'ടീച്ചർക്ക് പാശ്ചാത്യ സംസ്‌കാരത്തോട് ആരാധന': ചൈനയിൽ വിദ്യാർഥിയുടെ പരാതിയിൽ പ്രൊഫസർ പുറത്ത്
ജോലിയിൽ നിന്ന് സസ്‌പെൻഡ് ചെയ്തത് കൂടാതെ അധ്യാപകനോട് കാരണം കാണിക്കൽ നോട്ടീസ് നൽകാനും യൂണിവേഴ്‌സിറ്റി ആവശ്യപ്പെട്ടിട്ടുണ്ട്
ബെയ്ജിങ്: അധ്യാപകന് പാശ്ചാത്യ സംസ്‌കാരത്തോട് ആരാധനയാണെന്ന വിദ്യാർഥിയുടെ പരാതിയിൽ ചൈനയിൽ കോളജ് പ്രൊഫസർ പുറത്തായി. ഹെഫെയ് നോർമൽ യൂണിവേഴ്‌സിറ്റിയിലെ അസോസിയേറ്റ് പ്രൊഫസർ ഓഫ് എജ്യൂക്കേഷൻ ചെൻ ഹോങ്യൂവിനെ ആണ് വിദ്യാർഥിയുടെ പരാതിയിൽ സസ്‌പെൻഡ് ചെയ്തത്.
ഷാങ്ഹായ്ക്ക് സമീപം അൻഹുയ് പ്രവിശ്യയിലുള്ള ലൂജിയാങ് മിഡിൽ സ്‌കൂളിലെ വിദ്യാർഥിയാണ് പരാതിക്കാരൻ. സ്‌കൂളിൽ പ്രസംഗിക്കുന്നതിനിടെ ചെൻ നടത്തിയ ചില പരാമർശങ്ങളാണ് കുട്ടിയെ 'ചൊടിപ്പിച്ചത്'. ചെൻ പ്രസംഗിക്കുന്നതിനിടെ കുട്ടി സ്റ്റേജിൽ കയറി മൈക്ക് പിടിച്ചു വാങ്ങി, "നാം പഠിക്കുന്നത് ചൈനയുടെ മഹത്തായ പുനരുജ്ജീവനത്തിനാവണമെന്നും ചെന്നിന്റെ കണ്ണുകളിൽ പണം മാത്രമാണുള്ളതെന്നും അദ്ദേഹത്തിന് പാശ്ചാത്യ രാജ്യങ്ങളോടും സംസ്‌കാരത്തോടും ആരാധനയാണെന്നും" പറയുന്നതായി സമൂഹ മാധ്യമങ്ങളിൽ പ്രചരിക്കുന്ന വീഡിയോയിൽ കാണാം. അമേരിക്കക്കാരുമായി സങ്കരണം ചെയ്യരുതെന്ന ചൈനീസ് പ്രസിഡന്റ് ഷീ ജിൻപിങ്ങിന്റെ പ്രശസ്തമായ വരികളും കുട്ടി ഉറക്കെ പറയുന്നുണ്ട്.
എന്താണ് പ്രസംഗിച്ചതെന്ന് വ്യക്തമല്ലെങ്കിലും കുട്ടികളെ പ്രോത്സാഹിപ്പിക്കുക മാത്രമായിരുന്നു തന്റെ ലക്ഷ്യമെന്ന് ദി പേപ്പർ എന്ന ചൈനീസ് മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ ചെൻ വ്യക്തമാക്കുന്നു. സ്വന്തം കഴിവുകൾ ബലപ്പെടുത്തി രാജ്യങ്ങളുടെ അതിർ വരമ്പുകൾ ലംഘിച്ച് മുന്നേറണമെന്നാണ് താൻ പറഞ്ഞതെന്നാണ് അദ്ദേഹം പറയുന്നത്. മുപ്പത് വർഷത്തിലേറെ അനുഭവസമ്പത്തുള്ള അധ്യാപകനായത് കൊണ്ടു തന്നെ തന്റെ വാക്കുകൾ വളച്ചൊടിക്കപ്പെട്ടതിൽ കുറ്റബോധമുണ്ടെന്നും ചെൻ കൂട്ടിച്ചേർക്കുന്നു.
ജോലിയിൽ നിന്ന് സസ്‌പെൻഡ് ചെയ്തത് കൂടാതെ ചെന്നിനോട് കാരണം കാണിക്കൽ നോട്ടീസ് നൽകാനും യൂണിവേഴ്‌സിറ്റി ആവശ്യപ്പെട്ടിട്ടുണ്ട്. സംഭവത്തോട് യൂണിവേഴ്‌സിറ്റി ഇതുവരെ ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ലെങ്കിലും വെബ്‌സൈറ്റിൽ നിന്ന് ചെന്നിന്റെ വിവരങ്ങളെല്ലാം അധികൃതർ നീക്കം ചെയ്തതായി ടൈംസ് ഓഫ് ഇന്ത്യ റിപ്പോർട്ട് ചെയ്തു.