ഇന്ത്യയില്‍ നിന്നുള്ള യാത്രാവിമാനങ്ങള്‍ക്ക് മേയ് 15 വരെ വിലക്കേര്‍പ്പെടുത്തി ആസ്ട്രേലിയ
ദോഹ, സിംഗപ്പൂര്‍, കോലാലംപൂര്‍ എന്നിവിടങ്ങളില്‍ തദ്ദേശ സര്‍ക്കാരുകളുമായി ഇടപെട്ട് സര്‍വീസ് നിര്‍ത്തിവയ്ക്കുമെന്നും ആസ്ട്രേലിയന്‍ പ്രധാനമന്ത്രി സ്‌കോട്ട് മോറിസണ്‍ അറിയിച്ചു
കോവിഡ് രണ്ടാം തരംഗം രൂക്ഷമായ സാഹചര്യത്തില്‍ ഇന്ത്യയില്‍ നിന്നുള്ള യാത്രാ വിമാനങ്ങള്‍ക്ക് വിലക്കേര്‍പ്പെടുത്തി ആസ്ട്രേലിയ. മേയ് 15 വരെ ഇന്ത്യയില്‍ നിന്നുള്ള വിമാനങ്ങള്‍ ആസ്ട്രേലിയയില്‍ ഇറങ്ങാന്‍ അനുവദിക്കില്ല.
അതേ സമയം ഇന്ത്യയില്‍ നിന്ന് നേരിട്ടല്ലാതെ എത്തുന്ന വിമാനങ്ങള്‍ ദോഹ, സിംഗപ്പൂര്‍, കോലാലംപൂര്‍ എന്നിവിടങ്ങളില്‍ തദ്ദേശ സര്‍ക്കാരുകളുമായി ഇടപെട്ട് സര്‍വീസ് നിര്‍ത്തിവയ്ക്കുമെന്നും ആസ്ട്രേലിയന്‍ പ്രധാനമന്ത്രി സ്‌കോട്ട് മോറിസണ്‍ അറിയിച്ചു.
ഇന്ത്യയിലെ സ്ഥിതി ഹൃദയഭേദകമാണെന്നും എങ്കിലും പൗരന്മാരുടെ സുരക്ഷയെ കരുതിയാണ് ഇത്തരമൊരു തീരുമാനമെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ആസ്ട്രേലിയക്ക് പുറമേ കാനഡ, യുഎഇ, ബ്രിട്ടണ്‍, ഉള്‍പ്പെടെയുള്ള നിരവധി രാജ്യങ്ങള്‍ ഇന്ത്യയ്ക്ക് പ്രവേശന വിലക്ക് ഏര്‍പ്പെടുത്തിയിട്ടുണ്ട്. എന്നാല്‍ ഈ പ്രതിസന്ധി ഘട്ടത്തില്‍ ഇന്ത്യയോടൊപ്പമുണ്ടെന്നും എല്ലാ വിധ സഹായങ്ങളും വാഗ്ദാനം ചെയ്യുന്നതായും മോറിസണ്‍ പറഞ്ഞു. ആവശ്യമായ മെഡിക്കല്‍ സാമഗ്രികള്‍ ഇന്ത്യയിലേക്ക് ആസ്ട്രേലിയ അയച്ചിട്ടുണ്ട്. ഇതിന് പുറമേ 500 വെന്റിലേറ്ററുകള്‍, 1 ദശലക്ഷം സര്‍ജിക്കല്‍ മാസ്‌ക്, ഒരു ലക്ഷം ഗൂഗിള്‍സ്, ഒരു ലക്ഷം ജോഡി കയ്യുറകള്‍, 20000 ഫേസ് ഷീല്‍ഡുകള്‍ എന്നിവയും അയക്കും.
അതേ സമയം ഐപിഎല്ലില്‍ കളിക്കുന്ന ആസ്ട്രേലിയന്‍ കളിക്കാരെ തിരികെ നാട്ടിലെത്തിക്കാന്‍ പ്രത്യേക വിമാനം അയക്കില്ലെന്ന് പ്രധാനമന്ത്രിപറഞ്ഞു. ഓസീസ് താരങ്ങളെ തിരികെ നാട്ടിലെത്തിക്കാന്‍ ചാര്‍ട്ടേഡ് വിമാനം ഏര്‍പ്പെടുത്തണമെന്ന മുംബൈ ഇന്ത്യന്‍സിന്‍റെ ഓസീസ് താരം ക്രിസ് ലിന്‍ ആവശ്യപ്പെട്ടതിന് തൊട്ടുപിന്നാലെയാണ് പ്രധാനമന്ത്രിയുടെ പ്രതികരണം.ആസ്ട്രേലിയന്‍ ടീമിന്‍റെ പര്യടനത്തിന്‍റെ ഭാഗമായല്ല അവര്‍ പോയത്, സ്വന്തംനിലയ്ക്കാണ്. അതുകൊണ്ടുതന്നെ അതേ മാര്‍ഗത്തിലൂടെ അവര്‍ ആസ്ട്രേലിയയില്‍ തിരികെയെത്തുമെന്നാണ് കരുതുന്നതെന്നും മോറിസണ്‍ വ്യക്തമാക്കി.