ചെലവ് ചുരുക്കൽ: കുഞ്ഞിന്റെ ഭക്ഷണത്തിൽ ചീവീടിനെ ഉൾപ്പെടുത്തി അമ്മ
''ഞാൻ എല്ലായ്പ്പോഴും എന്തും പരീക്ഷിക്കുന്ന ആളാണ്. പ്രാണികളെ അടക്കം ഭക്ഷിക്കാൻ ഇഷ്ടപ്പെടുന്നു''
ചെലവ് ചുരുക്കുന്നതിന്റെ ഭാഗമായി കാനഡയിലെ ഒരമ്മ കുഞ്ഞിന്റെ ഭക്ഷണക്രമത്തിൽ ഞെട്ടിക്കുന്ന മാറ്റങ്ങൾ വരുത്തിയിരിക്കുകയാണ്. 18 മാസം മാത്രം പ്രായമുള്ള കുഞ്ഞിന്റെ ഭക്ഷണത്തിൽ ചീവിടിനെ ഉൾപ്പെടുത്തിയിട്ടുണ്ടെന്ന് എഴുത്തുകാരിയായ ടിഫാനി ലീ പറഞ്ഞു. പോഷകാഹാര ആവശ്യങ്ങൾ നിറവേറ്റുന്നതിനാണ് ചീവിടിനെ കുഞ്ഞിന്റെ ഭക്ഷണക്രമത്തിൽ ഉൾപ്പെടുത്തിയതെന്നും അവർ വ്യക്തമാക്കി.
സാമ്പത്തിക മാന്ദ്യം മൂലം ലോകത്തിന്റെ പല ഭാഗങ്ങളിലും ജീവിതച്ചെലവ് വർധിച്ചുകൊണ്ടിരിക്കുകയാണ്. പലരും ജീവിതച്ചെലവ് ചുരുക്കിയാണ് മുന്നോട്ട്‌പോകുന്നത്. ടിഫാനി ലീയുടെ തീരുമാനം എല്ലാവരെയും ഞെട്ടിച്ചിരിക്കുകയാണ്. 'ഞാൻ എല്ലായ്പ്പോഴും എന്തും പരീക്ഷിക്കുന്ന ആളാണ്. പ്രാണികളെ അടക്കം ഭക്ഷിക്കാൻ ഇഷ്ടപ്പെടുന്നു. ചീവിടിനെയും തേളിനെയും ഞാൻ ഒരുപോലെ ആസ്വദിച്ചിട്ടുണ്ട്. ഉറുമ്പുകളെ ചില പ്രാദേശിക വിഭവങ്ങൾക്കൊപ്പം ഉൾപ്പെടുത്തുന്നത് പോലും എനിക്ക് ഇഷ്ടമാണ്''- ടിഫാനി ലീ പറഞ്ഞു.
ഭക്ഷണച്ചെലവ് ആഴ്ചയിൽ 250 ഡോളർ മുതൽ 300 ഡോളർ വരെ വർധിച്ചു. ചെലവ് ചുരുക്കലിന്റെ ഭാഗമായി ക്രിക്കറ്റ് പഫ് സ്‌നാക്ക്‌സ്, ക്രിക്കറ്റ് പ്രോട്ടീൻ പൗഡർ, ഹോൾ റോസ്റ്റഡ് ക്രിക്കറ്റുകൾ എന്നിവ എന്റോമോ ഫാമിൽ നിന്ന് വാങ്ങാൻ തീരുമാനിച്ചു. ഗോമാംസം, ചിക്കൻ, പന്നിയിറച്ചി തുടങ്ങിയവയ്‌ക്കെല്ലാം വില വർധിച്ചു. പ്രാണികളെ ഭക്ഷിക്കാൻ തുടങ്ങിയതോടെ തന്റെ ബിൽ ആഴ്ചയിൽ 150 ഡോളർ മുതൽ 200 ഡോളർ വരെ കുറയ്ക്കാൻ സാധിച്ചെന്നും ടിഫാനി ലീ പറഞ്ഞു.