ആസ്ട്രേലിയന്‍ ജനതയുടെ ജീവന്‍വെച്ച് കളിക്കില്ല; കടുത്ത നിയന്ത്രണങ്ങള്‍ 30,000 മരണങ്ങള്‍ ഇല്ലാതാക്കിയെന്ന് സ്‌കോട്ട് മോറിസണ്‍
ആസ്‌ട്രേലിയയിൽ ഇതുവരെ 29,988 കോവിഡ് കേസുകളാണ് സ്ഥിരീകരിച്ചത്.
കോവിഡ് വ്യാപനം കണക്കിലെടുത്ത് രാജ്യത്ത് ഏര്‍പ്പെടുത്തിയ കടുത്ത നിയന്ത്രണങ്ങള്‍ 30,000 മരണങ്ങള്‍ ഇല്ലാതാക്കിയെന്ന് ആസ്ട്രേലിയന്‍ പ്രധാനമന്ത്രി സ്‌കോട്ട് മോറിസണ്‍. കഴിഞ്ഞ വര്‍ഷത്തെക്കാള്‍ ഗുരുതരമായാണ് കോവിഡ് ഇത്തവണ ലോകത്തെ ബാധിച്ചതെന്നും അദ്ദേഹം പറഞ്ഞു. ക്വീൻസ്‌ലാന്‍റില്‍ ഒരു പത്രസമ്മേളനത്തിൽ സംസാരിക്കവെയാണ് അദ്ദേഹത്തിന്‍റെ പരാമര്‍ശം.
"ഞാന്‍ ആസ്‌ട്രേലിയന്‍ ജനതയുടെ ജീവന്‍വെച്ച് ഒരിക്കലും കളിക്കില്ല, മുപ്പതിനായിരത്തോളം പേരുടെ ജീവന്‍ നഷ്ടപ്പെടുന്നത് തടയാന്‍ കടുത്ത നിയന്ത്രണങ്ങള്‍ക്ക് സാധിച്ചിട്ടുണ്ട്," മോറിസണ്‍ പറഞ്ഞു. വൈറസിന്‍റെ പുതിയ വകഭേദങ്ങള്‍ കൂടുതല്‍ അപകടകാരിയാണ്. ലോകത്ത് നിലവിലുള്ള വാക്സിനുകള്‍ക്ക് അവയെ പ്രതിരോധിക്കാന്‍ സാധിച്ചെന്നു വരില്ല. എന്നിരുന്നാലും ഏറ്റവും മികച്ച പ്രതിരോധ നപടികള്‍ ആസ്ട്രേലിയന്‍ ഭരണകൂടം സ്വീകരിക്കുമെന്നും അദ്ദേഹം ഉറപ്പുനല്‍കി.
ജോൺസ് ഹോപ്കിൻസ് സർവകലാശാല പുറത്തുവിടുന്ന കണക്കുകള്‍ പ്രകാരം ആസ്‌ട്രേലിയയിൽ ഇതുവരെ 29,988 കോവിഡ് കേസുകളാണ് സ്ഥിരീകരിച്ചത്. 910 മരണങ്ങളും റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്.
കോവിഡ് വ്യാപകമായി പടരുന്ന സാഹചര്യത്തില്‍ ആസ്ട്രേലിയയുടെ അതിര്‍ത്തികള്‍ കഴിഞ്ഞ മാര്‍ച്ചില്‍ അടച്ചിരുന്നു. ചില കര്‍ശനമായ നിയന്ത്രണങ്ങളോടെ രാജ്യത്തെ പൗരന്മാര്‍ക്കും സ്ഥിര താമസക്കാര്‍ക്കും മാത്രമേ രാജ്യത്ത് പ്രവേശിക്കാന്‍ അനുവാദമുണ്ടായിരുന്നുള്ളൂ.
ഇന്ത്യയിലെ കോവിഡ് സാഹചര്യം കണക്കിലെടുത്ത്, ഏപ്രില്‍ 27മുതല്‍ ഇന്ത്യയില്‍ നിന്ന് ആസ്ട്രേലിയയിലേക്കുള്ള വിമാനങ്ങൾ നിരോധിച്ചിരുന്നു. മറ്റ് ദക്ഷിണേഷ്യൻ രാജ്യങ്ങൾ വഴി ഇന്ത്യയിൽനിന്ന് ആസ്ട്രേലിയയിലേക്ക് വരുന്നവർക്കെതിരെ ജയിൽ ശിക്ഷയും കനത്ത പിഴയും ഉണ്ടാകുമെന്നും മുന്നറിയിപ്പ് നൽകിയിരുന്നു. ഇതിനെതിരെ വ്യാപക പ്രതിഷേധമാണ് ഉയർന്നത്.