‘കൊലപാതകങ്ങളിലൂടെ ഇസ്രായേലിന് ഹമാസിനെ ഇല്ലാതാക്കാനാകില്ല’; നിരവധി പേർ പുതുതായി പ്രസ്ഥാനത്തിന്റെ ഭാഗമാകുന്നുവെന്ന് അമേരിക്കൻ ചാനൽ
ഇസ്മാഈൽ ഹനിയ്യയുടെ കൊലപാതകത്തിൽ സമഗ്ര അന്വേഷണം വേണമെന്ന് ദക്ഷിണാഫ്രിക്ക
ന്യൂയോർക്ക്: ഹമാസ് രാഷ്ട്രീയകാര്യ സമിതി അധ്യക്ഷനായിരുന്ന ഇസ്മാഈൽ ഹനിയ്യയെ ഇസ്രായേൽ കൊലപ്പെടുത്തിയത് പ്രസ്ഥാനത്തിന് കാര്യമായ ദോഷം വരുത്തില്ലെന്ന് അമേരിക്കൻ ചാനലായ എം.എസ്.എൻ.ബി.സി. വർഷങ്ങളായി ഹമാസ് നേതാക്കാളെ ഇസ്രായേൽ കൊലപ്പെടുത്തുന്നുണ്ട്. ഇതൊന്നും പ്രസ്ഥാനത്തിന്റെ പ്രവർത്തനങ്ങളെ തടസ്സപ്പെടുത്തിയിട്ടില്ലെന്ന് ചാനൽ വ്യക്തമാക്കുന്നു.
ഹമാസിന്റെ നിരവധി മുതിർന്ന നേതാക്കളെയാണ് ഇസ്രായേൽ മുമ്പ് വധിച്ചത്. പ്രസ്ഥാനത്തിന്റെ സ്ഥാപകനും ആത്മീയ വഴികാട്ടിയുമായ ഷെയ്ഖ് അഹമ്മദ് യാസീനെ മാർച്ച് 2004ൽ കൊലപ്പെടുത്തി. ഏതാനും മാസങ്ങൾക്കുള്ളിൽ അഹമദ് യാസീന്റെ പിൻഗാമി അബ്ദുൽ അസീസ് റൻതീസിയും കൊല്ലപ്പെട്ടു. 2012 നവംബറിൽ ഗസ്സ സിറ്റിയിൽ നടത്തിയ വ്യോമാക്രമണത്തിൽ ഹമാസിന്റെ സൈനിക വിഭാഗമായ അൽ ഖസ്സാം ബ്രിഗേഡിന്റെ കമ്മാൻഡർ അഹമ്മദ് അൽ ജബരി കൊല്ലപ്പെട്ടു.
2024 ജനുവരിയിൽ സാലിഹ് അൽ അറൂരിയെ ബെയ്റൂത്തിൽവെച്ച് കൊലപ്പെടുത്തി. ഈ കൊലപാതകൾങ്ങൾക്കിടയിലും വർഷങ്ങളായി വികസിപ്പിച്ചെടുത്ത ശക്തമായ സ്ഥാപന ഘടന കാരണം ഹമാസ് ഒരു പ്രസ്ഥാനമായി നിലനിൽക്കുകയാണെന്ന് ചാനൽ വ്യക്തമാക്കി. 17 വർഷത്തെ ഭരണത്തെ തുടർന്ന് ഗസ്സയിൽ അതിന്റെ സ്വാധീനം കൂടുതൽ ഭദ്രമാക്കുകയും ചെയ്തു. ധാരാളം പേർ ഇപ്പോഴും ഹമാസിന്റെ ഭാഗമാകാൻ തയ്യാറായി മുന്നോട്ടുവരുന്നുണ്ട്. ഹമാസ് പുതിയ തലവനെ ഉടൻ തെരഞ്ഞെടുക്കുമെന്നും നിലവിലെ പോരാട്ടത്തിൽ ശക്തമായി തന്നെ തുടരുമെന്നും റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടി.
