മുഹമ്മദ് അൽ ബഷീർ സിറിയയുടെ ഇടക്കാല പ്രധാനമന്ത്രി
പുതിയ സർക്കാരുമായി ചേർന്നു പ്രവർത്തിക്കാൻ തയ്യാറാണെന്ന് ഫ്രാൻസും ജർമനിയും അറിയിച്ചു.
ദമസ്‌കസ്: സിറിയയുടെ ഇടക്കാല പ്രധാനമന്ത്രിയായി മുഹമ്മദ് അൽ ബഷീറിനെ എച്ച്ടിഎസ് നിയോഗിച്ചു. പുതിയ സർക്കാരുമായി ചേർന്നു പ്രവർത്തിക്കാൻ തയ്യാറാണെന്ന് ഫ്രാൻസും ജർമനിയും അറിയിച്ചു. എച്ച്ടിഎസിനെ ഭീകരപ്പട്ടികയിൽനിന്ന് മാറ്റുന്ന കാര്യം അമേരിക്കയുടെയും ആലോചനയിലുണ്ട്.
ഇപ്പോൾ അസദിനെ വീഴ്ത്തിയ എച്ച്ടിഎസ് നേരത്തെ ഭരിച്ചിരുന്ന ഇദ്‌ലിബ് പ്രദേശത്തിന്റെ ഭരണത്തലവനാണ് പുതിയ പ്രധാനമന്ത്രിയായി പ്രഖ്യാപിക്കപ്പെട്ട മുഹമ്മദ് അൽ ബഷീർ. എച്ച്ടിഎസ് മേധാവി അബൂ മുഹമ്മദ് ജൂലാനിയും അസദിന്റെ കാലത്തെ പ്രധാനമന്ത്രി മുഹമ്മദ് ഗാസി അൽ ജലാലിയും തമ്മിൽ കൂടിക്കാഴ്ച നടത്തിയ ശേഷമാണ് പുതിയ പ്രധാനമന്ത്രിക്ക് അധികാരം കൈമാറിയത്.
സിറിയയിലെ അധികാരമാറ്റം അത്ര ലളിതമായ കാര്യമായിരിക്കില്ല. അമേരിക്കയുടെ നിയന്ത്രണത്തിലുള്ള എസ്ഡിഎഫും തുർക്കിയുടെ നിയന്ത്രണത്തിലുള്ള എസ്എൻഎയും സിറിയയുടെ വിവിധ ഭാഗങ്ങൾ ഭരിക്കുന്നുണ്ട്. ഒപ്പം ഐഎസിന് സ്വാധീനമുള്ള മേഖലകളുമുണ്ട്. ഇവരെയെല്ലാം കൂട്ടിച്ചേർത്ത് സിറിയയെ ഒറ്റക്കെട്ടായി ഭരിക്കുക എന്നത് പ്രയാസമേറിയ കാര്യമാണ്. പുതിയ ഭരണഘടന, രാഷ്ട്രീയ പാർട്ടികൾ എന്നിവ രൂപീകരിക്കുക. ജുഡീഷ്യറി, സൈന്യം, മാധ്യമരംഗം തുടങ്ങിയ നവീകരിക്കുക എന്നതും വെല്ലുവിളിയാണ്. ഏതൊക്കെ രാജ്യങ്ങൾ പുതിയ സർക്കാരിനെ അംഗീകരിക്കും എന്നതും പ്രധാനമാണ്.
എച്ച്ടിഎസ് അമേരിക്കയുടെയും യൂറോപ്യൻ യൂണിയന്റെയും തുർക്കിയുടെയും ഭീകരപ്പട്ടികയിൽ ഉൾപ്പെട്ട സംഘടനായണ്. എച്ച്ടിഎസിനെ ഭീകരപ്പട്ടികയിൽ നിന്ന് ഒഴിവാക്കുന്നത് ആലോചനയിലാണെന്ന് അമേരിക്ക അറിയിച്ചിരുന്നു. ധൃതി പിടിച്ച് തീരുമാനമെടുക്കില്ലെങ്കിലും യുകെയും ഇതേവഴിയിൽ തന്നെയാണ്. റഷ്യയുമായി ശത്രുതക്കില്ലെന്ന് എച്ച്ടിഎസ് പ്രഖ്യാപിച്ച സാഹചര്യത്തിൽ പുടിന്റെ തീരുമാനം നിർണായകമാകും. എച്ച്ടിഎസ് അധികാരത്തിലേറിയ ശേഷവും സിറിയയിൽ വ്യോമാക്രമണം തുടരുകയും ഗോലാൻ കുന്നുകൾക്കിപ്പുറം കടന്നുകയറുകയും ചെയ്യുന്ന ഇസ്രായേൽ നടപടിയും സിറിയയുടെ ഭരണമാറ്റത്തിന് തിരിച്ചടിയാണ്.