''നീതിയെ പരിഹസിക്കുന്നു''; ബിൽക്കീസ് ബാനു ബലാത്സംഗക്കേസ്: പ്രതികളെ വിട്ടയച്ചതിൽ രൂക്ഷവിമർശനവുമായി യു.എസ് മതസ്വാതന്ത്ര്യ കമ്മീഷൻ

പ്രതികളെ വിട്ടയച്ച നടപടി നീതീകരിക്കാനാകില്ലെന്ന് കമ്മിഷൻ വൈസ് ചെയർപേഴ്‌സൺ എബ്രഹാം കൂപ്പർ

Update: 2022-08-20 14:26 GMT
Editor : Shaheer | By : Web Desk
Advertising

വാഷിങ്ടൺ: ബിൽക്കീസ് ബാനു കൂട്ടബലാത്സംഗക്കേസിൽ പ്രതികളെ വെറുതെവിട്ട സംഭവത്തിൽ രൂക്ഷവിമർശനവുമായി യു.എസ് അന്താരാഷ്ട്ര മതസ്വാതന്ത്ര്യ കമ്മിഷൻ. യു.എസ് കമ്മിഷൻ ഓൺ ഇന്റർനാഷനൽ റിലീജ്യസ് ഫ്രീഡം(യു.എസ്.സി.ഐ.ആർ.എഫ്) ആണ് ഗുജറാത്ത് സർക്കാരിന്റെ നടപടിയെ വിമർശിച്ചത്. പ്രതികളെ വിട്ടയച്ചത് നീതീകരിക്കാനാകാത്ത നടപടിയാണെന്ന് യു.എസ്.സി.ഐ.ആർ.എഫ് വൈസ് ചെയർപേഴ്‌സൺ എബ്രഹാം കൂപ്പർ വാർത്താകുറിപ്പിൽ പ്രതികരിച്ചു.

2002ലെ ഗുജറാത്ത് കലാപക്കാലത്ത് ഗർഭിണിയായ മുസ്‌ലിം വനിതയെ ബലാത്സംഗം ചെയ്യുകയും മുസ്‌ലിംകളെ കൊലചെയ്യുകയും ചെയ്ത കുറ്റത്തിന് ജീവപര്യന്തം തടവുശിക്ഷ 11 പേരെ മോചിപ്പിച്ച നീതീകരിക്കാനാകാത്തതും അതിവേഗത്തിലുമുള്ള നടപടിയെ യു.എസ്.സി.ഐ.ആർ.എഫ് ശക്തമായി അപലപിക്കുന്നുവെന്ന് വാർത്താകുറിപ്പിൽ പറഞ്ഞു. 2002ലെ ഗുജറാത്ത് കലാപത്തിനിടയിൽ ശാരീരികവും ലൈംഗികവുമായ അതിക്രമങ്ങൾ നടത്തിയവർക്ക് ശിക്ഷ നൽകുന്നതിലുണ്ടായ വീഴ്ച നീതിയെ പരിഹസിക്കലാണെന്ന് യു.എസ്.സി.ഐ.ആർ.എഫ് കമ്മിഷണർ സ്റ്റീഫൻ ഷെങ്ക് കുറ്റപ്പെടുത്തി. മതന്യൂനപക്ഷങ്ങൾക്കെതിരായ അതിക്രമങ്ങളിൽ ഭാഗമായവർക്ക് ശിക്ഷയിൽനിന്ന് ഇളവ് നൽകുന്ന പ്രവണതയുടെ ഭാഗമാണിതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

കഴിഞ്ഞ സ്വാതന്ത്ര്യദിനത്തിലാണ് ബിൽക്കീസ് ബാനു കൂട്ടബലാത്സംഗക്കേസ് പ്രതികളായ 11 പേരെ ഗുജറാത്ത് സർക്കാർ വിട്ടയച്ചത്. ഗുജറാത്ത് കലാപത്തിനിടെ 2002 മാർച്ച് മൂന്നിനായിരുന്നു ബിൽക്കീസ് ബാനുവിനെതിരെ കലാപകാരികളുടെ ക്രൂരമായ ആക്രമണമുണ്ടായത്. അഞ്ച് മാസം ഗർഭിണിയായിരുന്ന ബിൽക്കീസിനെ അക്രമികൾ ക്രൂരമായി ബലാത്സംഗം ചെയ്തു. മൂന്ന് വയസുകാരിയായ മകളടക്കം കുടുംബത്തിലെ ഏഴ് സ്ത്രീകളെ അക്രമികൾ കൊലപ്പെടുത്തുകയും ചെയ്തു.

ബിൽക്കീസ് ബാനു നടത്തിയ വർഷങ്ങൾ നീണ്ട നിയമപോരാട്ടത്തിനൊടുവിലാണ് 2008 ജനുവരി 21ന് മുംബൈയിലെ സി.ബി.ഐ കോടതി 11 പേരെ കേസിൽ ജീവപര്യന്തം തടവിന് ശിക്ഷിച്ചത്. ബിൽക്കീസിന് 50 ലക്ഷം രൂപ നഷ്ടപരിഹാരവും സർക്കാർ ജോലിയും വീടും നൽകാൻ സുപ്രിംകോടതി സംസ്ഥാന സർക്കാരിനോട് ഉത്തരവിടുകയും ചെയ്തിരുന്നു.

എന്നാൽ, 15 വർഷത്തെ ജയിൽവാസത്തിനുശേഷം പ്രതികളിലൊരാൾ ജയിൽമോചനം ആവശ്യപ്പെട്ട് സുപ്രിംകോടതിയെ സമീപിച്ചു. തുടർന്ന് ശിക്ഷാ ഇളവ് സംബന്ധിച്ച വിഷയം പരിശോധിക്കാൻ ഗുജറാത്ത് സർക്കാരിനോട് സുപ്രിംകോടതി നിർദേശിച്ചു. സർക്കാർ ഇതിനായി ഒരു കമ്മിറ്റി രൂപീകരിക്കുകയും 11 പ്രതികളെയും വിട്ടയക്കാൻ ഈ കമ്മിറ്റി ഏകകണ്ഠമായി ശിപാർശ ചെയ്യുകയുമുണ്ടായി. ഈ ശിപാർശ അംഗീകരിച്ചാണ് ഗുജറാത്ത് സർക്കാർ മുഴുവൻ പ്രതികളെയും വിട്ടയയ്ക്കാൻ ഉത്തരവിറക്കിയത്.

Summary: The United States Commission on International Religious Freedom(USCIRF) strongly condemned the "unjustified" release of 11 men who had been convicted of raping Bilkis Bano during the 2002 Gujarat riots

Tags:    

Writer - Shaheer

contributor

Editor - Shaheer

contributor

By - Web Desk

contributor

Similar News