നവംബർ ഏഴിന് മുൻപ് കുടിശ്ശിക തീർത്തില്ലെങ്കിൽ ബംഗ്ലാദേശിനുള്ള വൈദ്യുതി വിതരണം അദാനി നിർത്തും; റിപ്പോർട്ട്
കുടിശ്ശിക അടയ്ക്കാന്‍ കാലതാമസം വന്നതിനെതുടര്‍ന്ന് ബംഗ്ലാദേശിനുള്ള വൈദ്യുതി വിതരണം അദാനി ഗ്രൂപ്പ് ഭാഗികമായി വിച്ഛേദിച്ചിരുന്നു
ധാക്ക: ബംഗ്ലാദേശ് സർക്കാരിന് സമയപരിധിയുമായി അദാനി പവര്‍ ജാര്‍ഖണ്ഡ് ലിമിറ്റഡ് കമ്പനി. നവംബർ ഏഴിന് മുൻപ് കുടിശ്ശിക മുഴുവൻ തീർത്തില്ലെങ്കിൽ വൈദ്യുതി വിതരണം പൂർണമായും നിർത്തുമെന്നാണ് കമ്പനിയുടെ അറിയിപ്പ്. 846 കോടി ഡോളറാണ് കുടിശ്ശികയിനത്തില്‍ ബംഗ്ലാദേശ് നല്‍കാനുള്ളത്. കുടിശ്ശിക അടയ്ക്കാന്‍ കാലതാമസം വന്നതിനെതുടര്‍ന്ന് ബംഗ്ലാദേശിനുള്ള വൈദ്യുതി വിതരണം അദാനി ഗ്രൂപ്പ് ഭാഗികമായി വിച്ഛേദിച്ചിരുന്നു. ഒക്ടോബര്‍ 31 മുതലാണ് വൈദ്യുതി വിതരണം വിച്ഛേദിച്ചത്.
1,496 മെഗാവാട്ട് ശേഷിയുള്ള പ്ലാന്‍റ് ഇപ്പോള്‍ ഒരു യൂണിറ്റില്‍ നിന്ന് ഏകദേശം 700 മെഗാവാട്ട് വൈദ്യുതിയാണ് ഉല്‍പാദിപ്പിക്കുന്നത്. വെള്ളിയാഴ്ച രാത്രി ബംഗ്ലാദേശില്‍ 1,600 മെഗാവാട്ടിന്‍റെ കുറവ് രേഖപ്പെടുത്തിയതായി ദ ഡെയ്‍ലി സ്റ്റാര്‍ പത്രം റിപ്പോര്‍ട്ട് ചെയ്തു. ഒക്ടോബര്‍ 30നകം ബില്ലുകള്‍ അടയ്ക്കണമെന്ന് ബംഗ്ലാദേശ് പവര്‍ ഡെവലപ്മെന്‍റ് ബോര്‍ഡിനോട് (പിഡിബി) ആവശ്യപ്പെട്ട് അദാനി നേരത്തെ വൈദ്യുതി സെക്രട്ടറിക്ക് കത്തയച്ചിരുന്നു. 170 മില്യണ്‍ ഡോളറിന്‍റെ ലൈന്‍അപ്പ് ക്രെഡിറ്റ് ബംഗ്ലാദേശ് ആവശ്യപ്പെട്ടെങ്കിലും അത് ലഭിച്ചിരുന്നില്ല.
ശൈഖ് ഹസീനയെ പുറത്താക്കിയതിനു ശേഷം ഇടക്കാല സർക്കാർ അധികാരത്തിലെത്തിയതു മുതൽ അദാനി ഗ്രൂപ്പ് കുടിശ്ശികക്കായി സമ്മർദം ചെലുത്തുന്നുണ്ട്. മുഹമ്മദ് യൂനുസിൻ്റെ നേതൃത്വത്തിലുള്ള ഇടക്കാല സർക്കാർ ആഗസ്ത് എട്ടിന്നാണ് ബംഗ്ലാദേശിൽ അധികാരത്തിലെത്തിയത്. അദാനി ഗ്രൂപ്പ് ചെയർമാൻ ഗൗതം അദാനി യൂനുസിനും കത്തയച്ചിരുന്നു.