‘ഇയാളാണ് എല്ലാ പ്രശ്നങ്ങൾക്കും കാരണം’; കേംബ്രിഡ്ജ് യൂനിവേഴ്സിറ്റിയിലെ ബാൽഫോറിന്റെ ചിത്രം നശിപ്പിച്ച് ഫലസ്തീൻ അനുകൂലികൾ

ഒരു നൂറ്റാണ്ടിലധികം പഴക്കമുള്ള ചിത്രമാണ് നശിപ്പിച്ചത്

Update: 2024-03-09 13:39 GMT
Advertising

ലണ്ടൻ: കേംബ്രിഡ്ജ് സർവകലാശാലയിൽ, മുൻ ബ്രിട്ടീഷ് വിദേശകാര്യ സെക്രട്ടറി ആര്‍തര്‍ ജെയിംസ് ബാൽഫോറിന്റെ ഛായാചിത്രം ഫലസ്തീൻ അനുകൂല പ്രവർത്തകർ നശിപ്പിച്ചു. 1917ലെ ബാൽഫോർ പ്രഖ്യാപനമാണ് ഫലസ്തീനികൾക്ക് തങ്ങളുടെ മാതൃഭൂമി നഷ്ടപ്പെടാൻ ഇടയാക്കിയതെന്ന് പ്രതിഷേധക്കാർ കുറ്റപ്പെടുത്തി. ചിത്രം നശിപ്പിക്കുന്നതിന്റെ വീഡിയോ ‘ഫലസ്തീൻ ആക്ഷൻ’ സംഘടന സാമൂഹിക മാധ്യമങ്ങളിൽ പങ്കുവെച്ചു.

ചിത്രത്തിന് നേരെ സ്ത്രീ ചുവന്ന പെയിന്റ് സ്പ്രേ ചെയ്യുന്നതും തുടർന്ന് കത്തി ഉപയോഗിച്ച് വെട്ടിക്കീറുന്നതും കാണാം. ഭൂമി വിട്ടുനൽകുമെന്ന് വാഗ്ദാനം ചെയ്തുകൊണ്ട് ഫലസ്തീനിലെ വംശീയ ഉന്മൂലനത്തിന് ബാൽഫോർ തുടക്കമിട്ടെന്നും ബ്രിട്ടീഷുകാർക്ക് അങ്ങനെ ചെയ്യാൻ ഒരിക്കലും അവകാശമില്ലായിരുന്നു​വെന്നും സംഘടന കുറ്റപ്പെടുത്തി.

ഏറെ ചരിത്രപ്രാധാന്യമുള്ള ചിത്രമാണ് ഇവർ നശിപ്പിച്ചത്. 1914ൽ ഹംഗേറിയൻ വംശജനായ കലാകാരൻ ഫിലിപ്പ് ഡി ലസ്​ലോയാണ് ഈ ചിത്രം വരച്ചത്.

കിഴക്കൻ ഇംഗ്ലണ്ടിലെ കേംബ്രിഡ്ജ് യൂനിവേഴ്‌സിറ്റിയിലെ ട്രിനിറ്റി കോളജിലെ പെയിന്റിങ് നശിപ്പിച്ചതിന്റെ ഓൺലൈൻ റിപ്പോർട്ട് ഉദ്യോഗസ്ഥർക്ക് ലഭിച്ചതായി പൊലീസ് സ്ഥിരീകരിച്ചു. ആർതർ ജെയിംസ് ബാൽഫോറിന്റെ ഛായാചിത്രത്തിന് കേടുപാടുകൾ സംഭവിച്ചതിൽ തങ്ങൾ ഖേദിക്കുന്നതായി ട്രിനിറ്റി കോളജ് അധികൃതർ പറഞ്ഞു.

