ദോക്‍ലാമിന്റെ സമീപഗ്രാമങ്ങളിലും ചൈനയുടെ നിർമാണപ്രവൃത്തികൾ; ഭൂട്ടാൻ അതിർത്തിയിലും പ്രകോപനം

2017ൽ ഇന്ത്യ-ചൈന സൈന്യങ്ങൾ തമ്മിൽ ഏറ്റുമുട്ടലുണ്ടായ ദോക്‌ലാമിൽനിന്ന് ഏതാനും കിലോമീറ്റർ മാത്രം അകലെയാണ് പുതിയ ചൈനീസ് നിർമാണങ്ങൾ നടക്കുന്നതെന്ന് അന്താരാഷ്ട്ര വാർത്താ ഏജൻസിയായ റോയിട്ടേഴ്‌സ് റിപ്പോർട്ട് ചെയ്തു

Update: 2022-01-13 10:11 GMT
Editor : Shaheer | By : Web Desk
Advertising

ഭൂട്ടാൻ അതിർത്തിയിലും നിർമാണപ്രവൃത്തികളുമായി ചൈന. ഇന്ത്യക്കെതിരെ പ്രകോപനം ശക്തമാക്കി അരുണാചൽ, ലഡാക്ക് അതിർത്തികളിൽ കൈയേറ്റവും നിർമാണപ്രവൃത്തികളും പുരോഗമിക്കുന്നതിനിടെയാണ് ഭൂട്ടാൽ അതിർത്തിയിലുമുള്ള ചൈനയുടെ നീക്കം. നേരത്തെ ഇന്ത്യൻ-ചൈനീസ് സൈന്യങ്ങൾ തമ്മിൽ ഏറ്റുമുട്ടലുണ്ടായ ദോക്‌ലാമിൽനിന്ന് ഏതാനും കിലോമീറ്റർ അകലെയാണ് പുതിയ നിർമാണങ്ങൾ നടക്കുന്നതെന്ന് അന്താരാഷ്ട്ര വാർത്താ ഏജൻസിയായ റോയിട്ടേഴ്‌സ് റിപ്പോർട്ട് ചെയ്തു. ഇക്കാര്യം സ്ഥിരീകരിക്കുന്ന സാറ്റലൈറ്റ് ചിത്രങ്ങൾ പുറത്തുവന്നിട്ടുണ്ട്.

ഭൂട്ടാനുമായി നേരത്തെ തർക്കം നിലനിൽക്കുന്ന അതിർത്തിമേഖലയിലാണ് നിർമാണ പ്രവൃത്തികൾ നടക്കുന്നത്. ഇവിടെ രണ്ടുനില കെട്ടിടങ്ങൾ അടക്കം 200ലേറെ കെട്ടിടങ്ങളുടെ നിർമാണം പുരോഗമിക്കുകയാണ്. യുഎസ് ഡാറ്റ വിശകലന കമ്പനിയായ 'ഹോക്ക്‌ഐ' 360 ആണ് സാറ്റലൈറ്റ് ചിത്രങ്ങൾ പുറത്തുവിട്ടത്. 2020 മുതൽ തന്നെ ഇവിടെ നിർമാണപ്രവൃത്തികൾ നടക്കുന്നുണ്ടെന്നാണ് വിവരം. കഴിഞ്ഞ വർഷം ഇതിന്റെ വേഗം കൂടുകയും ചെയ്തിട്ടുണ്ട്.

തദ്ദേശീയരുടെ ജീവിത, തൊഴിൽ സാഹചര്യങ്ങൾ മെച്ചപ്പെടുത്താനുള്ള നിർമാണപ്രവൃത്തികൾ മാത്രമാണ് മേഖലയിൽ നടക്കുന്നതെന്നാണ് ചൈനീസ് വിദേശകാര്യ മന്ത്രാലയം പ്രതികരിച്ചത്. എന്നാൽ, വിഷയത്തിൽ പ്രതികരിക്കാൻ ഭൂട്ടാൻ വിസമ്മതിച്ചു. അതിർത്തി വിഷയങ്ങളെക്കുറിച്ച് പൊതുമധ്യത്തിൽ സംസാരിക്കാതിരിക്കൽ തങ്ങളുടെ നയമാണെന്ന് ഭൂട്ടാൻ വിദേശകാര്യ മന്ത്രാലയം പ്രതികരിച്ചു. കൂടുതൽ വിശദാംശങ്ങൾ നൽകാൻ താൽപര്യമില്ലെന്നും മന്ത്രാലയം അറിയിച്ചിട്ടുണ്ട്.

ചൈനയുടെ അവകാശവാദത്തിനപ്പുറം കൂടുതൽ തന്ത്രപരമായ പ്രാധാന്യമുള്ളതാണ് ഇപ്പോൾ നടക്കുന്ന നിർമാണപ്രവൃത്തികളെന്നാണ് രാഷ്ട്രീയ വിദഗ്ധർ വിലയിരുത്തുന്നത്. ദോക്‌ലാമിൽനിന്ന് ഒൻപതു മുതൽ 27 വരെ കി.മീറ്റർ ദൂരത്താണ് നിർമാണം നടക്കുന്ന ഗ്രാമങ്ങൾ സ്ഥിതി ചെയ്യുന്നതെന്ന് ഇവർ പറയുന്നു. 2017ൽ ഇന്ത്യ-ചൈന സൈന്യങ്ങൾ തമ്മിൽ രണ്ടു മാസത്തോളം നീണ്ട സംഘർഷ നടന്ന പ്രദേശമാണ് ദോക്‌ലാം. ഭൂട്ടാനിലെ നിർമാണപ്രവൃത്തികളെക്കുറിച്ച് പ്രതികരിക്കാൻ ഇന്ത്യയും തയാറായിട്ടില്ല.

Summary: Chinese constructions continue in the neighboring villages of Doklam, along disputed Bhutan border, satellite images show.

Tags:    

Writer - Shaheer

contributor

Editor - Shaheer

contributor

By - Web Desk

contributor

Similar News