അച്ഛന്റെ അടി പേടിച്ച് വീട്ടിൽനിന്ന് ഒളിച്ചോടി; എത്തിയത് ബംഗ്ലാദേശ് അതിർത്തിയും കടന്ന് ഇന്ത്യയിൽ

മൂന്നു കി.മീറ്ററോളം കാൽനടയായി എത്തിയാണ് പെൺകുട്ടി ഇന്ത്യ- ബംഗ്ലാദേശ് അതിർത്തിയിൽ വേലിയില്ലാത്ത ഭാഗത്തുകൂടെ കടന്ന് ബംഗാളിലെത്തിയത്

Update: 2022-02-19 11:22 GMT
Editor : Shaheer | By : Web Desk
Advertising

അച്ഛന്റെ അടി പേടിച്ച് ബംഗ്ലാദേശിൽനിന്ന് ഇന്ത്യയിലേക്ക് ഒളിച്ചോടി 15കാരി. രാജ്യാന്തര അതിർത്തി ചാടിക്കടന്ന് ഇന്ത്യയിലെത്തിയ പെൺകുട്ടിയെ അതിർത്തി രക്ഷാസേന(ബി.എസ്.എഫ്) പൊലീസിനെ ഏൽപിച്ചു.

ബംഗാളിലെ നോർത്ത് 24 പർഗാനാസിനോട് ചേർന്നുള്ള ബംഗ്ലാദേശ് അതിർത്തി ജില്ലയായ ജെനൈദ സ്വദേശിയാണ് 15കാരി. രാജ്യാന്തര അതിർത്തിയിൽനിന്ന് മൂന്ന് കി.മീറ്റർ മാത്രം അകലെയുള്ള ബൻസ്‌ബേരിയയിലാണ് കുട്ടിയുടെ വീട്. കഴിഞ്ഞ ദിവസം ഉച്ചയ്ക്കാണ് വീട്ടിൽനിന്ന് ഒളിച്ചോടി കുട്ടി അതിർത്തികടന്ന് ബംഗാളിലെത്തിയത്.

മൂന്നു കി.മീറ്ററോളം കാൽനടയായാണ് പെൺകുട്ടി അതിർത്തിയിലെത്തിയത്. അതിർത്തിയിൽ വേലികെട്ടാത്ത ഒരു ഭാഗത്തുകൂടെ ബംഗാളിലേക്ക് രക്ഷപ്പെടുന്നതിനിടെയാണ് ബി.എസ്.എഫിന്റെ ശ്രദ്ധയിൽപെടുന്നത്. തുടർന്ന് കുട്ടിയെ പിടികൂടി അന്വേഷിച്ചപ്പോഴാണ് പിതാവ് അകാരണമായി മർദിക്കുന്ന കാര്യം വെളിപ്പെടുത്തിയത്. വീട്ടിലേക്ക് പോകാൻ താൽപര്യമില്ലെന്ന് അറിയിച്ച കുട്ടിയെ തദ്ദേശ പൊലീസിനെ ഏൽപിച്ചു. കുട്ടിക്കടത്തിനെതിരെയും ബാലപീഡനത്തിനെതിരെയും പ്രവർത്തിക്കുന്ന എൻ.ജി.ഒയായ ചൈൽഡ്‌ലൈൻ ഇന്ത്യ ഫൗണ്ടേഷന് പൊലീസ് കുട്ടിയെ കൈമാറി.

ബംഗാദേശ് അതിർത്തി സുരക്ഷാസേനയെയും ബംഗ്ലാദേശ് ശിശുക്ഷേമ സമിതിയെയും വിവരം അറിയച്ചതായി സേനാവൃത്തങ്ങൾ പറഞ്ഞു. അതിർത്തി കടക്കുമ്പോൾ കൈയിൽ പണമോ ബാഗോ ഒന്നും കുട്ടിയുടെ കൈയിലുണ്ടായിരുന്നില്ലെന്ന് ബി.എസ്.എഫ് ബംഗാൾ ഫ്രോണ്ടിയർ ഡി.ഐ.ജി എസ്.എസ് ഗുലേരിയ പറഞ്ഞു. അച്ഛൻ സ്ഥിരമായി അടിക്കാറുണ്ടെന്നും വീട്ടിലേക്ക് തിരിച്ചുപോകാൻ പേടിയാണെന്നും കുട്ടി വെളിപ്പെടുത്തിയെന്നും അദ്ദേഹം സൂചിപ്പിച്ചു.

Tags:    

Writer - Shaheer

contributor

Editor - Shaheer

contributor

By - Web Desk

contributor

Similar News