ബുധനാഴ്ച പുലർച്ച ഇറാൻ തലസ്ഥാനമായ തെഹ്റാനിലുണ്ടായ സ്ഫോടനത്തിലാണ് ഇസ്മാഈൽ ഹനിയ്യ കൊല്ലപ്പെടുന്നത്. വെള്ളിയാഴ്ച ഖത്തറിൽ നടന്ന ഖബറടക്ക ചടങ്ങിൽ നിരവധി പേർ പങ്കെടുത്തു. ഹനിയ്യയുടെ കൊലപാതകത്തിൽ ഇസ്രായേലിന് കനത്ത തിരിച്ചടി നൽകുമെന്ന് ഇറാൻ പരമോന്നത നേതാവ് ആയത്തുല്ലാ ഖാംനാഇ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. ഹനിയ്യ ഇറാന്റെ മണ്ണിലാണ് രക്തസാക്ഷിയായത്. രക്തസാക്ഷിയുടെ ചോരക്ക് മറുപടി നൽകുക എന്നത് ഇറാന്റെ കടമയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഇറാൻ ബാലിസ്റ്റിക് മിസൈലുകളും സ്ഫോടനാത്മക ഡ്രോണുകളും ഉപയോഗിക്കാൻ സാധ്യതയുണ്ടെന്ന് ഇസ്രായേൽ വൃത്തങ്ങൾ വെളിപ്പെടുത്തിയതായി ഇസ്രായേലി ചാനൽ മകാൻ റിപ്പോർട്ട് ചെയ്തു. ഏതാനും ദിവസങ്ങൾക്കുള്ളിൽ, ഒരുപക്ഷേ ഈ ആഴ്ച അവസാനത്തോടെ ആക്രമണമുണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. കഴിഞ്ഞ ഏപ്രിലിൽ ദക്ഷിണ ഇസ്രായേലിനെ, പ്രത്യേകിച്ച് നെഗേവ് വ്യോമതാവളത്തിന് നേരെയായിരുന്നു ഇറാന്റെ ആക്രമണം. എന്നാൽ, മധ്യമേഖലയിലെ സൈനിക താവളങ്ങളെ ലക്ഷ്യമിട്ടായിരിക്കും ഇത്തവണത്തെ ആക്രമണമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് അധികൃതർ വെളിപ്പെടുത്തിയതായി ചാനൽ വ്യക്തമാക്കി.
ഇറാന് പുറമെ ഹിസ്ബുല്ലയുടെ ഭാഗത്തുനിന്നും ഇസ്രായേൽ വലിയ തിരിച്ചടി പ്രതീക്ഷിക്കുന്നുണ്ട്. ഹിസ്ബുല്ല കമാൻഡർ ഫുആദ് ഷുക്കൂർ കഴിഞ്ഞദിവസം ബെയ്റൂത്തിൽ കൊല്ലപ്പെട്ടിരുന്നു. വലിയൊരു തിരിച്ചടി തന്നെയുണ്ടകുമെന്ന് ഹിസ്ബുല്ല സെക്രട്ടറി ജനറൽ ഹസൻ നസ്റുല്ലാഹ് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.
ഇതിന്റെ പശ്ചാത്തലത്തിൽ ഇസ്രായേലിലെ ഹൈഫ പ്രദേശത്ത് എല്ലാവിധ പരിപാടികളും സർക്കാർ റദ്ദാക്കി. ആക്രമണ ഭീഷണിയുള്ളതിനാൽ അവധിയിലുള്ള ഇസ്രായേലി സൈനികരെ ഉടൻ തന്നെ തിരിച്ചുവിളിക്കാനും തീരുമാനിച്ചിട്ടുണ്ട്. നിലവിലെ സുരക്ഷാ സാഹചര്യം പരിഗണിച്ച് അധിനിവേശ വെസ്റ്റ്ബാങ്കിലും ഇസ്രായേൽ സൈന്യത്തിന്റെ എണ്ണം വർധിപ്പിച്ചിരിക്കുകയാണ്.
ഹനിയ്യയുടെ കൊലപാതകത്തിനെതിരെ ഫലസ്തീനിലും മറ്റു രാജ്യങ്ങളിലും വലിയ പ്രതിഷേധമാണ് ഉയരുന്നത്. കൊലപാതകത്തിൽ സമഗ്ര അന്വേഷണം വേണമെന്ന് ദക്ഷിണാഫ്രിക്ക ആവശ്യപ്പെട്ടു. ഈ കൊലപാതകം ഗസ്സയിലും മറ്റു പ്രദേശങ്ങളിലും സംഘർഷങ്ങൾ വർധിപ്പിക്കും. കൂടുതൽ മേഖലയിലേക്ക് യുദ്ധം വ്യാപിക്കാതിരിക്കാൻ എല്ലാവരും സംയമനം പാലിക്കണണെന്നും ദക്ഷിണാഫ്രിക്ക അഭ്യർഥിച്ചു.
നിയമവിരുദ്ധമായ ഇത്തരം കൊലപാതകങ്ങൾ അന്താരാഷ്ട്ര നിയമങ്ങളെയും മാനുഷ്യാവകാശ തത്വങ്ങയെും ലംഘിക്കുന്നതാണെന്ന് ദക്ഷിണാഫ്രിക്കൻ വിദേശകാര്യ മന്ത്രി റൊണാൾഡ് ലമോല പറഞ്ഞു. പശ്ചിമേഷ്യയിൽ സമാധാനവും സ്ഥിരതയും പ്രോത്സാഹിപ്പിക്കാനുള്ള ശ്രമങ്ങളെ തുരങ്കംവെക്കുകയാണ്. ഇത്തരം നിയമവിരുദ്ധമായ കൊലപാതകങ്ങൾ സ്ഥിരത നഷ്ടപ്പെടുത്താൻ കാരണമാകും. ഇതിന് പിന്നിലുള്ളവരെ നിയമത്തിന് മുമ്പിൽ കൊണ്ടുവരേണ്ടത് അത്യാവശ്യമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.