ടൈറ്റാനികിനെക്കാള്‍ കേമന്‍, ചെലവ് 1,66000 കോടി; ലോകത്തിലെ ഏറ്റവും വലിയ ആഡംബരക്കപ്പല്‍ കന്നിയാത്രക്കൊരുങ്ങുന്നു
ജനുവരി 27ന് യു.എസിലെ മയാമിയില്‍ നിന്നും ക്രൂയിസ് കപ്പല്‍ അതിന്‍റെ കന്നിയാത്ര ആരംഭിക്കും
ഫ്ലോറിഡ:1,198 അടി നീളം, 250,800 ടണ്‍ ഭാരം...ആറു സ്വിമ്മിംഗ് പൂളുകള്‍, റസ്റ്റോറന്‍റുകള്‍,ബാറുകള്‍...ലോകത്തിലെ ഏറ്റവും വലിയ ആഡംബരക്കപ്പല്‍ എന്ന വിശേഷണവുമായി കന്നിയാത്രക്ക് ഒരുങ്ങാന്‍ പോകുന്ന 'ഐക്കണ്‍ ഓഫ് ദ സീസ്(Icon of the Seas) ഒളിപ്പിച്ചുവച്ചിരിക്കുന്ന അത്ഭുതങ്ങള്‍ ഇതുകൊണ്ടൊന്നും തീരുന്നില്ല..ടൈറ്റാനികിനെക്കാള്‍ അഞ്ചിരട്ടി വലിപ്പമുണ്ടെന്ന് പറയപ്പെടുന്ന ഈ കപ്പല്‍ അവസാന മിനുക്കുപണികള്‍ക്കായി കരീബിയന്‍ ദ്വീപിലെത്തിയിരിക്കുകയാണ്.
ജനുവരി 27ന് യു.എസിലെ മയാമിയില്‍ നിന്നും ക്രൂയിസ് കപ്പല്‍ അതിന്‍റെ കന്നിയാത്ര ആരംഭിക്കും. ആദ്യയാത്രക്ക് മുന്നോടിയായി, സർട്ടിഫിക്കേഷൻ പ്രക്രിയ പൂർത്തിയാക്കുന്നതിന് ആവശ്യമായ ട്രയൽ യാത്രയുടെ ഭാഗമായി ചൊവ്വാഴ്ച (ജനുവരി 2) പ്യൂർട്ടോ റിക്കോയുടെ പൗൺസിലെ ഒരു തുറമുഖത്ത് ക്രൂയിസ് കപ്പലെത്തിയിട്ടുണ്ട്. യാത്രക്കാരെ സ്വീകരിക്കാനുള്ള ഒരുക്കത്തിലാണ് ക്രൂയിസ് ലൈന്‍ കമ്പനിയായ റോയല്‍ കരീബിയന്‍. മിയാമിയിൽ നിന്ന് യാത്ര ആരംഭിച്ച് ബഹാമാസ്, മെക്സിക്കോ, ഹോണ്ടുറാസ് സെന്‍റ് മാർട്ടൻ, സെന്‍റ് തോമസ് ഉൾപ്പെടെയുള്ള തുറമുഖങ്ങൾ താണ്ടി ഏഴ് രാത്രികളാണ് കപ്പലില്‍ ചെലവഴിക്കാന്‍ സാധിക്കുക.
1,198 അടി നീളം, 250,800 ടണ്‍ ഭാരവുമുള്ള കപ്പല്‍ രണ്ട് ബില്യണ്‍ ഡോളര്‍(about Rs 1 lakh 66,000 കോടി)മുതല്‍മുടക്കിലാണ് നിര്‍മിച്ചിരിക്കുന്നത്. 20 ഡെക്കുകളിലായി 7,600 യാത്രക്കാരെ ഉൾക്കൊള്ളാൻ ഐക്കണ്‍ ഓഫ് ദ സീസിന് സാധിക്കും. ഒരു ഫുഡ് ഹാള്‍,ആറ് സ്വിമ്മിംഗ് പൂളുകള്‍, ഏറ്റവും വലിയ കടൽ വാട്ടർ പാർക്ക് എന്നിവയും കപ്പലിലുണ്ട്. 40ലധികം ബാറുകളും റസ്റ്റോറന്‍റുകളുമുണ്ട്. കുടുംബങ്ങൾക്കായി ഒരു അക്വാ പാർക്ക്, ഒരു നീന്തൽ ബാർ, എക്സ്ക്ലൂസീവ് ഡൈനിംഗ് അനുഭവങ്ങൾ, ആർക്കേഡുകൾ, ലൈവ് മ്യൂസിക്, ഷോകൾ എന്നിവയാണ് കപ്പലിന്റെ മറ്റ് ആകർഷണങ്ങൾ.ഇൻഫിനിറ്റി പൂളും കപ്പലിലുണ്ട്. ആ ആഡംബരക്കപ്പലില്‍ യാത്ര ചെയ്യുന്നതിന് ഒരാള്‍ 1542 ഡോളറാണ് (1,28,000 രൂപ) നല്‍കേണ്ടതെന്ന് ന്യൂയോര്‍ക്ക് പോസ്റ്റ് റിപ്പോര്‍ട്ട് ചെയ്യുന്നു. ഇതിനോടകം തന്നെ ബുക്കിംഗ് പൂര്‍ത്തിയായതായാണ് റിപ്പോര്‍ട്ട്.
കപ്പലിലെ ഏറ്റവും വലിയ സ്യൂട്ടാണ് മൂന്ന് നിലകളുള്ള, 1,772 ചതുരശ്ര അടി വിസ്തീർണമുള്ള ‘അൾട്ടിമേറ്റ് ഫാമിലി ടൗൺഹൗസ്. ഇതിന് ആഴ്ചയിൽ 75,000 ഡോളർ (62 ലക്ഷത്തിലധികം രൂപ) ചെലവ് വരും.തിയറ്റർ, പിംഗ്-പോങ് ടേബിൾ, കരോക്കെ, നിലകൾക്കിടയിലുള്ള സ്ലൈഡ് എന്നിവയുള്ള സ്യൂട്ടിൽ എട്ട് പേർക്ക് കഴിയാം.''കുടുംബത്തിനായി നല്ലൊരു അവധിക്കാലമാണ് ഞങ്ങള്‍ നല്‍കുന്നത്. കപ്പലിലെ യാത്ര നിങ്ങളുടെ മനസിനെ ത്രസിപ്പിക്കുക തന്നെ ചെയ്യും'' റോയൽ കരീബിയൻ ഇന്റർനാഷണൽ പ്രസിഡന്റും ചീഫ് എക്‌സിക്യൂട്ടീവുമായ മൈക്കൽ ബെയ്‌ലിയുടെ പ്രസ്താവനയെ ഉദ്ധരിച്ച് ന്യൂയോര്‍ക്ക് പോസ്റ്റ് റിപ്പോര്‍ട്ട് ചെയ്യുന്നു.
2000 ജീവനക്കാരാണ് കപ്പലിലുണ്ടാവുക. ഇവര്‍ക്കായി ഗെയിമിംഗ് റൂം,ഹെയര്‍ സലൂണ്‍ എന്നീ സൗകര്യങ്ങളും ഉണ്ടായിരിക്കും. തത്സമയ സംഗീതം, കോമഡി, ഡ്യുയിംഗ് പിയാനോ ബാർ, തിയേറ്ററുകൾ എന്നിവ മുഖേനെ അതിഥികളെ രസിപ്പിക്കാനുള്ള ക്രമീകരണങ്ങളും റോയൽ കരീബിയൻ ഒരുക്കിയിട്ടുണ്ട്.