രാജ്യം വിട്ടതിന് പിന്നാലെ പ്രധാനമന്ത്രിയുടെ വസതി അടിച്ചുതകര്‍ത്ത് പ്രക്ഷോഭകർ; തെരുവുകളില്‍ ആഹ്ളാദ പ്രകടനം

ശൈഖ് ഹസീനയുടെ പിതാവും മുൻ പ്രസിഡന്റുമായ ശൈഖ് മുജീബുർ റഹ്മാന്‍റെ പ്രതിമയും പ്രക്ഷോഭകര്‍ അടിച്ചുതകർത്തു

Update: 2024-08-05 11:52 GMT
Editor : Lissy P | By : Web Desk
Advertising

ധാക്ക: ബംഗ്ലാദേശ് പ്രധാനമന്ത്രി ശൈഖ് ഹസീന  രാജിവെച്ച് രാജ്യം വിട്ടുവെന്ന റിപ്പോർട്ടുകൾ പുറത്തുവന്നതിന് പിന്നാലെ പ്രധാനമന്ത്രിയുടെ കൊട്ടാരം അടിച്ചുതകർത്ത് പ്രക്ഷോഭകർ. കർഫ്യൂ ലംഘിച്ച് തലസ്ഥാനമായ ധാക്കയിലെ പ്രധാനമന്ത്രിയുടെ വസതിയിലേക്ക് ആയിരക്കണക്കിന് പ്രക്ഷോഭകർ ഇരച്ചുകയറുകയായിരുന്നു. ഇതിന് പുറമെ  രാഷ്ട്രപിതാവും ഹസീനയുടെ പിതാവും മുൻ ബംഗ്ലാദേശ് പ്രസിഡന്റുമായ ശൈഖ്  മുജീബുർ റഹ്മാൻ പ്രതിമയും ജനക്കൂട്ടം തകർത്തു. ഇതിന്റെ വീഡിയോയും പുറത്ത് വന്നു.

രാജി വെച്ചതിന് പിന്നാലെ ധാക്കയുടെ തെരുവുകളിൽ പ്രക്ഷോഭകർ പതാകകൾ വീശി ആഹ്ലാദപ്രകടനം നടത്തി. ഹസീന രാജ്യം വിട്ടതിന് പിന്നാലെ ധാക്കയിൽ കവചിത വാഹനങ്ങളുമായി സൈനികരും പൊലീസും ഹസീനയുടെ ഓഫീസിലേക്കുള്ള വഴികൾ മുള്ളുവേലി ഉപയോഗിച്ച് തടഞ്ഞിരുന്നു.എന്നാൽ ജനക്കൂട്ടം അതെല്ലാം തകർത്ത് മുന്നേറുകയായിരുന്നുവെന്നും 400,000 പ്രതിഷേധക്കാർ തെരുവിലുണ്ടെന്നും പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.

സഹോദരിക്കൊപ്പം സൈനിക ഹെലികോപ്ടറിൽ രാജ്യം വിട്ട ഹസീന ഇന്ത്യയിലെത്തിയെന്നും ഇവിടെനിന്ന് ലണ്ടനിലേക്ക് കടക്കുമെന്നും മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.  രാജ്യത്ത് സൈന്യത്തിന്റെ നേതൃത്വത്തിൽ ഇടക്കാല സർക്കാർ രൂപീകരിക്കുമെന്ന് ചീഫ് ഓഫ് ആർമി സ്റ്റാഫ് ജനറൽ വക്കറുസ്സമാൻ പറഞ്ഞു. വിവിധ രാഷ്ട്രീയ പാർട്ടി നേതാക്കളുമായി കൂടിക്കാഴ്ച നടത്തിശേഷം രാജ്യത്തെ അഭിസംബോധന ചെയ്യുകയായിരുന്നു അദ്ദേഹം. സൈന്യത്തിൽ വിശ്വാസമർപ്പിക്കാൻ അദ്ദേഹം ജനങ്ങളോട് അഭ്യർഥിച്ചു. രാജ്യത്ത് സമാധാനം തിരി​കെ കൊണ്ടുവരുമെന്നും സൈനിക മേധാവി ഉറപ്പുനൽകി.

1971ലെ ബംഗ്ലാദേശ് സ്വാതന്ത്ര്യ സമരത്തിൽ പ​ങ്കെടുത്ത വിമുക്ത ഭടൻമാരുടെ ബന്ധുക്കൾക്ക് സർക്കാർ ജോലിയിൽ 30 ശതമാനം ​സംവരണം ചെയ്ത വിവാദ ഉത്തരവിനെതിരെയാണ് ജനം പ്രതിഷേധവുമായി തെരുവുവിലിറങ്ങിയത്. സർക്കാർ വിരുദ്ധ പ്ര​​​ക്ഷോഭത്തിൽ ഇതുവരെ 300ലധികം പേരാണ് കൊല്ലപ്പെട്ടത്. കലാപത്തിന്റെ പശ്ചാത്തലത്തിൽ ബംഗ്ലാദേശ് അതിർത്തിയിൽ ഇന്ത്യ ജാഗ്രതാ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.


Tags:    

Writer - Lissy P

Web Journalist, MediaOne

Editor - Lissy P

Web Journalist, MediaOne

By - Web Desk

contributor

Similar News