'നിർദേശങ്ങൾ പാലിച്ചില്ല'; ഫലസ്തീൻ അനുകൂല പോസ്റ്റ് പങ്കുവച്ച അവതാരകയെ പിരിച്ചുവിട്ട് എബിസി
മുതിർന്ന മാധ്യമപ്രവർത്തകയും മനുഷ്യാവകാശ പ്രവർത്തകയും അവതാരകയുമായ അന്റോയ്‌നെറ്റ് ലറ്റൂഫിനെയാണ് എബിസി മുന്നറിയിപ്പില്ലാതെ പിരിച്ചു വിട്ടത്
സമൂഹമാധ്യമത്തിൽ ഫലസ്തീൻ അനുകൂല പോസ്റ്റ് പങ്കുവച്ച മാധ്യമപ്രവർത്തകയെ പിരിച്ചുവിട്ട് അമേരിക്കൻ വാർത്താമാധ്യമമായ എബിസി. മുതിർന്ന മാധ്യമപ്രവർത്തകയും മനുഷ്യാവകാശ പ്രവർത്തകയും അവതാരകയുമായ അന്റോയ്‌നെറ്റ് ലറ്റൂഫിനെയാണ് എബിസി മുന്നറിയിപ്പില്ലാതെ പിരിച്ചു വിട്ടത്. എബിസിയുടെ സിഡ്‌നി റേഡിയോ ഷോയിൽ അവതാരകയായി ലറ്റൂഫ് ജോലിയിൽ പ്രവേശിച്ച് മൂന്ന് ദിവസത്തിനകമാണ് നടപടി.
മനുഷ്യാവകാശ സംഘടനയായ ഹ്യൂമൻ റൈറ്റ്‌സ് വാച്ചിന്റെ പോസ്റ്റ് നേരത്തേ ലറ്റൂഫ് ഇൻസ്റ്റഗ്രാമിൽ പങ്കുവച്ചിരുന്നു. യുദ്ധത്തിൽ ഗസ്സയിലെ മനുഷ്യരുടെ ദാരിദ്ര്യാവസ്ഥ ഇസ്രായേൽ ചൂഷണം ചെയ്യുന്നു എന്നതായിരുന്നു ഈ പോസ്റ്റിന്റെ ഉള്ളടക്കം. ഡിസംബർ 20ന് കമ്പനിയുടെ സീനിയർ മാനേജ്‌മെന്റുമായി നടത്തിയ കൂടിക്കാഴ്ചയിൽ ഈ പോസ്റ്റ് ചൂണ്ടിക്കാട്ടി, പിരിച്ചു വിടുന്നതായി അറിയിക്കുകയായിരുന്നുവെന്നാണ് ലറ്റൂഫിനെ ഉദ്ധരിച്ച് ബിബിസി റിപ്പോർട്ട് ചെയ്യുന്നത്.
ജോലിയിൽ തുടരേണ്ടതില്ലെന്ന് ഔദ്യോഗികമായി അറിയിക്കുന്നതിന് മണിക്കൂറുകൾക്ക് മുമ്പ് തന്റെ പ്രകടനത്തെ കുറിച്ച് മികച്ച അഭിപ്രായം മേലുദ്യോഗസ്ഥർ പങ്കുവച്ചതായാണ് ലറ്റൂഫ് പറയുന്നത്. എബിസിയിൽ ഇപ്പോഴുള്ള പലരും സമാന അഭിപ്രായങ്ങൾ പങ്കുവച്ചപ്പോഴും തനിക്കെതിരെ മാത്രം നടപടിയെടുത്തത് താൻ അറബ് വംശജയായത് മൂലമാണെന്ന് ലറ്റൂഫ് ആരോപിക്കുന്നു. തന്നെ പിരിച്ചുവിടുന്നതിനായി ഇസ്രായേൽ അനുകൂല ഗ്രൂപ്പുകളിൽ നിന്ന് കമ്പനിക്ക് മേൽ സമ്മർദമുണ്ടായി എന്നും തന്റെ പോസ്റ്റുകൾ സെമറ്റിക് വിരുദ്ധമെന്ന് ആരോപണങ്ങളുയർന്നിരുന്നു എന്നുമാണ് ലറ്റൂഫ് അറിയിക്കുന്നത്.
