ബംഗ്ലാദേശ് കലാപം; ശൈഖ് ഹസീനയുടെ ബ്രിട്ടൻ യാത്ര വൈകുന്നു
ഉത്തർപ്രദേശിലെ ഗാസിയാബാദിലാണ് നിലവിൽ ശൈഖ് ഹസീന കഴിയുന്നത്
ധാക്ക: ബംഗ്ലാദേശിലെ പ്രക്ഷോഭത്തിന് പിന്നാലെ പ്രധാനമന്ത്രി സ്ഥാനം രാജിവെച്ച് രാജ്യംവിട്ട ശൈഖ് ഹസീനയുടെ ബ്രിട്ടൻ യാത്ര വൈകുന്നു. ബ്രിട്ടനിൽ രാഷ്ട്രീയ അഭയം ഉറപ്പാക്കുന്നതുവരെ ഇന്ത്യയിൽ തുടരുമെന്നാണ് റിപ്പോർട്ട്. വിവിധ ബംഗ്ലാദേശി മാധ്യമങ്ങളാണ് ഇക്കാര്യം പുറത്തുവിട്ടത്. നിലവിൽ ഉത്തർപ്രദേശിലെ ഗാസിയാബാദിലാണ് ശൈഖ് ഹസീന കഴിയുന്നത്. അതേസമയം ബംഗ്ലാദേശിന്റെ വിവിധ ഭാഗങ്ങളിൽ അരാജകത്വം തുടരുകയാണ്. പ്രക്ഷോഭകർ ഷേർപൂർ ജയിൽ തകർത്ത് 500 തടവുകാരെ മോചിപ്പിച്ചു. മുൻ പ്രധാനമന്ത്രി ഖാലിദ സിയയെ ജയിൽ മോചിതയാക്കാൻ ബംഗ്ലാദേശ് പ്രസിഡന്‍റ് ഉത്തരവിട്ടു. സമരത്തെ അടിച്ചമർത്താൻ രാജ്യത്ത് സമ്പൂർണ കർഫ്യൂ ഏർപ്പെടുത്തിയിരിക്കുകയാണ്. ഇന്റർനെറ്റ് സേവനങ്ങളും റദ്ദാക്കിയിട്ടുണ്ട്. അതേസമയം ബംഗ്ലാദേശിൽ കലാപം തുടരുകയാണ്. 24 മണിക്കൂറിനിടെ 125 പേർ കൊല്ലപ്പെട്ടെന്നാണ് റിപ്പോർട്ടുകൾ.
1971ലെ ബംഗ്ലാദേശ് സ്വാതന്ത്ര്യ സമരത്തിൽ പങ്കെടുത്ത വിമുക്ത ഭടൻമാരുടെ ബന്ധുക്കൾക്ക് സർക്കാർ ജോലിയിൽ 30 ശതമാനം സംവരണം ചെയ്ത വിവാദ ഉത്തരവിനെതിരെയാണ് ജനം പ്രതിഷേധവുമായി തെരുവുവിലിറങ്ങിയത്. പ്രക്ഷോഭം ആരംഭിച്ചത് സംവരണനിയമത്തിനെതിരെയാണെങ്കിലും ഇപ്പോൾ സാമ്പത്തിക പ്രതിസന്ധിയും തൊഴിലില്ലായ്മയും വിലക്കയറ്റവുമെല്ലാം മുദ്രാവാക്യങ്ങളായി മാറിയിട്ടുണ്ട്. സർക്കാർ വിരുദ്ധ പ്രക്ഷോഭത്തിൽ ഇതുവരെ 300ലധികം പേരാണ് കൊല്ലപ്പെട്ടത്. അതേസമയം രാജ്യത്ത് സൈന്യത്തിന്റെ നേതൃത്വത്തിൽ ഇടക്കാല സർക്കാർ രൂപീകരിക്കുമെന്ന് ചീഫ് ഓഫ് ആർമി സ്റ്റാഫ് ജനറൽ വക്കറുസ്സമാൻ പറഞ്ഞിരുന്നു. സൈന്യത്തിൽ വിശ്വാസമർപ്പിക്കാൻ അദ്ദേഹം ജനങ്ങളോട് അദ്ദേഹം അഭ്യർഥിക്കുകയും രാജ്യത്ത് സമാധാനം തിരികെ കൊണ്ടുവരുമെന്നും സൈനിക മേധാവി ഉറപ്പുനൽകിയിരുന്നു.
പ്രസിഡന്റിന്റെ ഉത്തരവിനെത്തുടർന്ന് ബംഗ്ലാദേശ് നാഷണലിസ്റ്റ് പാർട്ടി നേതാവ് ബീഗം ഖാലിദ സിയയെ ജയിലിൽ നിന്ന് മോചിപ്പിച്ചതായും റിപ്പോർട്ടുകളുണ്ട്.
കലാപത്തിന്റെ പശ്ചാത്തലത്തിൽ ബംഗ്ലാദേശ് അതിർത്തിയിൽ ഇന്ത്യ ജാഗ്രതാ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. എയര്‍ ഇന്ത്യ ധാക്കയിലേക്കുള്ള എല്ലാ സര്‍വീസുകളും നിര്‍ത്തിവെച്ചു.