത്തിക ഗവേഷണ സ്ഥാപനമായ ഹിൻഡൻബർഗ് റിസർച്ച് റിപ്പോർട്ട് പുറത്തുവിട്ടിട്ട് ഒരു മാസം പിന്നിടുന്നു. ജനുവരി 24നാണ് ഹിൻഡൻബർഗ് റിപ്പോർട്ട് പുറത്തുവിട്ടത്. പിന്നാലെ ഇതുവരെയില്ലാത്ത തിരിച്ചടിയാണ് അദാനി ഗ്രൂപ്പ് നേരിട്ടുകൊണ്ടിരിക്കുന്നത്. ഒരു മാസം കഴിഞ്ഞിട്ടും ഹിൻഡൻബർഗ് ഉണ്ടാക്കിയ ആഘാതത്തിൽ നിന്ന് കരകയറാൻ അദാനി ഗ്രൂപ്പിനായിട്ടില്ല.
റിപ്പോർട്ട് പുറത്തുവന്നതിന് ശേഷം പത്ത് ഗ്രൂപ്പ് ഓഹരികൾക്ക് ഓരോ ദിവസവും ശരാശരി 52,343 കോടി രൂപയുടെ നഷ്‌ടമാണുണ്ടായത്. ഗ്രൂപ്പിന്റെ മൊത്തം മാർക്കറ്റ് ക്യാപിറ്റലൈസേഷൻ അല്ലെങ്കിൽ എം-ക്യാപ് ഇറോഷൻ 19.2 ട്രില്യൺ രൂപയിൽ നിന്ന് 12.05 ട്രില്യണിലേക്ക് (145 ബില്യൺ ഡോളർ) കൂപ്പുകുത്തി. 63 ശതമാനം ഇടിവാണ് വെറും ഒരു മാസത്തിനുള്ളിൽ ഉണ്ടായത്.
ആഗോളതലത്തിൽ സമ്പത്തിന്റെ എക്കാലത്തെയും വലിയ തുടച്ചുനീക്കൽ എന്നാണ് ഇതിനെ സാമ്പത്തിക വിദഗ്‌ധർ വിശേഷിപ്പിച്ചത്. ഹിൻഡൻബർഗ് റിപ്പോർട്ട് പുറത്തുവന്നതിന് തൊട്ടുപിന്നാലെ ബ്ലൂംബെർഗ് ശതകോടീശ്വരൻമാരുടെ സൂചികയിൽ ഗൗതം അദാനിയുടെ റാങ്കിംഗ് 4ആം സ്ഥാനത്ത് നിന്ന് 29ആം സ്ഥാനത്തേക്ക് താഴ്ന്നു. 23 ട്രേഡിംഗ് സെഷനുകളിൽ 80 ബില്യൺ ഡോളറിന്റെ സമ്പത്ത് ഇടിഞ്ഞതാണ് ഗൗതം അദാനിക്കേറ്റ കനത്ത തിരിച്ചടി.
മൊത്തം 7.16 ട്രില്യൺ രൂപ മൂല്യമുള്ള ഈ കമ്പനി ഇപ്പോൾ നാലാം സ്ഥാനത്താണ്. ടാറ്റ ഗ്രൂപ്പ്, റിലയൻസ്, രാഹുൽ ബജാജ് ഗ്രൂപ്പ് എന്നിവയ്ക്ക് ശേഷമാണ് അദാനി ഗ്രൂപ്പ് നിലയുറപ്പിച്ചിരിക്കുന്നത്. ഹിൻഡൻബർഗ് റിപ്പോർട്ടിന് മുമ്പ്, അദാനി ഗ്രൂപ്പ് രണ്ടാം സ്ഥാനത്തായിരുന്നു. ടാറ്റയ്ക്ക് തൊട്ടുപിന്നിലായിരുന്നു കമ്പനിയുടെ സ്ഥാനം.
അദാനി ഗ്രൂപ്പിന്റെ ഓഹരികളിലെ ഇടിവ് ശരാശരി നിക്ഷേപകരെയും ബാധിച്ചിട്ടുണ്ട്. അദാനി ഗ്രൂപ്പിലെ ലൈഫ് ഇൻഷൂറൻസ് കോർപ്പറേഷന്റെ (എൽഐസി) നിക്ഷേപങ്ങൾ കനത്ത നഷ്ടത്തിലാണ്. ഓഹരിവിപണി മൂല്യത്തിൽ 30,000 കോടിയുടെ ഇടിവാണ് രേഖപ്പെടുത്തിയത്. എൽഐസി 30,127 കോടി രൂപയുടെ നിക്ഷേപമാണു വിവിധ കമ്പനികളിലായി നടത്തിയിട്ടുള്ളത്.
ഹിൻഡൻബർഗ് റിപ്പോർട്ട് പുറത്തുവന്ന് ഓഹരികൾ തകർന്നടിഞ്ഞിട്ടും അദാനി എന്റർപ്രൈസസിൽ കൂടുതൽ പണമിറക്കിയ സ്ഥാപനമാണ് എൽഐസി. അദാനി ഗ്രൂപ്പിന്റെ അഞ്ച് വൻകിട കമ്പനികളിൽ നിക്ഷേപമുള്ള സ്ഥാപനവും മറ്റു ആഭ്യന്തര സ്ഥാപനങ്ങളെ അപേക്ഷിച്ച് ഏറ്റവും വലിയ ഓഹരി ഉടമയുമാണ് എൽഐസി. സ്റ്റോക്ക് എക്സ്ചേഞ്ച് വിവരങ്ങൾ പ്രകാരം അദാനി ഓഹരികളിൽ 28,400 കോടി രൂപയുടെ നിക്ഷേപമാണ് എൽ.ഐ.സിക്കുള്ളത്.