ഗസ്സയിൽ ഇസ്രായേൽ തുടരുന്ന ആസൂത്രിത വംശഹത്യക്കെതിരെ ബ്രിട്ടനിൽ വലിയ പ്രതിഷേധമാണ് അരങ്ങേറുന്നത്. അതിന്റെ മുൻനിരയിലുള്ള സംഘമാണ് ഫലസ്തീൻ ആക്ഷൻ. ഇത്തരക്കാർക്കെതിരെ കർശന നടപടി സ്വീകരിക്കാൻ പ്രധാനമന്ത്രി ഋഷി സുനക് കഴിഞ്ഞ ആഴ്ച ആവശ്യപ്പെട്ടിരുന്നു. ഇതിനിടയിലാണ് ബാൽഫോറിന്റെ ചിത്രത്തിന് നേരെയുള്ള പ്രതിഷേധം.

ഫലസ്തീനില്‍ ജൂതരാഷ്ട്രം സ്ഥാപിക്കാന്‍ വാഗ്ദാനം ചെയ്താണ് ബാൽഫോർ പ്രഖ്യാപനം വരുന്നത്. 1917 നവംബര്‍ രണ്ടിനാണ് സയണിസ്റ്റ് ഫെഡറേഷന്‍ ഓഫ് ഗ്രേറ്റ് ബ്രിട്ടന്‍ തലവനായ ലോര്‍ഡ് റോത്സ് ചൈല്‍ഡിന് ജൂതരാഷ്ട്രമുണ്ടാക്കാന്‍ എല്ലാ സഹായവും നല്‍കാമെന്ന് വാഗ്ദാനം ചെയ്ത് ബ്രിട്ടീഷ് വിദേശകാര്യ സെക്രട്ടറിയായിരുന്ന ആര്‍തര്‍ ജെയിംസ് ബാൽഫോർ കത്തെഴുതുന്നത്. ഈ കത്താണ് പിന്നീട് ബാള്‍ഫോർ പ്രഖ്യാപനം എന്നറിയപ്പെട്ടത്.

‘ജൂത ജനവിഭാഗത്തിന് ഒരു രാഷ്ട്രമുണ്ടാക്കാനുള്ള ആശയത്തെ ബ്രിട്ടീഷ് ഭരണകൂടം പിന്തുണക്കുന്നു. ഈ ലക്ഷ്യം നിറവേറ്റാന്‍ ആവശ്യമായ എല്ലാ ശ്രമങ്ങളും നടത്തും. ഫലസ്തീനിലെ ജൂതരല്ലാത്ത സമുദായങ്ങളുടെ പൗരാവകാശങ്ങളും, മതപരമായ അവകാശങ്ങളും ഇതിലൂടെ ഹനിക്കുകയില്ല’ എന്നായിരുന്നു കത്തിലെ വരികള്‍.

കത്ത് പ്രസിദ്ധീക്രിച്ച് അധികം കഴിയും മുമ്പേ, തുര്‍ക്കിയില്‍ ഖിലാഫത്ത് തകരുകയും ഫലസ്തീന്‍ പ്രദേശം ബ്രിട്ടന്റെ അധീനതയിലാവുകയും ചെയ്തു. 1947ൽ ഫലസ്തീനിൽനിന്നും പിൻവാങ്ങാൻ ബ്രിട്ടൻ തീരുമാനിച്ചു.

1947 നവംബർ 29ന് ചേർന്ന യു.എൻ ജനറൽ അസംബ്ലി ജൂതർക്കും അറബികൾക്കുമായി ഫലസ്തീനെ വിഭജിക്കാനുള്ള തീരുമാനം അംഗീകരിച്ചു. ജൂതർ അത് സ്വീകരിച്ചുവെങ്കിലും അറബി ലീഗ് രാജ്യങ്ങൾ തിരസ്കരിച്ചു. 1948 മേയ് 14ന് അർദ്ധരാത്രി ഇസ്രയേൽ എന്ന പുതിയ രാജ്യം പിറവികൊണ്ടു. ഇതിനെ തുടർന്നുണ്ടായ യുദ്ധത്തിൽ പത്ത് ലക്ഷത്തോളം പേരാണ് ആദ്യ ഘട്ടത്തിൽ തന്നെ ഫലസ്തീനിൽനിന്ന് പലായനം ചെയ്തത്. 



Tags:    

Writer - വി.കെ. ഷമീം

Senior Web Journalist

Editor - വി.കെ. ഷമീം

Senior Web Journalist

By - Web Desk

contributor

Similar News