ഇസ്രായേൽ സൈന്യം പിന്മാറി; സ്‌കൂളിൽ കണ്ടെത്തിയത് പ്ലാസ്റ്റിക് ബാഗിൽ പൊതിഞ്ഞ നിരവധി മൃതദേഹങ്ങൾ
സ്‌കൂളിൽ 30 ഫലസ്തീനികളുടെ മൃതദേഹമാണ് കണ്ടെത്തിയതെന്ന് അൽജസീറ അറബികും പ്രാദേശിക മാധ്യമങ്ങളും റിപ്പോർട്ട് ചെയ്തു
ഇസ്രായേൽ സൈന്യം പിന്മാറിയ ശേഷം സ്‌കൂളിൽ പ്ലാസ്റ്റിക് ബാഗിൽ പൊതിഞ്ഞ നിലയിൽ നിരവധി ഫലസ്തീനികളുടെ മൃതദേഹങ്ങൾ കണ്ടെത്തി. വടക്കൻ ഗസ്സയിലെ സ്‌കൂളിലാണ് ബുധനാഴ്ച നിരവധി ഫലസ്തീനികളുടെ മൃതദേഹം കണ്ടെത്തിയത്. ഹിബ്രു ഭാഷയിലുള്ള എഴുത്തുള്ള പ്ലാസ്റ്റിക് കേബിൾ കൊണ്ട് ബന്ധിച്ച നിലയിലായിരുന്നു മൃതദേഹം വെച്ച ബാഗുകൾ.
ബെത് ലേഹിയയിലെ ഖലീഫ ബിൻ സായിദ് എലമെൻററി സ്‌കൂളിൽ 30 ഫലസ്തീനികളുടെ മൃതദേഹമാണ് കണ്ടെത്തിയതെന്ന് അൽജസീറ അറബികും പ്രാദേശിക മാധ്യമങ്ങളും റിപ്പോർട്ട് ചെയ്തു. ഇസ്രായേലി സൈന്യം പ്രദേശത്ത് നിന്ന് പിന്മാറിയ ശേഷമാണ് മൃതദേഹം കണ്ടെത്തിയത്. കേബിളുകൾ കെട്ടാൻ ഉപയോഗിക്കുന്ന പ്ലാസ്റ്റിക് സിപ് കൊണ്ട് കെട്ടിയ നിലയിലായിരുന്നു മൃതദേഹങ്ങൾ വെച്ച ബാഗുകളുണ്ടായിരുന്നതെന്നും അവശിഷ്ടങ്ങൾക്കിടയിലാണ് അവ കണ്ടെത്തിയതെന്നും റിപ്പോർട്ടിൽ പറഞ്ഞു.
നിരവധി ഫലസ്തീനികൾ അഭയം തേടിയ സ്‌കൂളിൽ വെച്ച് തന്നെ അവർ കൊല്ലപ്പെട്ടതാണോയെന്ന കാര്യത്തിൽ വ്യക്തതയില്ല. കഴിഞ്ഞ വർഷം ഡിസംബറിലാണ് ഇസ്രായേൽ സൈന്യം സ്‌കൂളിൽ ബോംബിടുകയും ഉപരോധിക്കുകയും ചെയ്തത്. 2010 മുതൽ യൂണൈറ്റഡ് നാഷൻസ് റിലീഫ് ആൻഡ് വർക്‌സ് ഏജൻസിയുടെ(യുഎൻആർഡബ്ല്യൂഎ) പിന്തുണയോടെയാണ് സ്‌കൂൾ പ്രവർത്തിച്ചിരുന്നത്. സംഭവത്തിൽ ഇസ്രായേൽ സൈന്യം പ്രതികരിച്ചിട്ടില്ലെന്ന് മിഡിൽഈസ്റ്റ് ഐ റിപ്പോർട്ട് ചെയ്തു. ഗസ്സ മുനമ്പിൽനിന്ന് നൂറിലേറെ ഫലസ്തീനികളുടെ മൃതദേഹം കണ്ടെത്തി കൂട്ടമായി ഖബറടക്കാനായി റഫയിലേക്ക് അയച്ച ശേഷമാണ് പുതിയ സംഭവം.
അതേസമയം, വെടിനിർത്തലുമായി ബന്ധപ്പെട്ട കാര്യങ്ങൾ പഠിച്ചുകൊണ്ടിരിക്കുകയാണെന്ന് ഹമാസ് പൊളിറ്റിക്കൽ ബ്യൂറോ തലവൻ ഇസ്മഈൽ ഹനിയ്യ പറഞ്ഞു. ഒക്‌ടോബർ ഏഴിന് ശേഷം ഗസ്സയിൽ ഇസ്രായേൽ നടത്തുന്ന ആക്രമണങ്ങളിൽ 26,637 ഫലസ്തീനികളാണ് കൊല്ലപ്പെട്ടത്. ഇവരിലേറെയും സ്ത്രീകളും കുട്ടികളുമാണ്.