സൂം കോളിലൂടെ 900 ജീവനക്കാരെ പിരിച്ചുവിട്ടതില്‍ മാപ്പു ചോദിച്ച് ബെറ്റര്‍.കോം സി.ഇ.ഒ
കമ്പനിയിൽ നിലവിൽ ജോലി ചെയ്യുന്ന ജീവനക്കാർക്ക് അയച്ച മെയിലിലാണ് അദ്ദേഹം ക്ഷമാപണം നടത്തിയത്
ഒറ്റ സൂം കോളിലൂടെ 900 ജീവനക്കാരെ പിരിച്ചുവിട്ട നടപടിയില്‍ മാപ്പു ചോദിച്ച് ബെറ്റർ.കോം സി.ഇ.ഒ വിശാൽ ഗാർഗ്. പിരിച്ചുവിടൽ തീരുമാനം ജീവനക്കാരെ അറിയിക്കുന്നതിലും വിഷയം കൈകാര്യം ചെയ്തതിലും തനിക്ക് പാളിച്ച പറ്റിയതായി വിശാൽ തുറന്നു സമ്മതിച്ചു. കമ്പനിയിൽ നിലവിൽ ജോലി ചെയ്യുന്ന ജീവനക്കാർക്ക് അയച്ച മെയിലിലാണ് അദ്ദേഹം ക്ഷമാപണം നടത്തിയത്. പിരിച്ചുവിടുന്ന വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായതിനെ തുടർന്ന് ഗാർഗ് കടുത്ത വിമർശനം ഏറ്റുവാങ്ങിയിരുന്നു. ''വിഷയവുമായി ബന്ധപ്പെട്ട ആശയവിനിമയം നടത്തിയത് സംഭവത്തെ കൂടുതല്‍ വഷളാക്കിയെന്ന്'' ഗാര്‍ഗ് ഡിസംബര്‍ 7ന് അയച്ച കത്തില്‍ പറയുന്നു.
കഴിഞ്ഞ ബുധനാഴ്ചയാണ് സി.ഇ.ഒ കൂട്ടപ്പിരിച്ചുവിടല്‍ നടത്തിയത് "ഈ കോളിൽ നിങ്ങൾ ഉൾപ്പെട്ടിട്ടുണ്ട് എങ്കിൽ ഇനി പറയാൻ പോകുന്ന കാര്യങ്ങൾ നിങ്ങൾക്ക് ഇഷ്ടപ്പെടില്ല. നിങ്ങളെ പിരിച്ചുവിടുകയാണ്. തീരുമാനം ഉടൻ പ്രാബല്യത്തിൽ വരും"- ഇതായിരുന്നു വിശാൽ ഗാർഗിന്‍റെ വാക്കുകൾ. തൊഴിൽ നഷ്ടപ്പെട്ട ആളുകൾക്ക് ലഭിക്കേണ്ടിയിരുന്ന മര്യാദയും ആദരവും കൊടുക്കുന്നതിൽ താൻ പരാജയപ്പെട്ടെന്ന് ക്ഷമാപണത്തിൽ വിശാൽ തുറന്നുസമ്മതിച്ചു. "അവർ കമ്പനിക്ക് നൽകിയ സംഭാവനകൾ ഞാൻ പരാമർശിച്ചില്ല. ആ തീരുമാനം നടപ്പിൽ വരുത്തുന്നതിൽ ഞാൻ അബദ്ധം കാണിച്ചു. അതിലൂടെ ഞാൻ നിങ്ങളെ നാണം കെടുത്തി. നിങ്ങൾക്ക് നാണക്കേടുണ്ടാക്കിയതിൽ ക്ഷമ ചോദിക്കുന്നു", വിശാൽ പറഞ്ഞു.
ബെറ്റർ.കോം കമ്പനിയുടെ ഒൻപതു ശതമാനം ജീവനക്കാർക്കാണ് ഒറ്റ കോളിലൂടെ ജോലി നഷ്ടമായത്. അമേരിക്കയില്‍ നിന്നും ഇന്ത്യയില്‍ നിന്നുമുള്ള ജീവനക്കാരായിരുന്നു ഭൂരിഭാഗവും. ഉല്‍പാദന ക്ഷമത, ജീവനക്കാരുടെ പ്രകടനം എന്നിവ അടിസ്ഥാനമാക്കിയായിരുന്നു തീരുമാനം. മൂന്നു മിനിറ്റ് ദൈർഘ്യമുള്ള കോളിൽ, ഏറെ വെല്ലുവിളി നിറഞ്ഞ തീരുമാനമാണു കൈക്കൊള്ളുന്നതെന്നു ഗാർഗ് പറഞ്ഞു. ഒരു ജീവനക്കാരൻ സൂം കോൾ റെക്കോർഡ് ചെയ്തു സോഷ്യല്‍മീഡിയയില്‍ പങ്കുവയ്ക്കുകയായിരുന്നു. 2016ലാണ് ന്യൂയോര്‍ക്ക് ആസ്ഥാനമായി ബെറ്റര്‍.കോം പ്രവര്‍ത്തനം ആരംഭിക്കുന്നത്. ഒരേയൊരു ഡിജിറ്റൽ ഹോം ഓണർഷിപ്പ് കമ്പനിയാണ് ബെറ്റർ.കോം എന്നാണ് വിശാലിന്‍റെ അവകാശവാദം.