വീണ്ടും തകരാർ; ക്ഷമാപണവുമായി ഫേസ്ബുക്ക്
ഇന്നലെ കുറച്ച് മണിക്കൂർ നേരത്തേക്ക് ഇൻസ്റ്റഗ്രാമിൽ പുതിയ ഫീഡുകൾ ലഭിക്കാതിരിക്കുകയും ഫേസ്ബുക്ക് മെസഞ്ചറിലൂടെ സന്ദേശങ്ങൾ അയക്കാൻ കഴിയാതെയും വന്നു
ഈയാഴ്ചയില്‍ രണ്ടാമതും പണിമുടക്കി ഫേസ്ബുക്ക്. കഴിഞ്ഞ ദിവസം രണ്ട് മണിക്കൂറോളം ഫേസ്ബുക്കും ഇൻസ്റ്റഗ്രാമും ഉപയോക്താക്കളിൽ ചിലർക്ക് ഉപയോഗിക്കാൻ കഴിഞ്ഞിരുന്നില്ല. ഇതിനുള്ള ക്ഷമാപണവും കമ്പനി അറിയിച്ചിട്ടുണ്ട്. .
''ഇന്നലെയുണ്ടായ തകരാറുകൾക്ക് ഞങ്ങൾ ആത്മാർത്ഥമായി മാപ്പ് പറയുന്നു. തകരാറുകളെല്ലാം പരിഹരിച്ച് ആപ്പുകൾ പൂർവ്വ സ്ഥിതിയിലേക്ക് തിരിച്ചെത്തിയിട്ടുണ്ട്.'' ഫേസ്ബുക്ക് വ്യക്തമാക്കി.
ഇന്നലെ കുറച്ച് മണിക്കൂർ നേരത്തേക്ക് ഇൻസ്റ്റഗ്രാമിൽ പുതിയ ഫീഡുകൾ ലഭിക്കാതിരിക്കുകയും ഫേസ്ബുക്ക് മെസഞ്ചറിലൂടെ സന്ദേശങ്ങൾ അയക്കാൻ കഴിയാതെയും വന്നപ്പോഴാണ് ഫേസ്ബുക്ക് വീണ്ടും പണിമുടക്കിയെന്ന് മനസിലായത്. ഇതോടെ ട്വിറ്ററിൽ ഫേസ്ബുക്കിനെതിരെ ട്രോളുകൾ നിറഞ്ഞു. അതേസമയം ഉപയോക്താക്കളുടെ ക്ഷമയ്ക്ക് നന്ദിയുമായി ഇൻസ്റ്റഗ്രാം ട്വീറ്റ് ചെയ്തു.
തിങ്കളാഴ്ച ആറു മണിക്കൂറോളമാണ് ഫേസ്ബുക്ക്, വാട്‌സ് ആപ്പ്, ഇൻസ്റ്റഗ്രാം എന്നിവയുടെ പ്രവർത്തനം തകരാറിലായത്. ലോകമെമ്പാടുമുള്ള കോടിക്കണക്കിന് ഉപയോക്താക്കൾക്ക് പ്രശ്‌നം നേരിടേണ്ടി വന്നു. പിറ്റേദിവസം രാവിലെയാണ് ആപ്പുകൾ പുന:സ്ഥാപിച്ചത്. ഇതുമൂലം കമ്പനി ഉടമ മാർക്ക് സക്കർ ബർഗിന്റെ ആസ്തിയിൽ വൻ ഇടിവും രേഖപ്പെടുത്തിയിരുന്നു. അതേസമയം റഷ്യ അവരുടെ സ്വന്തം സോഷ്യൽ മീഡിയക്ക് രൂപം നൽകുന്ന തിരക്കിലാണ്.