കൊമേഷ്യൽ ടെലിവിഷനിൽ റിപ്പോർട്ടർ ആകുന്ന ആദ്യ അറബ്-ആസ്‌ട്രേലിയൻ മാധ്യമപ്രവർത്തകയാണ് ലറ്റൂഫ്. വർണ,വർഗ,വംശ വിവേചനത്തെ കുറിച്ചും മാനസികാരോഗ്യത്തെ പറ്റിയുമൊക്കെ നിരന്തരം ചർച്ച ചെയ്ത് സമൂഹമാധ്യമങ്ങളിലടക്കം തന്റേതായ സാന്നിധ്യം കണ്ടെത്തുകയും ചെയ്തു. ഇസ്രായേൽ-ഹമാസ് യുദ്ധം സാധാരണക്കാരായ ഫലസ്തീനികളെ എങ്ങനെ ബാധിക്കുന്നു എന്ന് ചർച്ച ചെയ്യുന്ന പോസ്റ്റുകൾ പങ്കുവച്ചതിന് വ്യാപക സൈബർ അറ്റാക്കും ലറ്റൂഫ് നേരിട്ടിട്ടുണ്ട്.
ഗസ്സയിലെ മാധ്യമപ്രവർത്തകരെ ഉന്നം വച്ച് ഇസ്രായേൽ നടത്തുന്ന ആക്രമണങ്ങൾക്കെതിരെയും ലറ്റൂഫ് പല തവണയായി പോസ്റ്റുകൾ പങ്കു വച്ചിരുന്നു. തന്നെ പിരിച്ചു വിട്ടതിന് എബിസി പരസ്യമായി മാപ്പു പറയണമെന്നും അർഹമായ നഷ്ടപരിഹാരം നൽകണമെന്നുമാണ് ലറ്റൂഫിന്റെ ആവശ്യം. കമ്പനിയുടെ നടപടി ചൂണ്ടിക്കാട്ടി ലറ്റൂഫ് കേസും ഫയൽ ചെയ്തിട്ടുണ്ട്.
ലറ്റൂഫിനെ പിരിച്ചു വിട്ട നടപടിക്കെതിരെ വ്യാപക പ്രതിഷേധമാണ് ആസ്‌ട്രേലിയയിൽ ഉയരുന്നത്. പ്രതിഷേധം കനത്തതോടെ വിഷയത്തിൽ പ്രതികരണവുമായി എബിസിയും രംഗത്തെത്തി. കമ്പനിയുടെ വ്യവസ്ഥിതികൾക്ക് യോജിക്കാത്ത സമീപനം ലറ്റൂഫിന്റെ ഭാഗത്ത് നിന്നുണ്ടായതിനാൽ ജോലിയിൽ തുടരേണ്ടതില്ലെന്ന് അറിയിക്കുകയായിരുന്നുവെന്നാണ് കമ്പനി അറിയിക്കുന്നത്.
വിവാദപരമായ പോസ്റ്റുകൾ പങ്കു വയ്ക്കുന്നതിന് ജീവനക്കാർക്ക് നേരത്തേ തന്നെ വിലക്കുണ്ടായിരുന്നെന്നും ഇത് പിന്തുടരാൻ ലറ്റൂഫ് തയ്യാറായിരുന്നില്ലെന്നും കമ്പനി പ്രസ്താവനയിൽ പറയുന്നു. ജോലി ചെയ്ത ഷിഫ്റ്റുകൾക്കനുസരിച്ച് ലറ്റൂഫിന് ശമ്പളം നൽകിയെന്നും കമ്പനി കൂട്ടിച്ചേർക്കുന്നുണ്ട്. എന്നാൽ ഹ്യൂമൻ റൈറ്റ്‌സ് വാച്ച് പോലുള്ള സംഘടനകളിൽ നിന്ന് വിവരങ്ങൾ പങ്കുവയ്ക്കുന്നത് അനുവദനീയമായിരുന്നുവെന്നാണ് ലറ്റൂഫിന്റെ വാദം.